| Thursday, 26th September 2024, 8:56 am

ആ ഇന്ത്യന്‍ താരത്തിനെതിരെ ബൗള്‍ ചെയ്യാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു; തുറന്ന് പറഞ്ഞ് ജോഷ് ഹേസല്‍വുഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 26 മുതലാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്.

മുമ്പ് ഇന്ത്യയുമായുള്ള മത്സരത്തില്‍ രോഹിത് ചെറിയ റണ്‍സിന് പുറത്തായി, പിന്നീട് ന്യൂ ബോളില്‍ മികച്ച രീതിയില്‍ കളിച്ച രോഹിത്തിന്റെ കഴിവിനെ പ്രശംസിക്കുകയായിരുന്നു വുഡ്.

‘കഴിഞ്ഞ തവണ ഇന്ത്യ പുറത്തായപ്പോള്‍ ഓപ്പണിങ്ങില്‍ അവന്‍ അഞ്ചോ ആറോ റണ്‍സ് മാത്രം സ്‌കോര്‍ ചെയ്തിരുന്നു. പിന്നീട് അവന്‍ ന്യൂ ബോള്‍ ഒരുപാട് നേരിട്ടു. അവന്‍ അവിശ്വസനീയമായി കളിക്കാന്‍ തുടങ്ങി. വളരെ ക്വിക്ക് ആയിട്ട് കളിക്കുന്നതായി എനിക്ക് തോന്നി. വേഗതയിലുള്ള അവന്റെ ബാറ്റിങ് ഒരു രീതിയിലും അവനെ അലട്ടിയില്ല, അത്രയും സമയം അവന് ലഭിച്ചു. അതിനാല്‍ അവനെതിരെ ബൗള്‍ ചെയ്യാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു,’ഹെയ്‌സല്‍വുഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

വിരാടിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ രോഹിത്തിന് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1101 റണ്‍സ് നേടാനും രോഹിത്തിന് കഴിഞ്ഞു.

കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഓസീസിന്റെ മണ്ണില്‍ വിജയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഹാട്രിക്ക് വിജയം സ്വന്തമാക്കാനുള്ള അവസരവും രോഹിത്തിനും സംഘത്തിനുമുണ്ട്.

എന്നിരുന്നാലും ബംഗ്ലാദേശിനെതിരെ അടുത്തിടെ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സുമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. പക്ഷെ വരാനിരിക്കുന്ന ടെസ്റ്റില്‍ രോഹിത് വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ടീം. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്.

Content Highlight: Josh Hazelwood find it difficult to bowl to Rohit Sharma

We use cookies to give you the best possible experience. Learn more