ബിഗ് ബാഷ് ലീഗില്‍ ചരിത്ര നേട്ടം കുറിച്ച് ജോഷ് ബ്രൗണ്‍. കഴിഞ്ഞ ദിവസം നടന്ന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് മത്സരത്തിലാണ് ബ്രൗണ്‍ വെടിക്കെട്ട് നടത്തി റെക്കോഡുകള്‍ വാരിക്കൂട്ടിയത്.
57 പന്തില്‍ 140 റണ്‍സാണ് താരം നേടിയത്. 12 സിക്‌സറും 10 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ബ്രൗണിന്റെ ഇന്നിങ്‌സ്. 24561 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ബ്രൗണിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഹീറ്റ് 214 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സിന് 106 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ബ്രിസ്‌ബെയ്ന്‍ സ്വന്തമാക്കി. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബ്രൗണ്‍ തന്നെ.
ഈ ഇന്നിങ്‌സിന് പിന്നാലെ പല സൂപ്പര്‍ നേട്ടങ്ങളും ബ്രൗണിനെ തേടിയെത്തിയിരുന്നു. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന നേട്ടമാണ് ജോഷ് സ്വന്തം പേരില്‍ കുറിച്ചത്.
11 സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്ല്‍, സിമ്മണ്‍സ്, ക്രിസ് ലിന്‍ എന്നിവരെ ഒന്നിച്ച് മറികടന്നാണ് ബ്രൗണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിന് പുറമെ ബിഗ് ബാഷ് ലീഗിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടവും ബ്രൗണ്‍ സ്വന്തം പേരില്‍ കുറിച്ചു. 2014ല്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്സിന് വേണ്ടി സിമ്മണ്‍സ് നേടിയ സെഞ്ച്വറിയാണ് ബി.ബി.എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയില്‍ മുന്നിലുള്ളത്.
ഇതിന് പുറമെ ബി.ബി.എല്ലിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന മൂന്നാമത് വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും ബ്രൗണിനെ തേടിയെത്തി. മാക്‌സ്‌വെല്ലും സ്‌റ്റോയ്‌നിസുമാണ് ബ്രൗണിന് മുമ്പിലുള്ളത്.
ബി.ബി.എല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
ഗ്ലെന്‍ മാക്‌സ്‌വെല്‍ – മെല്‍ബണ്‍ സ്റ്റാര്‍സ് – ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് – 154* (64) – 2022
മാര്‍കസ് സ്‌റ്റോയ്‌നിസ് – മെല്‍ബണ്‍ സ്റ്റാര്‍സ് – സിഡ്‌നി സിക്‌സേഴ്‌സ് – 147* (79) – 2020
ജോഷ് ബ്രൗണ്‍ – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് – അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – 140 (57) – 2024
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബ്രിസ്‌ബെയ്ന്‍ ഹീറ്റ്. പത്ത് മത്സരത്തില്‍ ഏഴ് ജയവും ഒരു തോല്‍വിയുമായി 16 പോയിന്റാണ് ബ്രിസ്‌ബെയ്‌നുള്ളത്.
11 പോയിന്റുമായി നാലാമതാണ് സ്‌ട്രൈക്കേഴ്‌സ്.
ജനുവരി 23നാണ് ഹീറ്റിന്റെ അടുത്ത മത്സരം. സിഡ്‌നിയില്‍ നടക്കുന്ന ഫെെനല്‍ മത്സരത്തില്‍ സിഡ്‌നി സ്‌ട്രൈക്കേഴ്‌സാണ് എതിരാളികള്‍.
Content Highlight: Josh Brown created history in BBL