അടിയോടടി, എജ്ജാതി മനുഷ്യൻ; ഗെയ്ൽ വരെ വീണു ഇവന് മുന്നിൽ
Cricket
അടിയോടടി, എജ്ജാതി മനുഷ്യൻ; ഗെയ്ൽ വരെ വീണു ഇവന് മുന്നിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 7:02 pm

ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് തകര്‍പ്പന്‍ ജയം. അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ 54 റണ്‍സിനാണ് ബ്രിസ്‌ബെയ്ന്‍ പരാജയപ്പെടുത്തിയത്.

ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെ ബാറ്റിങ്ങില്‍ ജോഷ് ബ്രൗണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. 57 പന്തില്‍ 140 നേടിക്കൊണ്ടായിരുന്നു ബ്രൗണിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. പത്ത് ഫോറുകളുടെയും 12 സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ബ്രൗണിന്റെ തകര്‍പ്പന്‍ ബാറ്റിങ്. 245.61 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശീയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളാണ് ജോഷ് ബ്രൗണിനെ തേടിയെത്തിയത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന നേട്ടമാണ് ജോഷ് സ്വന്തം പേരിലാക്കി മാറ്റിയത്. 12 സിക്‌സറുകളാണ് ജോഷ് അടിച്ചെടുത്തത്.

ഇതിനുമുമ്പ് 11 സിക്‌സറുകള്‍ നേടിയ ക്രിസ് ഗെയ്ല്‍, സിമ്മന്‍സ്, ക്രിസ് ലിന്‍ എന്നീ താരങ്ങളുടെ പേരിലായിരുന്നു ഈ നേട്ടം ഉണ്ടായിരുന്നത്.

ബിഗ് ബാഷ് ലീഗിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടവും ജോഷ് സ്വന്തം പേരില്‍ കുറിച്ചു. 2014ല്‍ പെര്‍ത്ത് സ്‌കോചേഴ്‌സിന് വേണ്ടി സിമ്മന്‍സ് നേടിയ സെഞ്ച്വറിയാണ് ബി.ബി.എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയില്‍ മുന്നിലുള്ളത്.

നിലവില്‍ ബിഗ് ബാഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്രൗണ്‍. എട്ട് മത്സരങ്ങളില്‍ നിന്നും 313 റണ്‍സാണ് ജോഷ് നേടിയത്. 39.12 ആണ് താരത്തിന്റെ ആവറേജ്.

അതേസമയം ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബ്രിസ്‌ബേയ്ന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് ആണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഡലെയ്ഡ് സ്ട്രൈക്കേഴ്സ് 19.5 ഓവറില്‍ 160 റണ്‍സിന് പുറത്താവുകയായിരുന്നു. സ്ട്രൈക്കേഴ്സ് ബാറ്റിങ് നിരയില്‍ ഹാരി നില്‍സണ്‍ 50 റണ്‍സും തോമസ് കെല്ലി 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ബ്രിസ്‌ബേയ്ന്‍ ബൗളിങ്ങില്‍ നഥാന്‍ മക്‌സ്വീനി, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബ്രിസ്‌ബേയ്ന്‍ 54 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Josh Brown create a new record in Big Bash League.