ഉക്രൈയ്‌നിലെ ഓഡേസയില്‍ കണ്ടെത്തിയ ശവകൂനകള്‍ ജോസഫ് സ്റ്റാലിനെ ഒരിക്കല്‍ കൂടി കേരളത്തില്‍ ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ക്രൂരതയുടെ ചരിത്രം ഓര്‍മ്മിപ്പിക്കാന്‍ ലഭിച്ച അവസരം എന്ന നിലയില്‍ കേരളത്തിലെ കോണ്‍ഗ്രസുകാരുള്‍പ്പെടെയുള്ള എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരും ആഹ്ലാദത്തോടെ, ഓഡേസയില്‍ സംസ്‌ക്കരിക്കപ്പെട്ട അജ്ഞാതരായ ഇരകള്‍ക്ക് വേണ്ടി വേദനിച്ചു.
കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഒഡേസ എന്നത് ഒരു അപവാദമല്ല, അവരുടെ ഭരണകൂടത്തിന്റെ പ്രത്യേകത തന്നെ ഇത്തരത്തിലുള്ള കൂട്ടക്കൊലപാതകങ്ങളാണെന്നും വിമര്‍ശകര്‍ ആവേശത്തോടെ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളും ആര്‍.എസ്.എസ് അനുകൂലികളും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഉപയോഗിക്കാന്‍ കിട്ടിയ ആയുധം വ്യാപകമായി തന്നെ പ്രയോഗിച്ചു. സ്റ്റാലിനെ ആരാധിക്കുന്ന ലോകത്തെ അപൂര്‍വ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ത്യയിലുള്ളതെന്നും അവര്‍ ആക്ഷേപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവേശത്തോടെ, ഒഡേസയില്‍നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രയോഗിച്ചു. സമീപകാല സ്റ്റാലിന്‍ വിമര്‍ശനങ്ങളില്‍നിന്ന് ഇത്തവണത്തെ വ്യത്യസ്തമാക്കിയത് എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ആവേശത്തോടെ സ്റ്റാലിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി എന്നതാണ്. സി.പി.ഐയ്ക്കാര്‍ മുതല്‍ മാവോയിസ്റ്റ് അനുകൂലനിലപാട് എടുക്കുന്നവര്‍ വരെ ഉള്ളവര്‍ സ്റ്റാലിന്‍ വിമര്‍ശനം, സാമ്രാജ്യത്വ അജണ്ടയെന്ന് സ്ഥാപിച്ചെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ മുതല്‍ ലേഖനങ്ങള്‍ വരെ അവതരിപ്പിച്ചു സ്റ്റാലിന് വേണ്ടി ഇക്കാലത്തും ഇത്ര വൈകാരികമായി ന്യായം പറയുന്ന ഒരു നാടുകൂടിയായി ഇതോടെ കേരളം മാറി.
സ്റ്റാലിന് കാലത്തെ ക്രൂരതകളെക്കുറിച്ചുള്ള വിവരണങ്ങള്‍ കമ്മ്യൂണിസത്തിനെതിരായ പ്രചാരണങ്ങളായി അവതരിപ്പിക്കപ്പെട്ട് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതിന് വേഗവും കൂടുതല്‍ സ്വീകാര്യതയും കിട്ടി തുടങ്ങിയത് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമാണെന്ന് മാത്രം. തിരുത്തല്‍വാദം പിടികുടിയ പാര്‍ട്ടി നേതൃത്വം മഹാനായ സ്റ്റാലിനെതിരെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയായിരുന്നുവെന്നതായിരുന്നു പൊതുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യഘട്ടത്തില്‍ ഈ പ്രചാരണങ്ങളോട് സ്വീകരിച്ച സമീപനം.
എന്നാല്‍ സോവിയറ്റ് യൂണിയനും അതിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തകര്‍ന്നതോടെ പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സ്റ്റാലിനോടുള്ള ആദരവില്‍ വലിയ ഇടിവുണ്ടായി. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും അങ്ങനെ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മുതലാളിത്ത പുനഃസ്ഥാപനം എന്നത് മനുഷ്യന്‍ പരിണമിച്ച് കുരങ്ങാവുന്നത് പോലെയാണെന്ന് യുക്തി നിരത്തി നേരിട്ട നേതൃത്വമായിരുന്നു സി.പി.ഐ.എമ്മിന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സ്റ്റാലിനെ തള്ളി പറയാന്‍ സി.പി.ഐ.എമ്മിനെ പോലുള്ള മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും തയ്യാറായുമില്ല.
അതേസമയം സ്റ്റാലിനെകുറിച്ച് ആവേശപ്പെടുന്നത് ബോധപൂര്‍വം സി.പി.ഐ.എം പോലുള്ള പാര്‍ട്ടികള്‍ കുറച്ചുവെന്ന് മാത്രം. അതിന് കാരണം സ്റ്റാലിനെ ഹിറ്റ്‌ലറിനെ പോലുള്ള കൊടും ഫാസിസ്റ്റുകളായി താരതമ്യം ചെയ്തുള്ള സാഹിത്യം പൊതുബോധത്തെ സ്വാധീനിച്ചു കഴിഞ്ഞിരുന്നുവെന്ന് കൊണ്ട് കൂടിയാകാം. സ്റ്റാലിനെക്കുറിച്ച് ആവേശം കൊള്ളുന്നതിന് പകരം, ആദ്യമൊന്നും അംഗീകരിക്കാതിരുന്ന, ചെഗുവേരെയെ പോലുള്ളവര്‍ സി.പി.ഐ.എമ്മിന് വലിയ തോതില്‍ സ്വീകാര്യമായി തുടങ്ങുകയും ചെയ്തു.
ഇടതുപക്ഷ സാഹസികതയുടെ പ്രതീകമായി കണ്ടിരുന്ന ചെഗുവേര പതുക്കെ സി.പി.ഐ.എമ്മിന്റെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രധാന പ്രചാകരിലൊന്നായി അവതരിപ്പിക്കപ്പെട്ടു. പാര്‍ട്ടി നേതാക്കളുടെ കാറിലെ സ്റ്റിക്കറായി പോലും ചെ മരണാനന്തരം പുനരവതരിക്കപ്പെട്ടു. സ്റ്റാലിന്റെ ഓര്‍മ്മകള്‍ക്ക് അത്തരത്തില്‍ വൈകാരികത ഉണര്‍ത്താനുള്ള ശേഷി ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്റ്റാലിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളിലേക്കും അവകാശവാദങ്ങളിലേക്കും ഇടക്കാലത്ത് സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പോയില്ലെന്ന് മാത്രം. അങ്ങനെയായിട്ട് പോലും സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയെന്ന അധിക്ഷേപത്തിന് കുറവുണ്ടായൊന്നുമില്ലെന്നത് വേറെ കാര്യം.
1956ല്‍ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നികിത ക്രൂഷ്‌ചേവ് സ്റ്റാലിനെതിരെ പരസ്യമായി നിലപാടെടുക്കുകയും സമാധാനപരമായ സഹവര്‍തിത്വത്തെക്കുറിച്ച് പറയുകയും ചെയ്തതത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയ സംഭവമായിരുന്നു. ക്രൂഷ്‌ചേവിന്റെ നിലപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്രൂഷ്‌ചേവിന്റെ നിലപാടുകളോട് വിയോജിച്ചു. അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം ക്രൂഷ്‌ചേവിനോട് യോജിക്കാത്തവര്‍ ഏറെയുണ്ടായിരുന്നു ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍.
ഇക്കാര്യത്തില്‍ സി.പി.ഐയിലും ഭിന്നതയുണ്ടായിരുന്നുവെങ്കിലും പൊതുവില്‍ ക്രൂഷ്‌ചേവിന്റെ നിലപാടുകളെ സ്വാഗതം ചെയ്യുകയായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. അക്കാലത്ത് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് സോവിയറ്റ് യൂണിയനിലെ സംഭവ വികാസങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണെന്ന് വിലയിരുത്തി. ക്രൂഷ്‌ചേവിനെ പിന്തുണച്ചു. അപ്പോഴും സ്റ്റാലിനെ തള്ളിയില്ല. അജയ്‌ഘോഷായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. പിളര്‍പ്പിന്റെ കനലുകള്‍ പാര്‍ട്ടിയില്‍ നീറി പുകഞ്ഞകാലം.
എന്തിന് കെ. ദാമോദരനെ പോലുളള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ജൈവ ബുദ്ധിജീവിയായി കണക്കാക്കാവുന്ന ചിന്തകന്‍ പോലും സ്റ്റാലിന്റെ പ്രധാന്യത്തെ അംഗീകരിച്ചുകൊണ്ടാണ് അക്കാലത്ത് ലേഖനങ്ങള്‍ എഴുതിയത്. സ്വാതന്ത്ര്യത്തെക്കാള്‍ പ്രധാനം ഉത്പാദനം വര്‍ധിപ്പിക്കുകയാണ് പ്രധാനമെന്ന സ്റ്റാലിന്റെ നിലപാടു പോലും ഒരു കാലത്ത് കെ ദാമോദരന്‍ തന്റെ ലേഖനത്തില്‍ വിശദമായി തന്നെ ഉദ്ധരിക്കുന്നുണ്ട്.
സ്റ്റാലിനാല്‍ കൊല്ലപ്പെട്ട ട്രോട്‌സികിയുടെ നയങ്ങളെ അപഹസിക്കുന്നുണ്ട്. മുതലാളിമാരെ ആട്ടിയോടിക്കുക, ..ജന്മിമാരെ ആട്ടിയിറക്കുക…അധികാരം പിടിച്ചെടുത്ത് സ്വാതന്ത്ര്യം നേടുക. അതെല്ലാം നല്ലത് തന്നെ. നിര്‍ഭാഗ്യത്തിന് സ്വാതന്ത്ര്യം കൊണ്ട് മാത്രമായില്ല. ഭക്ഷണത്തിന് ക്ഷാമം ഉണ്ടെങ്കില്‍…സ്വാതന്ത്ര്യം നിങ്ങളെ വളരെ മുന്നോട്ടൊന്നും നയിക്കില്ല,. സഖാക്കളെ സ്വാതന്ത്ര്യത്തിന്മേല്‍ മാത്രം ജീവിക്കുക ദുഷ്‌ക്കരമാണ്..’ തുടങ്ങിയ സ്റ്റാലിന്റെ വാക്കുകള്‍ ദാമോദരന്‍ വിശദമായി തന്നെ ഉദ്ധരിക്കുന്നുമുണ്ട് ഒരു ഘട്ടത്തില്‍ (കെ. ദാമോദരന്റെ സമ്പൂര്‍ണ കൃതികള്‍)
അതായത് പൊതുവില്‍ സ്റ്റാലിനെ അനുകൂലിക്കുന്ന ഒരു അന്തരീക്ഷം അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്നു. സ്റ്റാലിനെ തളളിപറഞ്ഞ ക്രൂഷ്‌ചേവിനൊപ്പം നിന്ന സി.പി.ഐയില്‍ പോലും. അതുകൊണ്ട് തന്നെ ഇപ്പോള്‍ പൊതുവില്‍ ഉയര്‍ന്നുവന്നിട്ടുള്ള മാര്‍ക്‌സിസ്റ്റ് അനുഭാവികളിലെ സ്റ്റാലിന്‍ അനൂകൂല നിലപാടുകള്‍ അസ്വാഭാവികമല്ല. മുതലാളിത്തത്തിന്റെ കുടിലതകളില്‍നിന്ന് സോവിയറ്റ് യൂണിയനെ സംരക്ഷിച്ച് നിര്‍ത്തിയ സ്റ്റാലിനെതിരൊയ ആരോപണങ്ങള്‍ സാമ്രാജ്യത്വ പ്രചരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്ത കല്‍പിത കഥകളാണെന്നാണ് സ്റ്റാലിന്‍ അനുകൂലികള്‍ നിരന്തരം പറയുന്നത്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്റ്റാലിന്‍ അനുകൂല നിലപാടുകാരും ഇതേ വാദങ്ങള്‍ തന്നെയാണ് ആവര്‍ത്തിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ആ രാജ്യത്തെ ക്ലാസിഫൈഡ് രേഖകള്‍ പുറത്തുവന്നപ്പോള്‍ സ്റ്റാലിനെക്കുറിച്ച് പാശ്ചാത്യ ലോകവും ക്രൂഷ്‌ചേവിനെ പോലുള്ള അദ്ദേഹത്തിന്റെ വിമര്‍ശകരും പറഞ്ഞ പലകാര്യങ്ങളിലും അതിശയോക്തിയുണ്ടെന്ന കാര്യങ്ങളും പുറത്തുവന്നു. സ്റ്റാലിനെ വിലയിരുത്തുന്നതില്‍ ചിലരുടെ ഭാഗത്തുനിന്നെങ്കിലും മാറ്റം ഉണ്ടായി. സ്റ്റാലിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും വെളിപ്പെുടത്തലുകളും നടത്തുന്നതില്‍ നികിത ക്രൂഷ്‌ചേവിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളും ഉണ്ടെന്ന് ആരോപണങ്ങളുമെല്ലാം പുറത്തുവരികയും ചെയ്തു.
അതുകൊണ്ടൊക്കെ തന്നെ ശീതയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ വിലയിരുത്തപ്പെട്ട സ്റ്റാലിന്‍ യഥാര്‍ത്ഥത്തില്‍ അപഹസിക്കപ്പെടുകയായിരുന്നുവെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇനിയും ചരിത്രത്തില്‍ പൂരിപ്പിക്കപ്പെടാതെ, പൂര്‍ണമായി വെളിപ്പെടാത്ത രഹസ്യങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു. യുഗോസ്ലാവ്യന്‍ നേതാവ് മാര്‍ഷല്‍ ടിറ്റോ ക്രൂഷ്‌ചേവിന്റെ കാലത്ത് നടത്തിയ സോവിയറ്റ് സന്ദര്‍ശനത്തിന് ശേഷം സ്റ്റാലിന്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ സംഭവം സ്റ്റാലിനെക്കുറിച്ചുള്ള സ്റ്റാലിന്‍ കാലഘട്ടത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.
പൊതുസ്ഥലങ്ങളില്‍ സ്വസ്തിക ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ നിലപാട് വിവിധ സര്‍ക്കാരുകള്‍ കൈകൊണ്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ ചില വലതുപക്ഷക്കാര്‍ നാസിസത്തോടും സ്വസ്തികയോടും സ്വീകരിക്കുന്ന സമീപനം എന്തുകൊണ്ട് കമ്മ്യൂണിസത്തോടും അരിവാള്‍ ചുറ്റികയോടും ഉണ്ടാവുന്നില്ലെന്ന് ചോദ്യം ഉയര്‍ത്തിയിരുന്നു. നാസിസവും സോവിയറ്റ് സോഷ്യലിസ്റ്റ് മാതൃകയും ഒന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിന്നു അത്. ഇതുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ സിസെക്ക് പറയുന്ന കാര്യം രസകരമാണ്.
സോവിയറ്റ് ക്രമം സോഷ്യലിസ്റ്റ് ആശയത്തെ വികൃതമാക്കിയെന്ന് ആരോപിച്ച് വിമതപ്രവര്‍ത്തനം നടത്തിയ കമ്മ്യൂണിസ്റ്റുകളെ പോലെ നാസി ക്രമത്തില്‍ വിമതന്മാര്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യമുഖത്തോടുകൂടിയ ഒരു നാസിസം എന്നൊന്നില്ലാത്തതുകൊണ്ടാണ് നാസിസ്റ്റ് പ്രയോഗങ്ങള്‍ക്ക് ആഭ്യന്തര വിമര്‍ശകര്‍ ഉണ്ടാവാതിരുന്നതെന്നും അദ്ദേഹം എഴുതി. സോവിയറ്റ് മാതൃകയിലുള്ള സോഷ്യലിസ്റ്റ് ക്രമത്തെ ഫാസിസ്റ്റ് ക്രമങ്ങളായും സ്റ്റാലിനെ ഹിറ്റ്‌ലറുമായും താരതമ്യമെപെടുത്തുന്നതും ചരിത്രപരവും വസ്തുതാപരവുമല്ലെന്നും തെളിയിക്കുന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. അങ്ങനെയാവുമ്പോഴും ചില വസ്തുതകള്‍ അവശേഷിക്കുന്നു.
സ്റ്റാലിനെക്കുറിച്ചുള്ള പ്രതിച്ഛായ നിര്‍മ്മാണത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചവരുടെ കുപ്രചരണങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചാലും കേരളത്തിലെ സ്റ്റാലിന്‍ ഭക്തര്‍ അദ്ദേഹത്തെ വാഴ്ത്തുന്നതിലൂടെ എന്താണ് ലക്ഷ്യമിടുന്നത്. ഇവരൊക്കെ ലക്ഷ്യമാക്കുന്ന പുതുലോക സൃഷ്ടിയില്‍ സ്റ്റാലിനിസ്റ്റ് സമീപനങ്ങള്‍ക്ക് പ്രസക്തമാണെന്നാണോ? ഹിറ്റ്‌ലറെ സോവിയറ്റ് ചെമ്പട വീഴ്തിയെന്നത് കൊണ്ട് ഫാസിസമടക്കമുള്ള രാഷ്ട്രീയ നിലപാടിനെ നേരിടാന്‍ ഇക്കാലത്ത് സ്റ്റാലിന്റെ ഓര്‍മ്മകളും പദ്ധതികളും പ്രചോദനമാകുമെന്നാണോ?
ജനാധിപത്യ കേന്ദ്രീകരണത്തിന്റെ സ്റ്റാലിനിസ്റ്റ് മാതൃകകളാണോ ഇവരെ ആവേശപ്പെടുത്തുന്നത്. അതോ വിമത സ്വരങ്ങളോടുള്ള സ്റ്റാലിന്റെ കര്‍ശന നിലപാടുകളോ? കല്ക്ടീവ് ഫാമിങ്ങിന്റെയൊക്കെ പേരിലും ദേശീയതയെ അടിച്ചമര്‍ത്തുന്നതിന്റെയും ഭാഗമായി നടപ്പിലാക്കിയ നയങ്ങള്‍ മുലം ദശലക്ഷകണക്കിന് ആളുകള്‍ പട്ടിണിമൂലം മരിച്ച ഹോളോഡോമര്‍ എന്നറിയപ്പെടുന്ന സംഭവത്തെ മാറ്റി നിര്‍ത്തി സ്റ്റാലിനിന്റെ കാലം വിശദീകരിക്കാന്‍ കഴിയുമോ? കേന്ദ്ര കമ്മിറ്റിയിലെ പകുതിയിലേറെ പേരെ ഇല്ലാതാക്കിയ രാഷ്ട്രീയത്തിന് ഇക്കാലത്ത് എന്ത് പറഞ്ഞാണ് പിന്തുണ?
മാര്‍ക്‌സിസത്തിന്റെ സോവിയറ്റ് പ്രയോഗങ്ങള്‍ ജനാധിപത്യപരവും, പരിസ്ഥിതി ഉന്മുഖവും, വികേന്ദ്രീകൃതവുമായ ഒരു ബദല്‍ സമൂഹ സൃഷ്ടിയ്ക്ക് എന്ത് മാതൃകയാണ് അവശേഷിപ്പിക്കുന്നത് എന്നതാണ് യഥാര്‍ത്ഥ ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാകാലത്തും സാമ്രാജ്യത്വ ഗൂഢാലോചനയെന്നും, ഹിറ്റ്‌ലറെ തളച്ചുവെന്നതിന്റെയും മാത്രം ഉദാഹരണങ്ങള്‍ മതിയാവില്ല, ഉത്തരമായി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Joseph Stalin and Indian Left – NK Bhoopesh writes