കോട്ടയം: മണിപ്പൂര്‍ കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. രാജ്യത്ത് ഒരിടത്തും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും ഇവിടെ സമാധാനം സ്ഥാപിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയെയും പാകിസ്ഥാനെയും പ്രതിരോധിക്കുമെന്ന് പറയുന്നവര്‍ക്ക് ഒരു ചെറിയ സംസ്ഥാനം സംരക്ഷിക്കാന്‍ പറ്റാതെ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മള്‍ ആരേയും ഭയക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഇവിടത്തെ ഭരണാധികാരികള്‍ ഉദ്‌ഘോഷിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനത്ത് നടക്കുന്ന കലഹത്തെ രണ്ട് മാസമായിട്ടും തടയാന്‍ സാധിച്ചിട്ടില്ലെന്നത് രാജ്യത്തിന്റെ സമാധാനവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സാധിക്കുമോയെന്ന ആശങ്ക ഉയര്‍ത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ മണിപ്പൂരിലെ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭയും രംഗത്ത് വന്നിരുന്നു. മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും പറഞ്ഞിരുന്നു. കലാപത്തില്‍ സഭയ്ക്ക് ആശങ്കയുണ്ടെന്നും ഇത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു.
‘മണിപ്പൂരിലെ കലാപത്തില്‍ സര്‍ക്കാര്‍ പലതവണ ഇടപെട്ടുവെന്ന് പറയുന്നു. ആഭ്യന്തര മന്ത്രി തന്നെ പോയിട്ടും കലാപം തീര്‍ന്നില്ല. എന്തുകൊണ്ട് കലാപം നിര്‍ത്താനാകുന്നില്ല. പ്രധാനമന്ത്രി പ്രതികരിക്കേണ്ടതാണ്. പ്രധാനമന്ത്രിയുടെ മൗനം അത്ഭുതമാണ്. വിദേശത്ത് പോകും മുമ്പ് നേതാക്കള്‍ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കൂടുതല്‍ പട്ടാള സാന്നിധ്യം അവിടെ ഉണ്ടാകണമെന്ന് കരുതുന്നു. അതിനുള്ള ആര്‍ജവം കേന്ദ്രം കാണിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ട്. പല കലാപങ്ങളും പെട്ടെന്ന് തീര്‍ക്കാറുണ്ട്. ഇത്രയും നീണ്ടുപോകാനുള്ള കാരണം എന്താണെന്നത് ആശങ്ക ഉളവാക്കുന്നതാണ്.
മണിപ്പൂരില്‍ മതന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നമായി കാണുന്നില്ല. രണ്ട് വിഭാഗത്തില്‍പ്പെട്ടവരും കൊല്ലപ്പെടുന്നുണ്ട്. മണിപ്പൂര്‍ പ്രശ്നത്തില്‍ സഭ ഇതിനോടകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഒരു ഗോത്ര വിഭാഗത്തില്‍ ഏറെ ക്രിസ്ത്യാനികളുണ്ട്. അതേസമയം, മറുവിഭാഗവും കൊല്ലപ്പെടുന്നുണ്ട്. രണ്ട് വിഭാഗത്തോടും കലാപം നിര്‍ത്തണമെന്നാണ് പറയാനുള്ളത്. അവിടെ നഷ്ടമുണ്ടായത് ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല. അവിടെ നടന്നത് മതപീഡനം ആണെന്ന് കാണാനാകില്ല.
ഗോത്രങ്ങള്‍ തമ്മിലുള്ള കലാപത്തെ വര്‍ഗീയമായി ചിത്രീകരിക്കാമോ എന്നറിയില്ല. എങ്കിലും കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് ആണെന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല,’ എന്നായിരുന്നു കാതോലിക്ക ബാവ പറഞ്ഞത്.
Content Highlight: Joseph perunthottam criticise centre government on manipur issue