മണിപ്പൂര്‍ കത്തിയെരിയുമ്പോഴും അമേരിക്കയില്‍ പോയി പറയുന്നത് ഇന്ത്യയില്‍ വിവേചനം ഇല്ലെന്ന്; നടക്കുന്നത് ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു പതിപ്പ്: ജോസഫ് പാംപ്ലാനി
കണ്ണൂര്‍: മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയാണെന്നും കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കലാപം പടര്‍ന്നത് ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണെന്നും 2002ലെ ഗുജറാത്ത് വംശഹത്യ പോലെയാണ് മണിപ്പൂര്‍ കലാപമെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണ് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ക്രൈസ്തവരോട് പറയാനാകുമോ. എന്നാല്‍ മാത്രമേ അതില്‍ ആത്മാര്‍ത്ഥത ഉണ്ടാവുകയുള്ളൂ.
മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുണ്ട്. മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപമാണ്. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പൂരിലെ അവസ്ഥ മാറിയിരിക്കുന്നു. വളരെ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്.
ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണ്. അതില്‍ ഗുരുതര വീഴ്ച ഉണ്ടായി. പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.
പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്‌നം. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണ്. റബ്ബര്‍ വിലയും ഇതും തമ്മില്‍ ബന്ധമില്ല. ഞങ്ങള്‍ ആരുടെയും ഔദാര്യം ചോദിച്ചതല്ല,’ ജോസഫ് പാംപ്ലാനി പറഞ്ഞു.
നേരത്തെ, റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബി.ജെ.പിയെ വോട്ട് ചെയ്ത് സഹായിക്കാമെന്ന ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രസ്താവന വിവാദമായിട്ടും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു പാംപ്ലാനിയുടെ ഈ പരാമര്‍ശം.