| Saturday, 7th December 2024, 11:28 am

പൃഥ്വിയുടെ മൂളലിനനുസരിച്ചാണ് റോബിൻ ഹുഡിലെ ആ സീനുകൾ ഷൂട്ട് ചെയ്തത്: ആർട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകൻ ജോഷി പൃഥ്വിരാജുമായി ഒന്നിച്ച സിനിമയായിരുന്നു റോബിൻഹുഡ്. നരേൻ,ഭാവന എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാള സിനിമയിൽ അധികം പറഞ്ഞിട്ടില്ലാത്ത മോഷണ പരമ്പരയുടെ കഥയാണ് സംസാരിച്ചത്. പ്രതികാരത്തിന്റെ ഭാഗമായി എ.ടി.എമ്മുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന നായകന്റെ വേഷത്തിലായിരുന്നു പൃഥ്വിരാജ് സിനിമയിൽ എത്തിയത്.

നിരവധി എ.ടി.എമ്മുകൾ കാണിക്കുന്ന റോബിൻ ഹുഡിൽ ശരിക്കും ഒരു എ.ടി.എം മാത്രമാണ് കാണിച്ചതെന്നും അതാണെങ്കിൽ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും പറയുകയാണ് ആർട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ. അന്ന് എറണാകുളത്ത് എ.ടി.എമ്മുകൾ കുറവായിരുന്നുവെന്നും സിനിമയിൽ കാണിച്ച ഷോട്ടുകളിൽ എ.ടി.എമ്മുകൾക്ക് തങ്ങൾ തന്നെ ഇരുന്നാണ് ആ സെറ്റിങ്ങെല്ലാം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് എറണാകുളത്ത് മൂന്നോ നാലോ എ.ടി.എം ആണുള്ളത്. അതുകൊണ്ട് എ.ടി.എം തുറന്ന് കാണുന്നത് പ്രയാസമാണെന്ന് ജോഷി സാറോട് ഞാൻ പറഞ്ഞു. എന്നോട് എന്റെ ഐഡിയയിൽ ഒരു സാധനം ഉണ്ടാക്കാൻ പറഞ്ഞു. അങ്ങനെയാണ് കാർഡിട്ടാൽ അതിനെ വലിച്ചെടുക്കുന്നത് ഇങ്ങനെയാണ് ക്യാഷ് തരുന്നത് ഇങ്ങനെയാണ് എന്നൊക്കെ പ്ലാൻ ചെയ്യുന്നത്.

നല്ല ടെക്നോളജി ആണലോ കാണിക്കുന്നത്. എന്നാൽ ഈ ടെക്കിയുടെ ഉള്ളിൽ ഞങ്ങളാണ് ഇരിക്കുന്നത്. മോണിറ്ററൊക്കെ ഞങ്ങൾ സെറ്റ് ചെയ്തു. എല്ലാ കാണുന്ന വിധത്തിൽ അത് നിർമിച്ചു. ടൈം അനുസരിച്ച് അതിങ്ങനെ തെളിഞ്ഞു വരും. പൃഥ്വിരാജ് പണം മോഷ്ടിക്കാൻ വരുമ്പോൾ ആ കാർഡിട്ടതിന് ശേഷം പുള്ളി ഇങ്ങനെ മൂളും. അപ്പോൾ താഴെ ഞാൻ ഉണ്ടാവും.

ഞാനും അതനുസരിച്ച് മൂളും ഓരോ ഡിസ്‌പ്ലേയും തെളിഞ്ഞു വരുമ്പോൾ പൃഥ്വി വീണ്ടും മൂളും. അങ്ങനെയാണ് ആ സിനിമയിലെ എ.ടി.എം രംഗങ്ങൾ എടുത്തത്. സിനിമയിൽ ഒരു എ.ടി.എം മാത്രമേയുള്ളൂ. അത് പിന്നീട് വേറെ വേറെ സ്ഥലത്തായിട്ട് കാണിച്ചതാണ്,’ജോസഫ് നെല്ലിക്കൽ പറയുന്നു.

Content Highlight: Joseph Nellikkal About robinhood movie

We use cookies to give you the best possible experience. Learn more