2007ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രമാണ് ബിഗ് ബി. 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ വലിയ താരനിര ഒന്നിച്ചിരുന്നു. അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ്. ബി ഇറങ്ങിയ സമയത്ത് ബോക്‌സ് ഓഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ലെങ്കിലും അവതരണത്തിലെ പുതുമ കൊണ്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിഗ്. ബി സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആര്‍ട്ട് ഡയറക്ടര്‍ ജോസഫ് നെല്ലിക്കല്‍. ബിഗ് ബി മുതലുള്ള അമല്‍ നീരദിന്റെ എല്ലാ സിനിമകളുടെയും കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോസഫണ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്‍ക്കട്ടയില്‍ വെച്ചാണ് ഞാന്‍ ആദ്യമായി അമലുമായി വര്‍ക്ക് ചെയ്യുന്നത്. അതിന് ശേഷം അമല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനമെല്ലാം കഴിഞ്ഞ് എറണാകുളത്ത് വന്നിട്ട് ഒരുപാട് പരസ്യ ചിത്രങ്ങള്‍ അദ്ദേഹം ചെയ്യാന്‍ തുടങ്ങിയിരുന്നു. ആ സമയത്ത് അമല്‍ എന്നെ വിളിച്ച് ഞങ്ങള്‍ ഒന്നിച്ച് പരസ്യ ചിത്രങ്ങള്‍ ചെയ്തിരുന്നു. അതിന് ശേഷമാണ് അമല്‍ ബ്ലാക്ക് എന്ന സിനിമയില്‍ ക്യാമറാമാന്‍ ആയി വര്‍ക്ക് ചെയ്യുന്നത്. പിന്നീട് രണ്ടു മൂന്ന് സിനിമകളില്‍ സിനിമാട്ടോഗ്രാഫര്‍ ആയിത്തന്നെ അമല്‍ വര്‍ക്ക് ചെയ്തു.
അതിനുശേഷം കാണുമ്പോഴെല്ലാം നമ്മള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്, ഒന്നിച്ച് വര്‍ക്ക് ചെയ്യാം എന്നൊക്കെ അമല്‍ പറയും. അങ്ങനെയാണ് അമലിന്റെ ആദ്യത്തെ സിനിമയായിട്ടുള്ള ബിഗ് ബി വരുന്നതും ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതും. എപ്പോഴും എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണം എന്ന് ആഗ്രഹമുള്ള ആളാണ് അമല്‍.
അമല്‍ ഡയറക്ഷന്‍ കോഴ്‌സിന് വേണ്ടിയിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയതെന്ന് കേട്ടിട്ടുണ്ട്. പിന്നീട് സിനിമാട്ടോഗ്രഫി പഠിച്ചു, വീണ്ടും സംവിധായകനായി വന്നു. അങ്ങനെ അമലിന്റെ ടേസ്റ്റ് തന്നെ വേറെയാണ്. ബിഗ് ബി എന്ന സിനിമ അമലിന്റേയും ആ കാലഘട്ടത്തിലും ഉണ്ടായ ഒരു ട്രെന്‍ഡായിരുന്നു. അന്ന് തിയേറ്ററില്‍ കാണുന്ന ജനങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം ചിത്രം അന്ന് തിയേറ്ററുകളില്‍ പരാജയമായത്.
Content Highlight: Joseph Nellikal Talks About Big B Movie