'ഇടതുപക്ഷത്തിന്റെ മന്ത്രിയ്ക്ക് ചേര്‍ന്ന രീതിയല്ല ജലീലിന്റേത്; അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കൂടുതല്‍ കുഴപ്പത്തലേക്കാണ് കൊണ്ടെത്തിക്കുന്നത്': ജോസഫ് .സി. മാത്യു
തിരുവനന്തപുരം: ഇടതുപക്ഷത്തിലെ ഒരു മന്ത്രിയ്ക്ക് ചേരുന്ന രീതിയിലല്ല കെ.ടി ജലീല്‍ പെരുമാറിയതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയുടെ എല്ലാ പ്രസ്താവനകളും അദ്ദേഹത്തെ കൂടുതല്‍ കുഴപ്പത്തിലേക്കാണ് എത്തിക്കുന്നതെന്ന് ജോസഫ് ചൂണ്ടിക്കാട്ടി.
‘വളരെ അപക്വമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. ഇടതുപക്ഷത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ആളാണ് കെ.ടി ജലീല്‍ എന്നാണ് പലരും സംസാരിക്കുന്നത്. വ്യക്തിപരമായി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവധിയെടുത്ത് എന്നെപ്പോലുള്ളവര്‍ ക്യാംപയിന്‍ ചെയ്ത സര്‍ക്കാരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. അങ്ങനെയുള്ള ഇടതുപക്ഷത്തിന്റെ മന്ത്രി പറയുകയാണ്, ഹൈദരലി തങ്ങള്‍ നെഞ്ചില്‍ കൈവെച്ച് പറഞ്ഞാല്‍ എന്ത് പണിയുമെടുക്കാമെന്ന്. ആ ബക്കറ്റിലെ വെള്ളം ഈ സമുദ്രത്തിലെ വെള്ളത്തെക്കാള്‍ വലുതെന്ന് ഈ മന്ത്രി ധരിച്ചുവെച്ചിരിക്കുകയാണോ?’ – ജോസഫ് പറഞ്ഞു.
മുമ്പ് ഇതുപോലൊരു ആരോപണത്തിന്റെ പേരിലാണ് ജലീല്‍ ലീഗ് വിട്ട് ഇടതുപക്ഷത്തിലേക്ക് അഭയം തേടിയെത്തിയതെന്നും അക്കാര്യം അദ്ദേഹം മറന്നുപോകരുതെന്നും ജോസഫ് മാത്യു ചൂണ്ടിക്കാട്ടി.
നുണ പറഞ്ഞതിന്റെ പേരില്‍ മാത്രം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവര്‍ നമ്മുടെ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഇവിടെ പച്ചക്കള്ളം പറഞ്ഞശേഷം അതിനെ ന്യായീകരിക്കാന്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ വലിയ നുണകളാണെന്ന് മനസ്സിലാകുന്നുണ്ട്- ജോസഫ് ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തത് സംബന്ധിച്ച വിവാദങ്ങളുണ്ടായിരുന്നെന്നും ഇന്നും അതേ ആരോപണങ്ങള്‍ ഇടതുപക്ഷ മന്ത്രിസഭയക്ക് നേരേ ഉയരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വളരെ ഗൗരവതരമായി തന്നെ കൈകാര്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് അന്വേഷണത്തെയും സ്വീകരിക്കേണ്ട ഒരു ഗതികെട്ട അവസ്ഥയിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും ചെന്നെത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ കഥപറയുന്ന കാലമാണിത്. ഇന്ന് പ്രചരിച്ച ഒരു ചിത്രത്തില്‍ ഒരു സ്റ്റേറ്റ് കാറും ബെന്‍സ് കാറും ഒരേ വീട്ടില്‍ കിടക്കുന്ന രംഗമാണുള്ളത്. ആ ചിത്രത്തിലെല്ലാം ഉണ്ട്. അനധികൃതമായ സ്വത്ത് കുടുംബാംഗങ്ങള്‍ക്കും വന്നുചേരുന്നുവെന്നുള്ളത് അന്വേഷണവിധേയമാക്കേണ്ടതാണ്- ജോസഫ് പറഞ്ഞു.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാര്‍ട്ടിരേഖകളില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളെപ്പറ്റി പാര്‍ട്ടി അന്വേഷണം നടത്തിയതും ഇതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലീലിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് കോണ്‍സുലേറ്റില്‍ നിന്ന് അദ്ദേഹത്തെ നേരിട്ട് വിളിക്കുകയായിരുന്നുവെന്നാണ്. നിയമപരമായി ഒരു സംസ്ഥാനത്തെ മന്ത്രിയ്ക്ക് അങ്ങനെ ബന്ധപ്പെടാനാകുമോ? ആകില്ലെന്നാണ് നിയമം. അനധികൃതമായി ചെയ്ത കാര്യങ്ങളെപ്പറ്റി ചോദ്യം ചെയ്യുമ്പോള്‍ പച്ചക്കള്ളം പറയുകയാണ് പിന്നീട് നാം കണ്ടത്. വ്യക്തിയെന്ന നിലയിലല്ല, മന്ത്രിയെന്ന നിലയില്‍ തന്റെ കൃത്യനിര്‍വഹണത്തിനിടെയുണ്ടായ വീഴ്ചകളെക്കുറിച്ചുള്ള ആരോപണത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് ജോസഫ് പറഞ്ഞു.
അത്തരത്തിലൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ വാഹനം ഒരു മുതലാളിയ്ക്ക് കൊടുത്തിട്ട്, അയാളുടെ സ്വകാര്യ വാഹനം ഉപയോഗിക്കുകയാണോ വേണ്ടത്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കുറ്റാരോപിതനാണ് കെ.ടി ജലീല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശമുണ്ട്. കഴിഞ്ഞ ദിവസം ജലീല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്, വിവാദങ്ങള്‍ മുറുകിയപ്പോള്‍ തന്റെ അച്ഛന് തന്നെ തുടരെ വിളിക്കാറുണ്ടെന്ന്. ആ പിതാവിന്റെ മകനാണെങ്കില്‍ താന്‍ അത് ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞിട്ടും അച്ഛന് പോലും വിശ്വാസമായില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഇടതുപക്ഷ മുന്നണിയെ സംബന്ധിച്ചിടത്തോളം ഒരു നേതാവ് സംശയത്തിനതീതനായിരിക്കണം എന്നത് നിശ്ചയമാണ്- ജോസഫ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക