ഭരണഘടനാസ്ഥാപനങ്ങള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും നേരെയുണ്ടായ നഗ്നമായ കയ്യേറ്റങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം വെളിവാക്കിയത്. മോദിയുടെ തുടര്‍ഭരണം ഇന്ത്യ പിന്തുടരുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും. ‘മോദീ ഓഡിറ്റ്’ ലേഖന പരമ്പര രണ്ടാം ഭാഗം.
നരേന്ദ്രമോദി സര്‍ക്കാരിന് ഇനിയൊരു അവസരംകൂടി നല്‍കുന്ന ജനവിധിയുണ്ടായാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റ ചരമക്കുറിപ്പാകും. സ്വതന്ത്ര ഇന്ത്യയെ ഇതപര്യന്തം നിലനിര്‍ത്തിയ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നെടുംതൂണുകളെ പിഴുതെറിയാന്‍, അധികാരത്തിലേറിയ നാള്‍മുതല്‍ അവസാന ദിവസങ്ങള്‍വരെ, നരേന്ദ്രമോദി നടത്തിയ ബോധപൂര്‍വ്വമായ ശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ ഭീതി ഉയരുന്നത്. അതേസമയം, എല്ലാ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി, ആ പ്രക്രിയയുടെ ഭാഗമായി ജനാധിപത്യത്തിന്റെ നാല് നെടുംതൂണുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുന്നു, നമ്മുടെ വ്യവസ്ഥയെത്തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഡോ ബി.ആര്‍ അംബേദ്കര്‍ പാര്‍ലമെന്ററി ജനാധിപത്യവും പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് സംസാരിച്ചത് ശ്രദ്ധേയമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മര്‍മ്മം എക്‌സിക്യുട്ടീവിന് നിയമ നിര്‍മ്മാണ സഭയോടുള്ള ഉത്തരവാദിത്വവും, എടുക്കുന്ന തീരുമാനങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുമാണ്. എന്നാല്‍, പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലാകട്ടെ, എക്‌സിക്യുട്ടീവിന്റെ സ്ഥിരതയ്ക്കാണ് പ്രാധാന്യം.
നിയമ നിര്‍മ്മാണ സഭകളോടുള്ള ഉത്തരവാദിത്വത്തിന് അവിടെ വലിയ പ്രാധാന്യമില്ല. പിന്നീട് അദ്ദേഹം വ്യക്തമാക്കിയത് ഇന്ത്യയുടെ ഭരണവും നീതി നിര്‍വഹണവും പാര്‍ലമെന്ററി ജനാധിപത്യ രീതിയിലാവണം എന്ന് തെരഞ്ഞെടുത്തതിന് പിന്നിലുള്ള കാരണത്തെക്കുറിച്ചാണ്. എക്‌സിക്യുട്ടീവിന്റെ സ്ഥിരതയെക്കാള്‍, അവയ്ക്ക് നിയമ നിര്‍മ്മാണ സഭകളോടും അതുവഴി ജനങ്ങളോടുമുള്ള ഉത്തരവാദിത്വത്തിനും എടുത്ത തീരുമാനങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ബാധ്യതയ്ക്കുമാണ് പ്രാധാന്യം. ഇത് ബോധപൂര്‍വ്വമായി എടുത്ത തീരുമാനമാണ്. ഈ സുപ്രധാനമായ ഭരണഘടനാ പ്രമാണത്തെയാണ് മോദിയും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഒരു നിഴല്‍ സംഘവും തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
അതോടൊപ്പം, വിയോജിക്കാനുള്ള ഇടങ്ങളും കൈയ്യേറപ്പെട്ടു. വിയോജിപ്പുകളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും രാക്ഷസവല്‍ക്കരിക്കാനും കുറ്റകൃത്യമായി ചിത്രീകരിക്കാനുമുള്ള പ്രവണത, അത്തരം വീക്ഷണങ്ങളെയെല്ലാം ദേശവിരുദ്ധവും രാജ്യദ്രോഹപരവും ആക്കുന്നതിലെത്തി. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു.
അട്ടിമറിക്കപ്പെട്ട നിയമനിര്‍മ്മാണം
പാര്‍ലമെന്റ് അതിന്റെ ഇരുസഭകളും, ലോക്സഭയും രാജ്യസഭയും- ഒരിക്കലുമില്ലാത്തവിധം തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. മോദിക്ക് പാര്‍മെന്ററി ജനാധിപത്യത്തോടുള്ള നീരസം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ലോക്സഭാ നടപടികളുടെ നടത്തിപ്പില്‍ത്തന്നെ പ്രതിഫലിക്കുന്നുണ്ട്. ലോക്സഭാ സിറ്റിങ്ങുകളുടെ എണ്ണം മോദി സര്‍ക്കാരിന്റെ വരവിനുശേഷം കുറഞ്ഞുവന്നു. സിറ്റിങ് ഉണ്ടായ ദിവസങ്ങളില്‍ത്തന്നെ അര്‍ത്ഥവത്തായ സഭാനടപടികള്‍ ഉണ്ടായില്ല. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍മൂലം പാര്‍ലമെന്റ് തടസപ്പെടുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. എന്നാല്‍, മോദിയുടെ കാലത്ത് ഭരണപക്ഷം തന്നെ സഭാ നടപടികള്‍ തടസപ്പെടുത്തുകയും നിയമനിര്‍മ്മാണ പ്രക്രിയയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
എല്‍.കെ അദ്വാനി
ഒരുഘട്ടത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി തന്നെ ഇതിനെതിരെ രംഗത്തുവന്നു. ”ആരാണ് ഈ സഭയെ മുന്നോട്ടുനടത്തുന്നത്? സഭാ നടപടികള്‍ സ്വന്തംനിലയില്‍ നടന്നുപോവുകയാണോ? സഭ നടത്തുന്നതില്‍ സ്പീക്കറോ പാര്‍ലമെന്ററികാര്യ മന്ത്രിയോ താല്‍പര്യം കാണിക്കുന്നില്ലല്ലോ”, എന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പാര്‍ലമമെന്ററികാര്യ മന്ത്രിയെ സ്വന്തം സീറ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഈ വിമര്‍ശനം.
നിയമനിര്‍മ്മാണ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നത് ഇവിടംകൊണ്ടും അവസാനിച്ചില്ല. പാര്‍ലമെന്റിനെ മറികടന്ന് ഒരുവര്‍ഷം ശരാശരി പത്ത് ഓര്‍ഡിനന്‍സുകളെങ്കിലും മോദീ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നിയമ നിര്‍മ്മാണത്തിനായി അവതരിപ്പിക്കപ്പെട്ട ബില്ലുകളിലാകട്ടെ, കാര്യമായ ചര്‍ച്ചകളൊന്നും പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. ബില്ലുകളുടെ സൂക്ഷ്മ പരിശോധനയ്ക്കായുള്ള സ്റ്റാന്റിങ് കമ്മറ്റികളെ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ല. മോദീ സര്‍ക്കാര്‍ പാസാക്കിയ 72 ബില്ലുകളില്‍ ഏഴെണ്ണം മാത്രമാണ് സ്റ്റാന്റിങ് കമ്മറ്റിക്ക് അയച്ചത്. രണ്ടെണ്ണം സെലക്ട് കമ്മറ്റിക്ക് വിട്ടു. അതായത്, 63 ബില്ലുകള്‍ ലജിസ്ലേച്ചറിന്റെ സൂക്ഷ്മമായ നോട്ടം കൂടാതെ പാസാക്കിയെടുത്തു. 2009 മുതല്‍ 14 വരെയുള്ള രണ്ടാം യു.പി.എ കാലത്ത് 116 ബില്ലുകള്‍ പാസാക്കിയതില്‍ 66 എണ്ണം ഉപസമിതികളുടെ പരിശോധനയ്ക്ക് അയക്കുകയുണ്ടായി.
ഇത് യാദൃശ്ചികമല്ല, മറിച്ച് ഒരു പദ്ധതിയുടെ ഭാഗമാണ്. വകുപ്പുതല പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ക്ക് പരിശോധനയ്ക്കും നിര്‍ദ്ദേശത്തിനുമായി ബില്ലുകള്‍ വിടാതിരിക്കുന്നത് ഒരു വെറും കൃത്യവിലോപം മാത്രമല്ല. വകുപ്പുതല പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ സ്വന്തം നിലയ്ക്ക് വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ മന്ത്രിമാര്‍ ഇടപെട്ട് അത്തരം ചര്‍ച്ചകള്‍ തടസപ്പെടുത്തുന്നത് പതിവായിരുന്നു. നിര്‍ഭാഗ്യവശാല്‍ മന്ത്രിമാര്‍ മാത്രമല്ല ഇത്തരത്തില്‍ ജനാധിപത്യത്തെ അട്ടിമറിച്ചത്. ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ വകുപ്പിന്റെ സ്റ്റാന്‍ഡിങ് കമ്മറ്റിയിലുണ്ടായ ഇടപെടല്‍ ഒരു ഉദാഹരണമാണ്.
ഡോക്ലാം, ഇന്ത്യ-ചൈന ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഈ കമ്മറ്റി ചര്‍ച്ചയ്ക്ക് ഒരു സമയം നിശ്ചയിച്ചു. എന്നാല്‍ കമ്മറ്റി കൂടുന്നതിന് മിനിട്ടുകള്‍ മാത്രം ശേഷിക്കുമ്പോള്‍, മീറ്റിങ്ങുമായി മുന്നോട്ടുപോവരുതെന്ന് കാണിച്ച് തരൂരിന് ലോക്സഭാ സ്പീക്കറുടെ കത്ത് ലഭിച്ചു. ഈ കമ്മറ്റി കൂടുന്നതുമൂലം അംഗങ്ങള്‍ക്ക് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാവുന്നില്ല എന്നാണ് സ്പീക്കര്‍ പറഞ്ഞ കാരണം. തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മറ്റി യോഗം റദ്ദാക്കി. എന്നാല്‍, അതേ ദിവസം അതേസമയം മറ്റ് വകുപ്പുകളുടെ സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ യോഗം ചേരുകയുണ്ടായി. അതിലൊന്നും സ്പീക്കര്‍ ഇടപെട്ടില്ല. ഇതിലുള്ള നിരാശ ചൂണ്ടിക്കാട്ടി ശശി തരൂര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. ചുരുക്കത്തില്‍, അദ്വാനി തിരിച്ചറിഞ്ഞതും ക്ഷുഭിതനായതുമായ കാര്യം, സഭ സമ്മേളിക്കുമ്പോള്‍ മാത്രമല്ല കമ്മറ്റികളില്‍ പോലും ചര്‍ച്ച നടക്കരുതെന്ന്, അത്തരം ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ തീരുമാനിച്ചിരുന്നു എന്നാണ്. ഒരുതരത്തിലും നിയമനിര്‍മ്മാണ സഭകളെ ഒന്നും ബോധ്യപ്പെടുത്താന്‍ എക്സിക്യുട്ടീവ് തയ്യാറായിരുന്നില്ല.
രാജ്യസഭയിലെ ചര്‍ച്ചകള്‍ ഒഴിവാക്കാനായി സാധാരണ ബില്ലുകള്‍ പോലും മണിബില്ലുകളായി അവതരിപ്പിക്കുന്ന രീതി ലോക്സഭയില്‍ നടപ്പാക്കപ്പെട്ടു. ഇത്തരം ശ്രമങ്ങളെ ലോക്സഭാ സ്പീക്കര്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. നികുതി ചുമത്തുന്നതുമായോ വ്യത്യാസപ്പെടുത്തുന്നതുമായോ ഒരു ബന്ധവുമില്ലാത്തതും സാമ്പത്തികമായ ബാധ്യതകളൊന്നും ഉള്‍പ്പെടാത്തതുമായ ആധാര്‍ ബില്ലുപോലും മണിബില്‍ എന്ന് രേഖപ്പെടുത്തിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇത്രയേറെ പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.
2018 മാര്‍ച്ച് 14ന് നൂറിലധികം എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ ഒരു ധനകാര്യബില്‍ പാസാക്കിയെടുക്കുന്ന അവസ്ഥയുണ്ടായി. സഭാതലം വോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സജ്ജമായിരുന്നില്ല എന്നത് (Not in order) സ്പീക്കര്‍ അവഗണിച്ചു. പിറ്റേന്ന് ആന്ധ്രപ്രദേശില്‍ നിന്നുള്ള എം.പി വൈ.വി സുബ്ബറെഡ്ഡി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍, സഭ സജ്ജമല്ല എന്ന കാരണം പറഞ്ഞ് സ്പീക്കര്‍ നോട്ടീസ് അവഗണിച്ചു. ആ സമയത്ത് സര്‍ക്കാരിന്റെ പാതി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് സഭാ നടപടിക്രമങ്ങളില്‍ ഏറ്റവും മുന്തിയ പരിഗണന അര്‍ഹിക്കുന്നു എന്നത് വിസ്മരിച്ചുകൊണ്ടായിരുന്നു ഈ നടപടി.
രാജ്യസഭയുടെ കാര്യവും വിഭിന്നമായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഗോവ, മണിപ്പൂര്‍ ഗവര്‍ണര്‍മാരുടെ നടപടികളെക്കുറിച്ച് ദിഗ് വിജയ് സിങ് രാജ്യ സഭയിലവതരിപ്പിച്ച സബ്സ്റ്റാന്റീവ് മോഷന്റെ ഗതി വിചിത്രമാണ്. ഈ പ്രമേയം സ്പീക്കര്‍ അംഗീകരിച്ചെങ്കിലും അത് അവതരിപ്പിക്കാന്‍ ദിഗ് വിജയ് സിങിന് അനുമതി നല്‍കിയില്ല. രാജ്യസഭാ ചട്ടപ്രകാരം സ്പീക്കര്‍ക്ക് വേണമെങ്കില്‍ സഭാ നേതാവിന്റെ അഭിപ്രായം തേടാം. എന്നാല്‍ സഭാ നേതാവ് അംഗീകരിച്ചാല്‍ മാത്രമേ ഇത് അവതരിപ്പിക്കാനാവൂ എന്നായി വ്യാഖ്യാനം. ‘സബ്സ്റ്റാന്റീവ് മോഷന്‍’ എന്നതില്‍നിന്ന് മാറ്റി ഒരു വെറും ചര്‍ച്ചയ്ക്ക് തന്നെ നിര്‍ബന്ധിച്ചതായി ദിഗ് വിജയ് സിങ് വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യനും ഈ വിഷയത്തില്‍ ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുകയാണുണ്ടായത്. ഒടുവില്‍, പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയായി പോകുമ്പോള്‍ ദിഗ് വിജയ് സിങിന് പരിഹാസ രൂപേണ നന്ദി പറഞ്ഞാണ് മനോഹര്‍ പരീക്കര്‍ രാജ്യസഭ വിട്ടത്.
ലജിസ്ലേച്ചറിനെ താഴ്ത്തിക്കെട്ടാനുള്ള ഉദ്യമങ്ങള്‍ ലോക്സഭയിലും രാജ്യസഭയിലും അവസാനിച്ചില്ല. ജി.എസ്.ടി കൗണ്‍സിലിന്റെ പേരില്‍ സംസ്ഥാന നിയമസഭകളുടെ അധികാര അവകാശങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. അത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന വിധത്തിലായി. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ അതേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ‘ജി.എസ്.ടി ആക്ടിലെ ഏറ്റവും അപകടകരമായ കാര്യം നികുതി ഘടന സംബന്ധിച്ച ചട്ടങ്ങളുണ്ടാക്കാന്‍ എക്സിക്യുട്ടീവിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയിരിക്കുന്നു എന്നതാണ്. അത് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ എന്തുസംഭവിക്കുമെന്ന് പറയാനാവില്ല”. ചുരുക്കത്തില്‍, ലോക്സഭയും രാജ്യസഭയും സംസ്ഥാന നിയമസഭകളും ചെയ്യേണ്ട നിയമനിര്‍മ്മാണം എന്ന അധികാരം അവയില്‍നിന്ന് കവര്‍ന്നെടുത്ത് എക്സിക്യുട്ടീവിന് നല്‍കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത് – ചിലയിടങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ. എക്സിക്യുട്ടീവിനെ സൂക്ഷ്മനിരീക്ഷണം നടത്തുകയും അക്കൗണ്ടബ്ള്‍ ആക്കുകയും ചെയ്യേണ്ട നിയമനിര്‍മ്മാണ സംവിധാനങ്ങള്‍ക്ക് അവയുടെ അടിസ്ഥാന ധര്‍മ്മംതന്നെ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായി.
മന്ത്രിസഭ നിഴല്‍സംഘത്തിന്റെ തടവില്‍
ലജിസ്ലേച്ചറിനെ അവഗണിക്കുകയും എക്സിക്യുട്ടീവിനെ ശക്തിപ്പെടുത്തുകയും ചെയ്തു എന്ന് പറയുമ്പോള്‍, മന്ത്രിസഭയൊന്നാകെ ശക്തി നേടി എന്നുകരുതരുത്. എക്സിക്യുട്ടീവിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുക, അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുക എന്ന സ്ഥിതി വന്നു. ആ വ്യക്തിയുടെ ഉത്തരവാദിത്വവും ബോധ്യപ്പെടുത്താനുള്ള ബാധ്യതയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടല്ല, മറിച്ച് ഏതോ നിഴല്‍സംഘത്തോടാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം എക്സിക്യുട്ടീവിന്റെ വിവിധ ശാഖകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് പരിശോധിച്ചാല്‍ ഇത് മനസിലാവും.
മന്ത്രിസഭ: മന്ത്രിസഭ എന്നത് തീരുമാനങ്ങളെടുക്കാന്‍ സവിശേഷ അവികാരങ്ങളില്ലാത്ത ഒരു സമിതിയായിത്തീര്‍ന്നു. നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ട 2016 നവംബര്‍ എട്ടിനാണ് അത് ഏറ്റവും സുവ്യക്തമായത്.
നോട്ട് നിരോധനത്തിന്റെ സംഭവഗതി ഇങ്ങനെയായിരുന്നു. വൈകിട്ട് 5:30 ന് റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗം, 6:15 ന് മന്ത്രിസഭായോഗം, 6:45 ന് രാഷ്ട്രപതിയെ അറിയിക്കാനുള്ള മീറ്റിങ്, എട്ട് മണിക്ക് രാജ്യത്തോളുള്ള പ്രഖ്യാപനം. നേരത്തെ കൈക്കൊണ്ട തീരുമാനം കേള്‍ക്കുക എന്നത് മാത്രമായിരുന്നു ഈ ഭരണഘടനാ സ്ഥാപനങ്ങളുടെ വിധി.
നിരോധനം പ്രഖ്യാപിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പ് വിളിച്ചുചേര്‍ക്കപ്പെട്ട മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി തീരുമാനം പറയുകയായിരുന്നു. ആ യോഗത്തിലേക്ക് മൊബൈല്‍ഫോണുകള്‍ കൊണ്ടുചെല്ലരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നു. 6:45 ന് മന്ത്രിസഭായോഗം അവസാനിപ്പിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാനായി പുറപ്പെട്ടു. രാത്രി ഒമ്പത് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കഴിയുന്നതുവരെ മന്ത്രിസഭാ അംഗങ്ങള്‍ ക്യാബിനറ്റ് ഹാളില്‍ തടവിലായിരുന്നു. സ്വന്തം മന്ത്രിമാരെപ്പോലും പ്രധാനമന്ത്രി വിശ്വാസത്തിലെടുത്തില്ല എന്നര്‍ത്ഥം!
അലോക് വര്‍മ്മയും രാകേഷ് അസ്താനയും
സിബിഐ:രാജ്യത്തെ ഏറ്റവുമുയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ശ്രമങ്ങളില്‍ നരേന്ദ്ര മോദി മുന്‍ഗാമികളെയെല്ലാം കടത്തിവെട്ടി. 2017 ജനുവരിയിലാണ് തന്റെ നോമിനിയായ അലോക് വര്‍മ്മയെ മോദി സി.ബി.ഐ മേധാവിയായി നിയമിച്ചത്. എന്നാല്‍, ഉര്‍ജിത് പട്ടേലിനെയും ജസ്റ്റിസ് ലോയയെയും പോലെ അലോക് വര്‍മ്മയ്ക്കും മോദി പറയുന്നത്ര കുനിഞ്ഞുകൊടുക്കാന്‍ മനസുണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ പ്രധാനമന്ത്രി മറ്റൊരു ഇഷ്ടക്കാരന്‍ രാകേഷ് അസ്താനയെ വര്‍മ്മയുടെ തൊട്ടുതാഴെ ഉപമേധാവിയായി നിയമിച്ചു. അലോക് വര്‍മ്മ റഫാല്‍ രേഖകളുടെ കാര്യത്തില്‍ ഒരു പരിധിക്കപ്പുറത്തേക്ക് പോയപ്പോള്‍ അസ്താന തന്റെ യജമാനനുവേണ്ടി കളത്തിലിറങ്ങി.
അലോക് വര്‍മ്മയും രാകേഷ് അസ്താനയും തമ്മിലുള്ള പോരിനൊടുവില്‍ ഇരുവരെയും മാറ്റി മോദി മറ്റൊരു സ്വന്തക്കാരനായ നാഗേശ്വര്‍ റാവുവിനെ തലപ്പത്തുകൊണ്ടുവന്നു. ഇത് എല്ലാ നടപടിക്രമങ്ങളും തെറ്റിച്ച് ഒരു അര്‍ദ്ധ രാത്രിയിലാണ് നടപ്പാക്കപ്പെട്ടത്. വര്‍മ്മ ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ സുപ്രീം കോടതി അദ്ദേഹത്തെ പദവിയില്‍ പുനഃസ്ഥാപിച്ചു. വളരെപ്പെട്ടെന്ന് നടപടിക്രമങ്ങള്‍ ശരിയാണെന്നുവരുത്തി വര്‍മ്മയെ വീണ്ടും പുറത്താക്കി. ഈ ഘട്ടത്തില്‍ ഇങ്ങനെ നിയമിക്കപ്പെട്ട കേന്ദ്ര വിജിലന്‍സ് കമ്മീഷണറും സര്‍ക്കാരിന്റെ സഹായത്തിനെത്തി.
സര്‍ക്കാര്‍ സി.ബി.ഐ എന്ന രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയെ അഴുക്കില്‍നിന്ന് ചെളിക്കുണ്ടിലേക്കും അവിടെനിന്ന് പാതാളത്തിലേക്കും ചവിട്ടിത്താഴ്ത്തി എന്നുപറയാം.
ആര്‍.ബി.ഐ:രാജ്യത്തെ ധനവിനിമയ നയങ്ങള്‍ ക്രോഡീകരിക്കുകയും ഇന്ത്യന്‍ കറന്‍സിയുടെ സ്ഥിരത ഉറപ്പുവരുത്തുകയും പണപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുക എന്ന സുപ്രധാന ഉത്തരവാദിത്വമുള്ള ഭരണഘടനാ സ്ഥാപനമാണ് ആര്‍.ബി.ഐ. അത് സര്‍ക്കാരിന്റെ ഒരു വകുപ്പല്ല. അതിന്റെ അധികാര അവകാശങ്ങള്‍ സവിശേഷമായ നിയമനിര്‍മ്മാണത്തിലൂടെ ഉറപ്പുവരുത്തിയിട്ടുള്ളതാണ്. ഇത് അംഗീകരിക്കാന്‍ പക്ഷേ, നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു ഗവര്‍ണറെ വേണമെന്ന് സര്‍ക്കാര്‍ ശഠിച്ചു. അങ്ങനെയാണ് രഘുറാം രാജനെ പുകച്ച് പുറത്തുചാടിച്ചത്. രാജന്‍ ഏറ്റവും രഹസ്യസ്വഭാവമുള്ളതും അതീവ പ്രധാനവുമായ വിവരങ്ങള്‍ പുറത്തേക്ക് ചോര്‍ത്തി എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചത്. അതായത് രാജ്യദ്രോഹി എന്ന് മുദ്രകുത്തി.
രഘുറാം രാജന് പകരം വന്ന ഉര്‍ജിത് പട്ടേലിന്റെ കാലത്താണ് നോട്ടുനിരോധനം നടപ്പാക്കപ്പെട്ടത്. ഇത്രയും പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ റിസര്‍വ് ബാങ്കിനെ എങ്കിലും വിശ്വാസത്തിലെടുക്കുക എന്നത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. എന്നാല്‍, നോട്ടുനിരോധനം സംബന്ധിച്ച് തീരുമാനമെടുത്ത് അക്കാര്യത്തിലുള്ള മന്ത്രിസഭായോഗം നടക്കുന്നതിന് തൊട്ടുമുമ്പ് ആര്‍.ബി.ഐയെ ഉപചാരത്തിനുവേണ്ടി വിവരമറിയിക്കുക മാത്രമാണ് മോദി ചെയ്തത്.
എന്നാല്‍ മോദി സര്‍ക്കാര്‍ അവിടംകൊണ്ടും നിര്‍ത്തിയില്ല. ആര്‍.ബി.ഐ പലിശനിരക്ക് കുറയ്ക്കണമെന്നും കൂടുതല്‍ ലാഭ വിഹിതം സര്‍ക്കാരിന് നല്‍കണമെന്നും സര്‍ക്കാര്‍ ശഠിച്ചു. നോട്ടുനിരോധനം നടപ്പിലാക്കാന്‍ ഉണ്ടായ അധിക ചെലവ് കാരണം നടുവൊടിഞ്ഞ റിസര്‍വ് ബാങ്കിന് ഇത് താങ്ങാനാകുമായിരുന്നില്ല.
ഇതിനുശേഷമാണ് ‘ഫെബ്രുവരി 2 സര്‍ക്കുലര്‍’ എന്നറിയപ്പെടുന്ന തീരുമാനം ആര്‍.ബി.ഐ എടുത്തത്. 25 കോടിയിലധികമുള്ള എല്ലാ വായ്പകളും അവ ഒരുദിവസമെങ്കിലും തിരിച്ചടവ് മുടക്കിയാല്‍ അത് സമ്മര്‍ദ്ദ വായ്പകള്‍ (Stressed Loan) എന്ന ഗണത്തില്‍ പെടുത്തണം എന്നായിരുന്നു ഈ സര്‍ക്കുലറിന്റെ സാരാംശം. Corporate Dept Rtseructuring, tSrategic Dept Rtseructuring, Flexible Srtucturing of Project Loans എന്നീ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി വന്‍കിട കമ്പനികളുടെ വായ്പകളെ ബാങ്കുകള്‍ തിരിച്ചടവിന് നിര്‍ബന്ധിക്കാതിരിക്കുകയും അവ വന്‍ കിട്ടാക്കടങ്ങളായി മാറുകയുമായിരുന്നു. എന്നാല്‍ ഈ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നയം. ആര്‍.ബി.ഐ അതിന് തയ്യാറായില്ല.
നീരവ് മോദിയുടെ തട്ടിപ്പിനുശേഷം റിസര്‍വ് ബാങ്ക് കൃത്യമായ തിരുത്തല്‍ നടപടിയുമായി (Prompt Corrective Action) രംഗത്തുവന്നു. ഇതിന്റെ ഫലമായി പൊതുമേഖലാ ബാങ്കുകള്‍ക്ക് വീണ്ടും പണം നല്‍കി ശക്തിപ്പെടുത്തേണ്ട ചുമതല സര്‍ക്കാരിനായി. ഇതോടെ അരുണ്‍ ജെയ്റ്റ്ലി പരസ്യമായി റിസര്‍വ് ബാങ്കിനെതിരെ തിരിഞ്ഞു. സര്‍ക്കാര്‍ പലതരത്തിലുള്ള സമ്മര്‍ദ്ദത്തിലൂടെ ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡിനെ ഏത് കടലാസിലും ഒപ്പുവക്കുന്ന സംഘമായി അധഃപതിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, നോട്ടുനിരോധനത്തിന് മൂകസാക്ഷിയായി നിന്നുകൊടുത്ത ആര്‍.ബി.ഐയും ഉര്‍ജിത് പട്ടേലും അത്രത്തോളം താഴാന്‍ തയ്യാറായിരുന്നില്ല.
സര്‍ക്കാരും തങ്ങളുടെ ലക്ഷ്യം ഉപേക്ഷിച്ചില്ല. പല മന്ത്രാലയങ്ങള്‍ ചേര്‍ന്ന ഒരു സമിതി രൂപീകരിക്കുകയും ആ സമിതി ആര്‍.ബി.ഐയുടെ നിയന്ത്രണത്തിന് പുറത്ത് സര്‍ക്കാര്‍ നിയോഗിക്കുന്ന വ്യക്തി അധ്യക്ഷനായ ഒരു സ്വതന്ത്ര ജമ്യാലി Payment Regulatory Board (PRB) രൂപീകരിക്കാനുള്ള നിര്‍ദ്ദേശവുമായി രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ അധികാര പരിധി കവര്‍ന്നെടുക്കാനുള്ള ഈ നീക്കത്തെ ആര്‍.ബി.ഐ ശക്തമായി എതിര്‍ത്തു. ഇത് 2018 ഒക്ടോബറിലായിരുന്നു.
അപ്പോഴേക്കും സൂപ്പര്‍ ക്യാബിനറ്റായി പ്രവര്‍ത്തിക്കുന്ന നിഴല്‍ സംഘവും ഉണര്‍ന്നു. ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ നാച്ചിഡറ്റ് മോറിനെ പുറത്താക്കണമെന്നായി സ്വദേശി ജാഗരണ്‍ മഞ്ച് എന്ന സംഘ്പരിവാര്‍ സംഘടന. എന്നാല്‍ നോട്ടുനിരോധനത്തിന് കൂട്ടുനിന്ന നാച്ചിഡറ്റ് മോറിന് മോദി വീണ്ടും ഒരു ടേം കൂടി കാലാവധി നീട്ടി നല്‍കി. എങ്കിലും മാസങ്ങള്‍ക്കകം ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് മോറിനെ നീക്കേണ്ടിവന്നു. പകരം സ്വദേശി ജാഗരണ്‍ മഞ്ചിന്റെ എസ് ഗുരുമൂര്‍ത്തിയെയും ആര്‍.എസ്.എസുകാരനായ സതീഷ് മറാത്തേയെയും നിയമിച്ചു.
രഘുറാം രാജന്‍
ഒരു രാജ്യത്തെ സെന്‍ട്രല്‍ ബാങ്കില്‍ സര്‍ക്കാര്‍ ഇതര താല്‍പര്യത്തോടെ ഇടപെടുന്നത് അതിന്റെ സമ്പത്ത് ഘടനയെത്തന്നെ തകര്‍ക്കുമെന്ന്, അര്‍ജന്റീനയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച് ആര്‍.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ വിരാല്‍ ആചാര്യ രംഗത്തുവന്നത് ഈ ഘട്ടത്തിലാണ്. തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. ഇതോടെ ആര്‍.ബി.ഐ ഇനി ഗുരുമൂര്‍ത്തിമാരും മറാത്തേമാരും ഭരിക്കും എന്ന സ്ഥിതി വന്നു.
ആസൂത്രണ കമ്മീഷന്‍: പഞ്ചവല്‍സര പദ്ധതികള്‍ ആസൂത്രണം ചെയ്യുക വഴി ഇന്ത്യയുടെ വികസനത്തിന് സുപ്രധാന പങ്കുവഹിച്ച ഭരണഘടനാ സ്ഥാപനമായിരുന്നു ആസൂത്രണ കമ്മീഷന്‍. വിവിധ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഫണ്ട് അനുവദിക്കുക എന്ന വിപുലമായ അധികാരങ്ങളുള്ള സ്ഥാപനം. ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് കൊണ്ടുവന്നപ്പോള്‍ അത് വെറുമൊരു ഉപദേശക സമിതിയായി മാറി. ഫണ്ട് അനുവദിക്കാനുള്ള അവകാശം എടുത്തുമാറ്റി ധനകാര്യ മന്ത്രാലയത്തില്‍ നിക്ഷിപ്തമാക്കി. അധികാര കേന്ദ്രീകരണത്തിന്റെ മറ്റൊരു ഉദാഹരണം.
വിവരാവകാശ കമ്മീഷന്‍: വിപ്ലവകരമെന്ന് കണക്കാക്കപ്പെട്ട വിവരാവകാശ നിയമത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ആ നിയമത്തിന്റെ അന്തസത്തയെത്തന്നെ ഇല്ലാതാക്കി. സര്‍ക്കാരുകള്‍ക്ക് തോന്നുംപടി മാറ്റാനാകാത്ത വിധത്തില്‍ അഞ്ചുവര്‍ഷത്തേക്ക് നിശ്ചയിക്കപ്പെട്ടിരുന്ന ഇന്‍ഫര്‍നേഷന്‍ കമ്മീഷണറുടെ നിയമന കാലം മോദി എടുത്തുമാറ്റി. സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും കമ്മീഷണര്‍മാരെ മാറ്റാം എന്ന പരിഷ്‌കാരം കൊണ്ടുവന്നു. വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനമാകെ സര്‍ക്കാരിനെ ആശ്രയിച്ചുനില്‍ക്കുന്ന അവസ്ഥയിലെത്തിച്ചു.
കോടതിവളപ്പിലെ കയ്യേറ്റങ്ങള്‍
ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിക്ക് നേരെ നടന്ന കൈയ്യേറ്റങ്ങളാണ് മോദീ ഭരണകാലത്ത് ഏറ്റവും പരസ്യമാക്കപ്പെട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി നാല് ന്യായാധിപന്മാര്‍-ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസ് മഥന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍- 2018 ജനുവരി 12ന് വാര്‍ത്താ സമ്മേളനം വിളിച്ച് നീതിനിര്‍വ്വഹണ സംവിധാനത്തിനകത്തെ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രശ്നങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി രണ്ടുമാസം കാത്തിരുന്ന ശേഷമാണ് ഈ ന്യായാധിപന്മാര്‍ ഇത്തരമൊരു നീക്കം നടത്തിയത്.
ജനുവരി 12ന് സുപ്രീം കോടതി ജഡ്ജിമാര് നടത്തിയ വാര്‍ത്താ സമ്മേളനം
അവര്‍ പുറമേക്ക് പറഞ്ഞ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അവര്‍ പറയാതെ പറഞ്ഞ കാര്യം മോദീ സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ റോസ്റ്റര്‍ തയ്യാറാക്കപ്പെടുന്നു എന്ന വിഷയമാണ്. അതിലൊന്നായിരുന്നു ജഡ്ജ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്. ഇന്ത്യന്‍ ജുഡീഷ്യറിയെ പരിരക്ഷിക്കാന്‍ ജനങ്ങള്‍ ഇടപെടണം എന്ന ആവശ്യമാണ് ഇവര്‍ ഉന്നയിച്ചത്. നീതി തേടുന്ന പൗരന്മാര്‍ക്ക് അവസാന അത്താണിയാണ് ജുഡീഷ്യറി എന്നാണ് നാം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. മോദീകാലത്ത് പരമോന്നത നീതി പീഠത്തിലെ ന്യായാധിപന്മാര്‍ത്തന്നെ പറയുന്നു ജനങ്ങള്‍ മുന്നിട്ടിറങ്ങി നീതി വ്യവസ്ഥയെ സംരക്ഷിക്കണമെന്ന്.
ഹൈക്കോടതികള്‍/കൊളീജിയം: ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശകളുടെമേല്‍ മോദി സര്‍ക്കാര്‍ ഒരു വര്‍ഷക്കാലം അടയിരുന്നതായി ചീഫ് ജസ്റ്റിസ് തന്നെയാണ് രാജ്യത്തെ അറിയിച്ചത്. ഈ കാലവിളംബത്തിനുശേഷം 43 ജഡ്ജിമാരുടെ പേരുകള്‍ സര്‍ക്കാര്‍ തിരിച്ചയച്ചു. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ജസ്റ്റിസ് കെ.എം ജോസഫിന്റെ പേരും തിരിച്ചയക്കപ്പെട്ടു. കേന്ദ്ര നിയമകാര്യ സഹമന്ത്രി പി.പി ചൗധരി പറഞ്ഞത് ഒരു ജഡ്ജിയുടെ നിയമനം രാജ്യ സുരക്ഷയ്ക്ക് എതിരാവുമെങ്കില്‍ അത് തടയാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നാണ്. ഈ 43 ന്യായാധിപന്മാര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് വ്യംഗ്യം. നിയമിക്കപ്പെടേണ്ട ജഡ്ജിമാരുടെ മറ്റൊരു ലിസ്റ്റ് തങ്ങളുടെ കൈവശമുണ്ടെന്നാണ് സര്‍ക്കാര്‍ പറയാതെ പറഞ്ഞത്. അതിനായി ദേശീയ സുരക്ഷ എന്ന പതിവ് വാദം ഉന്നയിച്ചു എന്നുമാത്രം.
സിവിസി: 2015ല്‍ കെ.വി ചൗധരിയെ മോദി ചീഫ് വിജിലന്‍സ് കമ്മീഷണറായി നിയമിച്ചു. നീര റാഡി ടേപ്പ് കേസ്, സി.ബി.ഐ ഓഫീസര്‍മാരുടെ യുദ്ധത്തിന് കാരണമായ മൊയിന്‍ ഖുറേഷി കേസ് തുടങ്ങിയവയുള്‍പ്പെടെ നിരവധി ക്രിമിനല്‍/അഴിമതി കേസിലെ ചൗധരിയുടെ ഇടപെടലുകളേക്കുറിച്ചും പങ്കിനേക്കുറിച്ചും ആരോപണങ്ങളുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ നിയമിച്ചതിലൂടെ പ്രധാനമന്ത്രി സി.വി.സി ഓഫീസിന്റെ ഔന്നത്യം താഴ്ത്തിക്കളഞ്ഞു.
സി.വി.സിയ്ക്ക് ‘ഭരണാഘടനാ ലംഘനത്തിന്റെ സഹകാരി’ എന്ന പുതിയ വികാസരൂപം നല്‍കി കോണ്‍ഗ്രസ് രംഗത്തെത്തി. സി.ബി.ഐ മേധാവിയും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സി.വി.സി പക്ഷപാതിത്വം കാണിച്ച് ഗവണ്‍മെന്റിനൊപ്പം നിന്നെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. സി.വി.സിയുടെ തോളില്‍ നിന്ന് മോദി ‘രാഷ്ട്രീയ വെടിയുണ്ടകള്‍’ ഉതിര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അഴിമതിക്കെതിരെ അന്തിമ വാക്ക് ആകേണ്ടിയിരുന്ന ഒരു സ്ഥാപനം ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, മാറ്റപ്പെട്ടത്.
അമിത് ഷാ
ന്യൂസ്റൂമുകളിലെത്തിയ സമഗ്രാധിപത്യം
ഈ സര്‍ക്കാര്‍ അതിന്റെ സാക്ഷാലുള്ള സ്വഭാവമനുസരിച്ച് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളേയും വെറുതെ വിട്ടില്ല. പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കൂടെ കൂട്ടുന്ന സമ്പ്രദായം അവസാനിപ്പിക്കലായിരുന്നു മോദിയുടെ ആദ്യത്തെ നടപടികളിലൊന്ന്. തന്റെ അഞ്ച് വര്‍ഷ ഭരണകാലയളവില്‍ അത്യപൂര്‍വ്വമായി മാത്രമേ പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ടുള്ളൂ. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട വാര്‍ത്താസമ്മേളനങ്ങള്‍ക്ക് പകരം മോദി തെരഞ്ഞെടുത്തത് റേഡിയോ സന്ദേശങ്ങളാണ്.
അഭിമുഖങ്ങള്‍ നല്‍കിയെങ്കില്‍ തന്നെ അത് ചില പ്രത്യേക മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. ഈ അഭിമുഖങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാത്തവയും അരുണ്‍ ഷൂറി ‘ഉത്തര കൊറിയന്‍ മീഡിയ’ എന്ന് വിശേഷിപ്പിച്ച, സ്തുതിപാഠകരായ മാധ്യമങ്ങളാല്‍ മുന്‍കൂട്ടി ക്രമീകരിച്ചവയുമായിരുന്നു. ഇത് മാധ്യമങ്ങളെ മാത്രം സംബന്ധിക്കുന്ന കാര്യമായല്ല കാണേണ്ടത്. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമില്ലെന്ന് പ്രധാനമന്ത്രി കരുതുന്നതാണ് അതിലേറെ ഗൗരവതരം. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കേന്ദ്രീകരിച്ച മോദീ സര്‍ക്കാരിന് തന്നെയാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യങ്ങളോട് ഏറ്റവും മോശമായി പ്രതികരിച്ച ട്രാക്ക് റെക്കോഡുള്ളത്. മോദിയുടെ പി.എം ഓഫീസ് കാരണമില്ലാതെ തിരസ്‌കരിച്ച ആര്‍.ടി.ഐ അന്വേഷണങ്ങള്‍ മുന്‍പത്തേക്കാള്‍ 80 ശതമാനത്തോളം കൂടുതലാണ്.
മോദി സര്‍ക്കാര്‍ തങ്ങളുടെ നേതാക്കളുടെ ദുഷ്ചെയ്തികളേക്കുറിച്ചുള്ള വാര്‍ത്തകള്‍ മൂടിവെയ്ക്കാന്‍ അധികാരം ഉപയോഗിച്ചു എന്നതാണ് അതിലും വഷളായ കാര്യം. അധികാരത്തിന് മാധ്യമങ്ങള്‍ വഴങ്ങുന്ന ശോചനീയാവസ്ഥ നമ്മള്‍ വേണ്ടുവോളം കണ്ടു. ബി.ജെ.പി ദേശീയ പ്രസിഡന്റ് കുറ്റാരോപിതനായ വിവാദ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിക്കാതെ, വേണ്ടത്ര മാധ്യമശ്രദ്ധയാകര്‍ഷിക്കാതെ കടന്നുപോയി.
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സംശയാസ്പദമായ ബിസിനസ് ഇടപാടുകളേക്കുറിച്ചുള്ള വാര്‍ത്തകളും ഏറ്റെടുക്കാന്‍ ആളില്ലായിരുന്നു. മാധ്യമങ്ങള്‍ നിശ്ശബ്ദരാക്കപ്പെടുകയായിരുന്നു. ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ ജയ് ഷായ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായി. അലഹബാദിലെ കോടതി ജയ് ഷായുടെ ബിസിനസിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിനെ വിലക്കിയതും നമുക്കറിയാം. ദ വയറിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ പോലും ഇട നല്‍കാതെയായിരുന്നു ഈ കോടതി ഉത്തരവ്.
മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങളെ പ്രതിരോധിച്ച് നിന്ന ചാനലുകളിലൊന്നായിരുന്നു എന്‍.ഡി. ടി.വി. വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അവരുടെ ഹിന്ദിഭാഷ ചാനല്‍ ഒരു ദിവസത്തേക്ക് സംപ്രേഷണം ചെയ്യുന്നത് തടഞ്ഞ സംഭവുണ്ടായി. പക്ഷെ അവര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചു നിന്നു. എന്നാല്‍ എന്‍.ഡി .ടി.വിയും വഴങ്ങുന്നതുവരെ സര്‍ക്കാര്‍ ഏജന്‍സികള്‍ റെയ്ഡുനടത്തുന്നതും ദ്രോഹിക്കുന്നതും തുടര്‍ന്നു. ജയ് ഷായുടെ കച്ചവട ഇടപാടുകളേക്കുറിച്ച് അവരുടെ മാനേജിങ് എഡിറ്റര്‍ ശ്രീനിവാസന്‍ തയ്യാറാക്കിയ വാര്‍ത്ത പ്രസിദ്ധീകരിച്ച ശേഷം വെബ്സൈറ്റില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടു. ശ്രീനിവാസന്റെ പ്രതിഷേധം വകവെയ്ക്കാതെയായിരുന്നു ഇത്. ‘ജയ് ഷാ’ വാര്‍ത്തയേക്കുറിച്ച് അന്വേഷണം നടത്തിയ രോഹിണി സിങ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളേക്കുറിച്ച് പരാതിപ്പെട്ടിരുന്നു.
ജയ് ഷാ മോദിയ്ക്കും അമിത് ഷായ്ക്കുമൊപ്പം
ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് സിങ് ലോക്സഭയില്‍ അറിയിച്ചതുപ്രകാരം 2014-15 കാലഘട്ടത്തില്‍ മാത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ 142 ആക്രമണങ്ങളാണുണ്ടായത്. 2015ല്‍ നാല് ജേണലിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 2016 ജനുവരി മുതല്‍ 2017 ഏപ്രില്‍ വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ 54 ആക്രമണങ്ങളും ഏഴ് കൊലപാതകങ്ങളും ഉണ്ടായെന്ന് ‘ഹൂട്ട് ഇന്ത്യ ഫ്രീംഡം റിപ്പോര്‍ട്ട്’ ചൂണ്ടിക്കാട്ടുന്നു. ഗൗരി ലങ്കേഷ് വധം ഉള്‍പ്പെടെയാണിത്.
2002 ഗുജറാത്ത് കലാപത്തിലെ സര്‍ക്കാരിന്റെ പങ്ക് തുറന്ന് കാട്ടിക്കൊണ്ട് ‘ഗുജറാത്ത് ഫയല്‍സ്: ഒരു മൂടിവെയ്ക്കലിന്റെ അപഗ്രഥനം’ എന്ന പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകയാണ് റാണാ അയ്യൂബ്. വ്യാജ ട്വീറ്റുകളിലൂടെയും ഭീഷണി മെസ്സേജുകളിലൂടെയും കുട്ടികളെ ബലാത്സംഗം ചെയ്യുന്നയാളായി മുദ്ര കുത്തി റാണയും ആക്രമിക്കപ്പെട്ടു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും അതുണ്ടാക്കിയില്ല. റാണയ്ക്കെതിരെയുള്ള ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭാ ഇടപെടലുണ്ടായി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, രാജ്ദീപ് സര്‍ദേശായി, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കും മോഡി സേനയില്‍ നിന്നും സമാനമായ ഭീഷണികള്‍ നേരിടേണ്ടതായി വന്നു. എല്ലായിടത്തും അവര്‍ ദേശവിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടുന്നു. കേന്ദ്ര മന്ത്രി വി.കെ സിങ് മാധ്യമപ്രവര്‍ത്തകരെ (നോര്‍ത്ത് കൊറിയന്‍ മാധ്യമങ്ങള്‍ ഒഴികെ) ‘പ്രസ്റ്റിറ്റിയൂട്ട്‌സ്’ എന്നാണ് വിളിച്ചത്. വിമര്‍ശനാത്മകമായ വാര്‍ത്തകള്‍ ചെയ്യുന്ന മാധ്യമങ്ങളെ നേരിടാന്‍ മോദി ഭക്തര്‍ ഈ വാക്ക് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
ഇവയെ ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് വിളിക്കുന്നതെങ്കില്‍ ഇതിന്റെ തന്നെ വ്യവസ്ഥിതമായ മറ്റൊരു രൂപമുണ്ട്. അത് പ്രവര്‍ത്തിക്കുന്നത് ഏതാണ്ട് ഇങ്ങനെയാണ്. ഡല്‍ഹിയില്‍ സൂചനാ ഭവന്‍ എന്ന കെട്ടിടത്തിലെ പത്താം നിലയില്‍ ഒരു 200 അംഗ സംഘം ഇരിക്കുന്നു. അവര്‍ തുടര്‍ച്ചയായും സൂക്ഷ്മമായും ടിവി ചാനലുകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ചാനലുകളില്‍ വിളിച്ച് മോദിയ്ക്കും അമിത് ഷായ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നു. വശപ്പെടുത്താന്‍ ശ്രമിക്കുന്നതിനൊപ്പം ഭീഷണിയുടെ സ്വരവും ഉപയോഗിക്കും.
ചാനലുകള്‍ നിരീക്ഷിക്കുക മാത്രം ചെയ്യുന്ന 150 പേര്‍ ചേര്‍ന്ന് ഒരു റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാരിന് വേണ്ടുന്ന തരത്തില്‍ 25 പേര്‍ ചേര്‍ന്ന് ആ റിപ്പോര്‍ട്ടിനെ മാറ്റും. ശേഷിക്കുന്ന 25 പേര്‍ ചേര്‍ന്ന് ഈ റിപ്പോര്‍ട്ടിനേക്കുറിച്ച് നിരൂപണം നടത്തും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിക്ക് നല്‍കാനുള്ള അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. ഐ&ബി മന്ത്രി മുഖേന സജ്ജരാകുന്ന പി.എം ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇവ കൈകാര്യം ചെയ്യേണ്ട രീതികള്‍ തയ്യാറാക്കും. തുടര്‍ന്ന് എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നുമുള്ള ഉത്തരവുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് ലഭിക്കുന്നു.
അസാന്‍മാര്‍ഗികമായ എല്ലാത്തരത്തിലുള്ള അധികാര ദുര്‍വിനിയോഗവും മാധ്യമങ്ങളെ അധീനത്തിലാക്കാന്‍ പ്രയോഗിച്ചിട്ടുണ്ട്. എ.ബി.പിയുടെ അനുഭവം ഒരു കേസ് സ്റ്റഡിയാണ്. പൂന്യ പ്രസൂണ്‍ ബജ്പേയുടെ ‘മാസ്റ്റര്‍ സ്ട്രോക്ക്’ എന്ന പരിപാടി ടി.ആര്‍.പി റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരുന്ന ബജ്പേ പരിപാടില്‍ ഇനി മോദിയുടെ മുഖം കാണിക്കരുതെന്ന് മേല്‍പറഞ്ഞ സൂത്രധാരന്‍മാരുടെ തിട്ടൂരമുണ്ടായി. ബജ്പേ വഴങ്ങാതായതോടെ പ്രൈംടൈമില്‍ എ.ബി.പിയുടെ സാറ്റലൈറ്റ് ലിങ്ക് കേടായിത്തുടങ്ങി. പ്രക്ഷേപണത്തെ അത് ബാധിച്ചു. തുടര്‍ന്ന് ചില പരസ്യദാതാക്കള്‍ തങ്ങളുടെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ആരംഭിച്ചു. ഏറ്റവും വലിയ പരസ്യദായകരായ പതഞ്ജലിയും പിന്മാറി. എ.ബി.പിയില്‍ നിന്നും രാജിവെയ്ക്കാന്‍ ബജ്പേ നിര്‍ബന്ധിതനായി. ഓഗസ്റ്റ് രണ്ടിന് ബജ്പേ ചാനലില്‍ നിന്നും രാജിവെച്ചു. അതേദിവസം തന്നെ പതഞ്ജലി പരസ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു, അന്ന് രാത്രി മുതല്‍ എ.ബി.പിയുടെ സാറ്റലൈറ്റ് ലിങ്ക് ഒരു കുഴപ്പവും കൂടാതെ പ്രവര്‍ത്തിച്ചു.
‘മീശ’ നോവല്‍ വിവാദത്തേത്തുടര്‍ന്ന് മാതൃഭൂമിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പരസ്യങ്ങള്‍ പിന്‍വലിക്കപ്പെട്ടത് എങ്ങനെയാണെന്ന് കേരളം കണ്ടതാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനും
ഒരു കള്ളിയിലേക്കോ ഒരു ‘തൂണിലേക്കോ’ ഒതുക്കാന്‍ പറ്റാത്ത പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ. ഈ സ്ഥാപനങ്ങളും അവയുടെ സ്വയംഭരണാധികാരവും മറ്റ് സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയായ ഇത്തരം സ്ഥാപനങ്ങളും ഈ ഭരണത്തില്‍ കീഴില്‍ ഇടിച്ചുതാഴ്ത്തപ്പെട്ട അവസ്ഥയിലെത്തുകയും ദ്രവിക്കുകയും ചെയ്തു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായി കണക്കാക്കുന്നത് അതിന്റെ വലിപ്പത്തെ മാത്രം മുന്‍നിര്‍ത്തിയല്ല. സര്‍ക്കാരുകളെയും മറ്റ് സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് കാലത്തെങ്കിലും വരച്ച വരയില്‍ നിര്‍ത്തുന്ന ഭരണാഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയില്‍ വലിയ പങ്കുണ്ട്. എന്നാല്‍ മോദി ഭരണകാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും പാവയാക്കപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായി. നരേന്ദ്ര മോദി ‘മിഷന്‍ ശക്തി’ പരീക്ഷണത്തെക്കുറിച്ച് രാജ്യത്തെ അഭിംസബോധന ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിലുള്ള കമ്മീഷന്റെ നിലപാട് ഏറ്റവും ഒടുവിലത്തേതാണ്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് ശേഷമുള്ള മോദിയുടെ അഭിസംബോധന, ചട്ടലംഘനമാണെന്ന് കാട്ടി സി.പി.ഐ.എം നല്‍കിയ പരാതിക്ക് കമ്മീഷന്‍ നല്‍കിയ വിശദീകരണം വിചിത്രമായിരുന്നു. മോദിയുടെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തത് ചട്ടലംഘനമാണെന്ന വിമര്‍ശനത്തിന് കമ്മീഷന്‍ പറഞ്ഞ മറുപടി, അത് ദൂരദര്‍ശന്റെ തല്‍സമയ സംപ്രേക്ഷമായിരുന്നില്ലെന്നും ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (എ.എന്‍.ഐ) എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഫീഡ് കടംകൊണ്ടതാണ് എന്നുമായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ 2017ല്‍ സംസ്ഥാനത്താകെ ബി.ജെ.പി സര്‍ക്കാര്‍ പ്രളയ സഹായം വിതരണം ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായി. എന്നാല്‍ 2014ല്‍ സമാനമായ സാഹചര്യത്തില്‍ ജമ്മുകശ്മീരില്‍ സഹായ വിതരണത്തിന് കാത്തുനില്‍ക്കാതെ കമ്മീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ഡല്‍ഹി നിയമസഭയിലെ 20 ആംആദ്മി എം.എല്‍.എമാരെ ഓഫീസ് ഓഫ് പ്രോഫിറ്റ് കേസില്‍ അയോഗ്യരാക്കപ്പെട്ടപ്പോള്‍ കമ്മീഷന്റെ വിശ്വാസ്യത വീണ്ടും തകര്‍ന്നു. വേണ്ടത്ര സൂക്ഷ്മത ഇല്ലാതെയാണ് കമ്മീഷന്‍ തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടി കോടതി ആ തീരുമാനം റദ്ദാക്കി. ഇലക്ട്രാണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുയര്‍ന്ന സാങ്കേതികവും ശാസ്ത്രീയവുമായ ചോദ്യങ്ങളെ പരിഗണിക്കുന്നതിന് പകരം അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസ്താവന പ്രതിധ്വനിപ്പിക്കുക മാത്രമാണ് കമ്മീഷന്‍ ചെയ്തത്.
ഭരണഘടനാസ്ഥാപനങ്ങള്‍ക്കും മാധ്യമസ്വാതന്ത്ര്യത്തിനും നേരെയുണ്ടായ നഗ്നമായ കയ്യേറ്റങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖം വെളിവാക്കിയത്. മോദിയുടെ തുടര്‍ഭരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യമാകുമെന്ന് വിലയിരുത്തപ്പെടുന്നതും, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണഘടനാ ധ്വംസനങ്ങളെ പ്രതിയാണ്. പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ഉള്‍പ്പെട്ട ലജിസ്ലേച്ചര്‍, കേന്ദ്ര കാബിനറ്റും സംസ്ഥാന സര്‍ക്കാരുകളും സി.ബി.ഐ, ആര്‍.ബി.ഐ തുടങ്ങിയ സംവിധാനങ്ങളും ചേര്‍ന്ന എക്‌സിക്യുട്ടീവ്, സുപ്രീംകോടതിയും കീഴ്‌ക്കോടതികളും ലോക്പാല്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുമുള്‍പ്പെട്ട ജ്യുഡീഷ്യറി, പൊതു ഉടമസ്ഥതയിലുള്ളതും അല്ലാത്തവയുമായ മാധ്യമ സമൂഹം – ഈ നാല് സംവിധാനങ്ങളോടും മോദി സര്‍ക്കാര്‍ ചെയ്ത അതിക്രമങ്ങള്‍ പരിഹരിക്കാന്‍, ഇന്ത്യ എന്ന ആശയത്തോടും ഭരണഘടനാ മൂല്യങ്ങളോടും ഉറച്ച പ്രതിബദ്ധതയുള്ള ഒരു മതേതര ജനാധിപത്യ സര്‍ക്കാരിന് മാത്രമേ കഴിയൂ.
കടപ്പാട്: ന്യൂസ്റപ്റ്റ്