| Friday, 24th April 2020, 11:18 pm

'അസാധാരണ സാഹചര്യം എന്ന് വെറുംവയറ്റില്‍ 12 തവണ ഉരുവിട്ടാല്‍ ഇടതുപക്ഷ രാഷ്ട്രീയമാകുമോ'; മരിക്കാന്‍ ഭയമില്ലെന്ന് പറഞ്ഞിട്ട് മരണം എന്നെഴുതിക്കാണിച്ചാല്‍ ഇട്ടിട്ട് പോവുന്നതാണോ രാഷ്ട്രീയമെന്ന് ജോസഫ്.സി.മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു. സ്പ്രിംക്ലര്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കിയ കോടതി വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ സോ കോള്‍ഡ് ബൂര്‍ഷ്വാ കോടതി ഒരു ഇടതുപക്ഷ സര്‍ക്കാരിനേക്കാള്‍ ഇടതുപക്ഷത്ത് നില്‍ക്കുക എന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം

കോടതിയില്‍ അവസാന നിമിഷം വരെ സര്‍ക്കാര്‍ പറയാന്‍ ശ്രമിച്ചത് ഒരു പൗരനോട് പറയാതെതന്നെ അവന്റെ വിവരങ്ങള്‍ എടുക്കാനുള്ള അനുമതി നല്‍കണം എന്നാണ്. ഒരു പൗരനോട് അവന്റെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് പ്രൊസസിങിന് കൊടുക്കുന്നു എന്ന വിവരം പറയേണ്ടതില്ല എന്ന രീതിയിലാണ് ഐ.ടി സെക്രട്ടറിയും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്നുപറഞ്ഞാല്‍, അസാധാരണ സാഹചര്യം എന്ന് വെറും വയറ്റില്‍ പന്ത്രണ്ട് തവണ ഉരുവിട്ടുകൊണ്ടിരുന്നാല്‍ ഇടതുപക്ഷ പക്ഷ രാഷ്ട്രീയമാകുമോ? ഒരു സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ പറ്റുന്നതല്ലേ രാഷ്ട്രീയം? നമ്മള്‍ മരിക്കാന്‍ ഭയമില്ല, തോല്‍ക്കാന്‍ മനസില്ല എന്ന് പറയുന്നിടത്ത് മരണം എന്നെഴുതിക്കാണിച്ചാല്‍ ഇട്ടിട്ട് പോവേണ്ടതാണോ രാഷ്ട്രീയം? എനിക്കിതൊന്നും മനസിലാവുന്നേയില്ല’, ജോസഫ് സി മാത്യും പറഞ്ഞു.

ജനങ്ങളോട് ഇക്കാര്യം പറയരുത് പറഞ്ഞാല്‍ അവര്‍ തരില്ല എന്ന് പറഞ്ഞുകൊണ്ട് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്. അടിയന്തിരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയത് പോലെ, ചേരി നിര്‍മാര്‍ജനം നടത്തിയത് പോലെ. ഇങ്ങനെ ഓരോ സാഹചര്യം പറഞ്ഞ് ജനങ്ങളുടെ മേല്‍ കുതിര കയറിക്കൊണ്ടല്ല ഇത് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത് ഈ കാലഘട്ടത്തെ നമ്മള്‍ അതിജീവിച്ചത് ഒന്നിച്ചുനിന്നുകൊണ്ടാണ് എന്നാണ്. അങ്ങനെ ഒന്നിച്ചുനില്‍ക്കുന്ന ഒരു സമൂഹത്തോട് എന്തുകൊണ്ട് ഇതിന്റെ ആവശ്യകത പറയുന്നില്ല? വീടുവിട്ടിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പറയുന്നത് ജനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. . കാരണം, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതേപോലെതന്നെ നിങ്ങളുടെ സ്വകാര്യത ഇപ്പോള്‍ കവര്‍ന്നെടുക്കേണ്ട ആവശ്യകതയുണ്ടെന്ന് ബോധ്യപ്പെടുത്തൂ. ബോധ്യപ്പെടുത്തിയിട്ട് കവര്‍ന്നെടുക്കൂ. അതാണ് ജനാധിപത്യം എന്ന് പറയുന്നത്’.

‘അതിന് പകരം ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്തത്, ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്, പ്രത്യേകിച്ച് ഒരു സംസ്ഥാനത്ത് മാത്രം ഭരണത്തിലിരിക്കുകയും ഇതര സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തിരിക്കുകയും ചെയ്യുമ്പോള്‍ അഖിലേന്ത്യാ തലത്തിലുള്ള മുഴുവന്‍ രാഷ്ട്രീയവും കളഞ്ഞു കുളിക്കുന്ന ഒരു നിലപാടാണിത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more