| Wednesday, 19th February 2020, 5:56 pm

നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഇവിടെ കച്ചവടം നടക്കുകയാണ്; കേരള പൊലീസ് അഴിമതി വിവാദത്തില്‍ ജോസഫ് സി മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊലീസ് വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ വലിയ അഴിമതി ആരോപണങ്ങളാണ് വകുപ്പിനും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷം ഉന്നയിച്ചത്. തോക്കുകളും ഉണ്ടകളും കാണാതായത് കൂടാതെ ഗതാഗതനിയമലംഘനം കണ്ടെത്താനുള്ള പദ്ധതിയിലും വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പൊലീസ് വകുപ്പിനും സര്‍ക്കാരിനും എതിരെ നിരന്തര ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിവിധ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നതിലെ ക്രമക്കേടുകളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് മുന്‍ ഐ.ടി ഉപദേവാഷ്ടവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യു.

സര്‍ക്കാറിന്റെ പല പദ്ധതികളും ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കുന്നതായുള്ള ആക്ഷേപം സമീപകാലത്തായി ഉയര്‍ന്നുവരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന പദവി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ വഴി ടെന്‍ഡര്‍ വിളിക്കാതെ പദ്ധതികള്‍ക്കുള്ള കരാര്‍ നല്‍കാമെന്നാണ് ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിയമസഭയില്‍ പറയുന്നത്. എന്നാല്‍ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്നത് ചില കമ്പനികള്‍ക്ക് നല്‍കിയട്ടുള്ള പദവി മാത്രമാണ്.

സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന പദവി നല്‍കിയിട്ടുള്ള കമ്പനികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ടെന്‍ഡര്‍ തയ്യാറാക്കുന്നതിനാവശ്യമായ സാങ്കേതികവൈദഗ്ദ്ധ്യം കുറവായതിനാല്‍ അതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം മാത്രമാണ് എന്നുള്ളതാണ്. സ്വകാര്യ കമ്പനികളെ വിളിക്കേണ്ടതും കരാര്‍ നല്‍കേണ്ടതും തുടങ്ങി ടെന്‍ഡര്‍ സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുക്കേണ്ടതും അതാത് വകുപ്പുകള്‍ തന്നെയാണ്. പക്ഷെ ഈ രീതിയെ തെറ്റായി വ്യാഖ്യാനിച്ച് ടെന്‍ഡര്‍ വിളിക്കുന്നതും നല്‍കുന്നതും അടക്കമുള്ള എല്ലാ കാര്യങ്ങളും ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ക്ക് ചെയ്യാന്‍ സാധിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്.

ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് ആസ്പദമായ വിഷയങ്ങളില്‍ തന്നെ ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കുന്നതില്‍ മാത്രമാണ് ‘ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ കെല്‍ട്രോണ്‍ കമ്പനിക്ക് പൊലീസിനെ സഹായിക്കാനാവുക. സ്വകാര്യ കമ്പനികളെ വിളിക്കേണ്ടതും തെരഞ്ഞെടുക്കേണ്ടതുമടക്കമുള്ള മറ്റു എല്ലാ തീരുമാനങ്ങളും പൊലീസ് തന്നെ കൈക്കൊള്ളേണ്ടതാണ്. അതിന് പകരം ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ കമ്പനികള്‍ക്ക് ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കാം എന്ന രീതിയിലാണ് കാര്യങ്ങള്‍ നടത്തിയത്.

ഈ തെറ്റായ വ്യാഖ്യാനം മറയാക്കിക്കൊണ്ടാണ് ഇവിടെ എല്ലാ കച്ചവടങ്ങളും നടക്കുന്നത്. പൊലിസില്‍ മാത്രമല്ല, ഇത് കുറെ കാലങ്ങളായി സര്‍ക്കാറിന്റെ വിവിധ തലങ്ങളില്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഫലമായി ഈ സര്‍ക്കാര്‍ വകുപ്പുകള്‍ ഓഡിറ്റിംഗില്‍ നിന്ന് രക്ഷപ്പെടുകയാണ്. കാരണം ഈ വകുപ്പുകള്‍ ടെന്‍ഡര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത് കെല്‍ട്രോണ്‍ പോലെയുള്ള പൊതുമേഖല സ്ഥാപനത്തെയാണ്. കൂടാതെ ഈ സ്ഥാപനങ്ങളും ഓഡിറ്റിംഗിന് വിധേയമാകുന്നില്ല, കാരണം അവര്‍ വാങ്ങിയ വിലയേക്കാള്‍ കൂടിയ വിലക്കാണ് വിറ്റിരിക്കുന്നത്.

ഉദാഹരണത്തിന് ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങളെല്ലാം കെല്‍ട്രോണിന് നല്‍കിയിരിക്കുന്നതിനാല്‍ പൊതുമേഖലയില്‍ ഉള്‍പ്പെട്ട പൊലിസ് വകുപ്പ് ടെന്‍ഡര്‍ സംബന്ധിച്ച ഓഡിറ്റിംഗിന് വിധേയമാകില്ല. കെല്‍ട്രോണ്‍ കമ്പനിക്ക് ഇത്തരം ടെന്‍ഡറുകള്‍ മൂലം നഷ്ടം വന്നതായി രേഖകളിലൊന്നും ഉണ്ടാകില്ല. ഏതെങ്കിലും സ്വകാര്യ കമ്പനിയില്‍ നിന്നും വാങ്ങിയ ശേഷം അതിനേക്കാള്‍ കൂടിയ വിലക്ക് പൊതുമേഖല സ്ഥാപനത്തിന് നല്‍കുകയാണെന്നായിരിക്കും രേഖകളില്‍ ഉണ്ടാവുക. ബാലന്‍സ് ഷീറ്റില്‍ നഷ്ടം രേഖപ്പെടുത്താതിനാല്‍ കെല്‍ട്രോണും ഓഡിറ്റിംഗിന് പുറത്തുനില്‍ക്കുന്നു.

സ്വകാര്യകമ്പനിക്കാകട്ടെ അവര്‍ നേരിട്ട് പൊലിസിനെ സമീപിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ കൂടിയ തുക ലഭിക്കുകയും ചെയ്യുന്നു. അങ്ങിനെ പൊലീസും കെല്‍ട്രോണും ഗാലക്‌സോണ്‍ പോലുള്ള സ്വകാര്യ കമ്പനികളും ഓഡിറ്റിംഗിന്റെ നൂലാമാലകളിലൊന്നും പെടാതെ കൂടുതല്‍ പണം കൈമാറ്റം ചെയ്യുന്നു. കാലങ്ങളായി ഇതാണ് ഇവിടെ നടക്കുന്നത്.

ഇ – ടെന്‍ഡര്‍ വിളിച്ചു എന്നാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ടെന്‍ഡര്‍ അനുബന്ധിച്ച ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രധാനമായും പറയുന്ന മറ്റൊരു വാദം. എന്നാല്‍ ഇ – ടെന്‍ഡര്‍ ഇവരുടെ ചില വൃത്തങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന ടെന്‍ഡര്‍ ആണ്. ഇനി പുറത്തുനിന്ന് ആരെങ്കിലും വന്നാല്‍ തന്നെ ഇത്തരം വകുപ്പുകള്‍ സ്വീകരിക്കുകയുമില്ല. അതിനാവശ്യമായ നിയമങ്ങളില്ലെന്ന് മാത്രമല്ല, ലിമിറ്റഡ് ടെന്‍ഡറും ഇവിടെ നടക്കുന്നില്ല.

സ്വകാര്യ കമ്പനിയുമായി ധാരണയായ ശേഷം നിങ്ങള്‍ കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളില്‍ പോയി റൂട്ട് ചെയ്തുവരണമെന്നാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പറയുക. ഇത്തരം സ്ഥാപനങ്ങളാണെങ്കില്‍ തങ്ങളുടെ മാര്‍ജിന്‍ തന്ന് ശേഷം ടെന്‍ഡറുമായി മുന്നോട്ടുപോകാമെന്ന് സ്വകാര്യകമ്പനികളുമായി ധാരണയുണ്ടാക്കുകയും ചെയ്യും.

ടെന്‍ഡറിന്റെ സുതാര്യതയെക്കുറിച്ച് പാനസോണികിന്റെ ഈയിടെ നടന്ന കരാര്‍ സി.എ.ജി ചൂണ്ടിക്കാണിക്കുന്നുണ്ട്. ടെന്‍ഡര്‍ വിളിക്കുന്നതിന് മുന്‍പേ ടെന്‍ഡറില്‍ പങ്കെടുക്കുന്ന സ്ഥാപനമായ പാനസോണികിനോട് ഇത്ര രൂപയാണ് തങ്ങളുടെ മാര്‍ജിന്‍ എന്നും അത് തന്നാല്‍ ടെന്‍ഡറിന് വിളിക്കാം എന്നും അറിയിക്കുകയായിരുന്നു. ഇതുപ്രകാരം പാനസോണികും കെല്‍ട്രോണും തമ്മില്‍ ധാരണയായ ശേഷമാണ് ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കുന്നത്. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിചാരിച്ച കമ്പനി വരാത്തതിനാല്‍ നാല് തവണയാണ് പൊലീസ് വിളിച്ച ടെന്‍ഡര്‍ നിര്‍ത്തലാക്കിയത്. ഈ ടെന്‍ഡറില്‍ നിന്നും പുറത്തായ കമ്പനി പിന്നീട് കെല്‍ട്രോണുമായി ധാരണയിലെത്തി ടെന്‍ഡറില്ലാതെ കെല്‍ട്രോണിന്റെ കീഴില്‍ പൊലീസ് വകുപ്പില്‍ എത്തുകയും കരാര്‍ സ്വന്തമാക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങിനെ നിയമവിരുദ്ധമായ കൂട്ടുകെട്ടാണ് പൊലീസും കെല്‍ട്രോണും തമ്മിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള പദ്ധതി സ്വകാര്യകമ്പനിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട. എന്നാല്‍ അതേ സമയം കേരള പൊലീസിന്റെ നിരവധി പദ്ധതികളില്‍ അഴിമതി നടക്കുന്നുണ്ട്.

ട്രാഫിക് പാര്‍ക്ക് എന്ന പേരില്‍ എല്ലാ ജില്ലയിലും തുടങ്ങുമെന്ന് പറഞ്ഞ പദ്ധതിക്ക് 33 ലക്ഷം രൂപ മുടക്കുമെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ എവിടെയും ഈ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ പദ്ധതിയുടെ ഉദ്ദേശം പോലും വ്യക്തമല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം (വീടുകളിലും സ്ഥാപനങ്ങളിലും ക്യാമറ സ്ഥാപിച്ച് സുരക്ഷ ഒരുക്കുന്ന പദ്ധതി) എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി കേരളത്തിലെ ക്രമസമാധാനരംഗത്തെ സ്വകാര്യവത്കരിക്കുന്ന നടപടിയാണ്.
ഇതിന്റെ പ്രധാന പ്രശ്‌നം പറയുന്ന തുക നല്‍കുന്ന ഒരു വീട്ടില്‍ ക്യാമറ സ്ഥാപിച്ച് സംരക്ഷണം നല്‍കുകയും ഈ പദ്ധതിയിലേക്ക് പണം അടക്കാത്ത വീട്ടില്‍ അത്തരത്തിലുള്ള സൗകര്യം നല്‍കാതിരിക്കുകയുമാണ്. എല്ലാവര്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഈ വേര്‍തിരിവ് വെക്കുന്നതിലെ മാനദണ്ഡമെന്താണ്? യൂസര്‍ ഫീസ് തന്നാല്‍ സുരക്ഷ ഇല്ലെങ്കില്‍ സുരക്ഷ നല്‍കാനാകില്ല എന്ന പൊലിസിന് എങ്ങിനെ പറയാനാകും ?

സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കിയാല്‍ പോലും അത് തെറ്റാണ്. കൂടാതെ ഇത്തരത്തില്‍ ക്യാമറ സ്ഥാപിച്ച് നടത്തുന്ന പദ്ധതിയുടെ യൂസര്‍ ഫീസ് പിരിച്ചുനല്‍കുന്നതും ഒരു സ്വകാര്യ കമ്പനിക്കാണ്. മാത്രമല്ല ഈ സ്വകാര്യ കമ്പനിയുടെ പ്രതിനിധികള്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇരുന്നുകൊണ്ട് ക്യാമറ സ്ഥാപിച്ചിട്ടുള്ള വീടുകള്‍ നിരീക്ഷിക്കുകയും ചെയ്യും. സര്‍വൈലന്‍സിനെ(നിരീക്ഷണവലയം) സ്വകാര്യവത്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സ്വകാര്യ കമ്പനിക്ക് പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവേശനം അനുവദിക്കുമെന്നാണ് ഈ പദ്ധതിയുടെ 15 വര്‍ഷത്തേക്കുള്ള കരാറില്‍ പറയുന്നതും. വലിയ സുരക്ഷാപ്രാധാന്യനമുണ്ടെന്ന് ആവര്‍ത്തിക്കുന്ന പൊലീസ് ആസ്ഥാനത്താണ് സ്വകാര്യകമ്പനിക്കാരെ കുടിയിരുത്തുന്നത്. എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഈ കമ്പനിക്കാരുടെ പിരിവുകാരായി മാറി. എവിടെയെങ്കിലും മോഷണം നടന്നാല്‍ ആ പ്രദേശവാസികളെ മോഷണത്തെക്കുറിച്ച് പറഞ്ഞു പേടിപ്പിച്ച് ആളെ പിടിച്ചുനല്‍കുകയുമാണ് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരുകാലത്തും കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു ഇടതുപക്ഷ സര്‍ക്കാരിന് എങ്ങിനെയാണ് സുരക്ഷ സ്വകാര്യവത്കരിക്കാന്‍ കഴിയുന്നതെന്ന് മനസ്സിലാക്കാനാകുന്നില്ല.’ ജോസഫ് സി മാത്യു പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more