കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം ഇന്ത്യയിലെ പത്ത് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് ഏത് ഇന്ത്യന്‍ പൗരന്റെയും കമ്പ്യൂട്ടര്‍ സംവിധാനം നിരീക്ഷണത്തില്‍ വെക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ പല ഘട്ടങ്ങളില്‍ താല്‍ക്കാലികമായി ഇത്തരം അനുമതികള്‍ പല ഏജന്‍സികള്‍ക്കും മാറി മാറി വന്ന സര്‍ക്കാറുകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ചരിത്രം പരിശോധിച്ചാല്‍ ടെലിഫോണ്‍ ടാപ്പിങ്ങില്‍ തുടങ്ങി പി.യു.സി.എല്‍ കേസിലൂടെ സുപ്രീം കോടതി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് പലപ്പോഴും ഇത് നടന്നുവന്നിരുന്നത്.
എന്നാല്‍ ഈ ഉത്തരവിനുള്ള പ്രത്യേകത ഇത് രണ്ടുപേര്‍ തമ്മിലുള്ള ആശയവിനിമയം മാത്രമല്ല നിരീക്ഷണത്തിലാക്കുക എന്നുള്ളതാണ്. ഇത് ആദ്യമായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്തുവെച്ചിരിക്കുന്ന വിവരങ്ങളും നിരീക്ഷിക്കാന്‍ അനുമതി നല്‍കുകയാണ്. ഒരുപക്ഷേ നിങ്ങള്‍ ആരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടാവില്ല. എന്നുപറയുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന നിങ്ങളുടെ ചിന്തകളെപ്പോലും നിരീക്ഷണ വലയത്തിന് കീഴില്‍കൊണ്ടുവരികയെന്നതാണ് ഈ സര്‍ക്കാറിന്റെ ലക്ഷ്യം. അവരതിന് പറയുന്ന ന്യായം അവര്‍ക്ക് ഐ.ടി ആക്ടിന്റെ സെക്ഷന്‍ 69 (1) പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടങ്ങലുടെ റൂള്‍ നാലു പ്രകാരവും അവര്‍ക്ക് ഇതിനുള്ള അനുമതിയുണ്ട്, അതിനുള്ള അവകാശമുണ്ട്, അതുകൊണ്ട് അവര്‍ നിരീക്ഷണത്തിന് വെക്കുന്നു എന്നു മാത്രമാണ്.
യഥാര്‍ത്ഥത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടുതന്നെ പൂര്‍ണമായി ഒരു കരിനിയമമാണ്. അതിന്റെ സെക്ഷന്‍ 66 (എ) നേരത്തെ സുപ്രീം കോടതി റദ്ദാക്കിയതാണ്. അപ്പോള്‍ തന്നെ പലഘട്ടങ്ങളിലും നമ്മുടെ പൊതുസമൂഹത്തില്‍ ഉയരുന്ന ചര്‍ച്ചകള്‍ ആ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ നടപടി എന്തോ പ്രതിലോമകരമായ നടപടിയായിപ്പോയി, അതുകൊണ്ടാണ് ചില സ്ത്രീകള്‍ക്കെതിരെയും, മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത് എന്നൊക്കെയാണ് പലപ്പോഴും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാറുള്ളത്. യഥാര്‍ത്ഥത്തില്‍ 66 (എ) മാത്രമല്ല പൂര്‍ണമായും ഐ.ടി നിയമം തന്നെ ഒരു കരിനിയമമാണ് എന്നുള്ള നമ്മളുടെ വാദം സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറിന്റെ നടപടി. അതിന്റെ 69(1) എന്ന വകുപ്പ് ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്.
പക്ഷേ അതു പറയുമ്പോഴും ആ കരിനിയമത്തില്‍ പോലും വിഭാവനം ചെയ്തതിനേക്കാള്‍ ഒരു പടി കൂടി കടന്നുകൊണ്ടാണ് ഇവര് ഇത് ചെയ്തത്. കാരണം സെക്ഷന്‍ 69 (1) പ്രകാരം സര്‍ക്കാറിന് നിരീക്ഷണ വലയത്തില്‍ ഒരു വ്യക്തിയേയോ സംഘടനയേയോ വെക്കണമെന്നുണ്ടെങ്കില്‍ അതിന് പ്രധാനമായി രണ്ട് കാരണങ്ങള്‍ പറയുന്നുണ്ട്. ഒന്ന്, അവര്‍ ഏതെങ്കിലും കുറ്റകൃത്യം നടത്തി അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാവണം, അല്ലെങ്കില്‍ അവര്‍ രാജ്യദ്രോഹപരമായ ഒരു കോഗ്നിസബിള്‍ ഒഫെന്‍സ് ചെയ്യാന്‍ വേണ്ടി അവര്‍ ആരെയോ പ്രേരിപ്പിക്കുന്നു, അത് തടയാന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കാവുന്നത് . ഈ രണ്ട് ഘട്ടങ്ങളില്‍ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ കഴിയുകയെന്ന് കൃത്യമായി നിയമത്തില്‍ പറയുന്നുണ്ട്.
മാത്രമല്ല, അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ കാരണങ്ങള്‍ രേഖപ്പെടുത്തിവെച്ചശേഷം വേണം അത്തരമൊരു നടപടിയിലേക്ക് നീങ്ങാന്‍ എന്നുമാണ് ഐ.ടി ആക്ടിന്റെ 69 (1)ല്‍ പറയുന്നത്. എന്നു പറഞ്ഞാല്‍, അതില്‍ നിന്ന് വളരെ വ്യക്തമാണ്, ഇത് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെയോ ഒരു സംഘടനയ്ക്ക് എതിരെയോ എടുക്കാവുന്ന കാര്യമാണ്, അതു താല്‍ക്കാലികമായി എടുക്കാവുന്ന കാര്യമാണ്. അങ്ങനെയൊരു സംശയം തോന്നുന്ന ഘട്ടത്തില്‍ ആ പ്രത്യേക കേസ് രേഖപ്പെടുത്തിവെച്ച ശേഷം അതിന്മേല്‍ നിരീക്ഷണത്തില്‍ വെക്കുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ആ വ്യക്തിയ്‌ക്കെതിരെ നടപടിയെടുക്കുകയും അല്ലാത്തപക്ഷം സംശയം ദൂരീകരിച്ചശേഷം അതില്‍ നിന്ന് പിന്മാറുകയും ചെയ്യുകയെന്നുള്ളതാണ് ആ വകുപ്പിന്റെ യഥാര്‍ത്ഥ അര്‍ത്ഥം.
എന്നാല്‍ അതിനെ ദുരുപയോഗം ചെയ്ത് ഒരു കാരണവും രേഖാമൂലം എഴുതുവെക്കാതെ തന്നെ അത്തരമൊരു നടപടിയെടുക്കാനുള്ള അവസരം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഉത്തരവിലൂടെ കേന്ദ്രം ചെയ്യുന്നത്. ആകെപ്പാടെ ഒരു കാര്യമാണ് അവര്‍ പറഞ്ഞത്, “ഞങ്ങള്‍ക്ക് അധികാരമുണ്ട് എന്നു മാത്രം” . അങ്ങനെ അധികാരമുള്ള ഞങ്ങള്‍ നിങ്ങളെ നിരീക്ഷണ വലയത്തില്‍ വെക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ഉത്തരവ് പ്രകാരം നമ്മളോട് നമ്മള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ പറയുന്നത്. ഐ.ടി ആക്ടില്‍ പറയുന്നതിന് വിരുദ്ധമായി അതില്‍ നിന്ന് ഒരു പടി കടന്നുകൊണ്ടുകൂടിയാണ് അവരിത് ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോള്‍ ചെയ്യുന്നതിന് ഒരു പിന്‍ ചരിത്രവുമുണ്ട്. ആധാറിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇതുതന്നെയാണ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ആധാര്‍ വഴി ജനങ്ങളോട് പല വിവരങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളൊന്നും നല്‍കാന്‍ ഉള്ള വൈമുഖ്യം കൊണ്ടല്ല എന്നെപ്പോലുള്ളവര്‍ അതിനെ എതിര്‍ത്തത്. കാരണം ഈ ആധാറിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെട്ട എല്ലാ വിരവങ്ങളും നമ്മള്‍ സര്‍ക്കാറിന് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ. പാസ്‌പോര്‍ട്ട് എടുക്കുന്ന ഘട്ടത്തില്‍ ബയോമെട്രിക് ഇന്‍ഫര്‍മേഷനും നല്‍കിയതാണ്.
അപ്പോള്‍ എല്ലാ വിവരങ്ങളും സര്‍ക്കാറിന്റെ കൈവശമുണ്ട്. പിന്നെ എന്തിനാണ് നിങ്ങള്‍ ആധാറിനെ എതിര്‍ത്തതെന്ന് ചോദിച്ചാല്‍ ഇത് അതാത് ഏജന്‍സികളുടെ കൈവശമാണ് ഈ വിവരങ്ങള്‍ ലഭിക്കുന്നത്. നിങ്ങള്‍ ജാതി സര്‍ക്കാറിനോടു പറയുന്നുണ്ട്. പക്ഷേ അത് ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കാന്‍ നില്‍ക്കുന്ന ഒരു പൊലീസുദ്യോഗസ്ഥന്‍ പരിശോധിക്കേണ്ട കാര്യമില്ല. അതാത് ഏജന്‍സികളോട് നമ്മള്‍ പറഞ്ഞിട്ടുണ്ട്. രണ്ട് ആധാറിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്ത യഥാര്‍ത്ഥ കാര്യം ജനങ്ങളെ നിരീക്ഷണത്തില്‍ വെക്കുക എന്നുള്ളതായിരുന്നു. സുപ്രീം കോടതിയില്‍ ഈ കേസുവന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ കോടതിയോടു പറഞ്ഞത് സര്‍ക്കാര്‍ നടത്തുന്ന ക്ഷേമപദ്ധതികളില്‍ അത് അര്‍ഹരായവരുടെ കയ്യില്‍ എത്തുന്നില്ല, പലയിടത്ത് അതിന് ചോര്‍ച്ച സംഭവിക്കുന്നുണ്ട്, ആ ചോര്‍ച്ച തടയാനാണ് ഈ സംവിധാനമെന്നാണ്. അത് സുപ്രീം കോടതി അംഗീകരിച്ചുകൊടുത്തു. അതേസമയം സുപ്രീം കോടതി ഇതിന്റെ സെക്ഷന്‍ 57 എടുത്തുകളയുകയും സ്വകാര്യ കമ്പനികളുമായി ഈ ഡാറ്റ കൈമാറണം എന്നുള്ള നിര്‍ബന്ധം ഒഴിവാക്കുകയും ചെയ്തു.
നമ്മുടെ മൊബൈല്‍ ഫോണും എ.ടി.എമ്മും കാര്‍ഡുകളുമൊക്കെ ആധാര്‍ നമ്പറുമായി ലിങ്കു ചെയ്യുക, അതുവഴി നമ്മുടെ എല്ലാ ക്രയവിക്രയങ്ങളും നിരീക്ഷണ വലയത്തിലാക്കുകയെന്നുള്ള സര്‍ക്കാറിന്റെ യഥാര്‍ത്ഥ ലക്ഷ്യം പരാജയപ്പെട്ടു. പക്ഷേ അതേസമയം ആധാര്‍ പദ്ധതിയിലൂടെ പിന്‍വാതിലിലൂടെ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത് ഈ സര്‍വയലന്‍സ് ഭരണത്തിനാണ്.
അന്ന് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ പൗരന്മാര്‍ക്കും എഫ്.ഐ.ആര്‍ ഇടുന്ന ഘട്ടത്തില്‍ മാത്രം നഷ്ടപ്പെടുന്ന ചില പൗരാവകാശങ്ങളുണ്ട്. നമുക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകരമെന്നു തോന്നുന്ന ഒരു ആരോപണമുണ്ടായിരിക്കുന്നു, അത് പൊലീസ് രേഖപ്പെടുത്തിവെക്കുന്നു, അത് അന്വേഷണ വിധേയമാക്കുന്നുവെന്നു എന്നുള്ള ഘട്ടത്തില്‍ നമ്മുടെ യാത്രകളും, അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ക്കോ പൊലീസിനോ പരിശോധിക്കാനുള്ള അവകാശമുണ്ട്. അങ്ങനെ പരിശോധിക്കുന്ന ഘട്ടത്തില്‍ ഒരു പൗരന്റെ പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി റദ്ദു ചെയ്യപ്പെടുന്നുണ്ട്. അത് പക്ഷേ എഫ്.ഐ.ആര്‍ ഇടുന്ന ഘട്ടത്തില്‍ മാത്രം ഒരു പൗരന് സംഭവിക്കുന്ന കാര്യമാണ്.
ആധാറിനെ എതിര്‍ക്കുന്ന സമയത്ത് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ സര്‍ക്കാറിന്റെ ലക്ഷ്യം എല്ലാ പൗരന്മാരെയും എഫ്.ഐ.ആര്‍ ഇടുന്ന ഘട്ടത്തില്‍, എല്ലാവരും പ്രഥമദൃഷ്ട്യാ കുറ്റവാളികളാണ് എന്നുള്ള ഒരു മുന്‍വിധിയോടുകൂടി ഇന്ത്യക്കാരെ കാണുന്നു എന്നുള്ളതാണ്. അത് നമ്മളുടെ ആരോപണം മാത്രമാണ് എന്നായിരുന്നു സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നിപ്പോള്‍ ഒരു മറവുമില്ലാതെ യഥാര്‍ത്ഥ ലക്ഷ്യം അവര്‍ ഈ ഉത്തരവിലൂടെ നടപ്പിലാക്കുകയാണ്.
അതിലൂടെ അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് അധികാരമുണ്ട്, അതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നു, ഞങ്ങള്‍ നിങ്ങളെ എല്ലാവരേയും നിരീക്ഷണ വലയത്തിലാക്കുന്നു എന്നാണ്. ഈ പത്ത് ഏജന്‍സികള്‍ക്കും ഏത് കമ്പ്യൂട്ടറുകളും, ഏത് ഡിജിറ്റല്‍ സംഭാഷണങ്ങളും, സംഭാഷണങ്ങള്‍ മാത്രമല്ല നിങ്ങളുടെ ചിന്തകള്‍ വരെ നിരീക്ഷണത്തില്‍ വെക്കാനുള്ള അധികാരം ഞങ്ങള്‍ നല്‍കിയിരിക്കുന്നു. ഞങ്ങള്‍ക്കുള്ള അധികാരം ഈ പത്ത് ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുന്നു, എന്നാണവര്‍ പറയുന്നത്.
ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നുവെച്ചാല്‍ ഇന്നലെ വരെ ഇന്ത്യക്കാരന്‍ നിരപരാധിയായിരുന്നു. എല്ലാ ഇന്ത്യന്‍ പൗരനും കുറ്റവാളിയാണെന്നു തെളിയിക്കുന്നതുവരെ നിരപരാധിയാണെന്നായിരുന്നു ഇന്നലെവരെ നമ്മള്‍ വിശ്വസിച്ചത്. ഇന്നിപ്പോള്‍ അതിന് മാറ്റം വന്നിരിക്കുന്നു. എല്ലാ ഇന്ത്യക്കാരും കുറ്റവാളികളാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇനി നമ്മുടെ നിരപരാധിത്വം നമ്മള്‍ തെളിയിക്കേണ്ടതുണ്ട്. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുംവരെ നമ്മുടെ എല്ലാ ഇന്ത്യക്കാരനും കുറ്റവാളിയാണെന്നുള്ള പുതിയൊരു വ്യവസ്ഥ രാജ്യത്ത് കൊണ്ടുവരികയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത് അടിയന്തരാവസ്ഥക്കാലത്തുപോലും രാജ്യത്ത് ഉണ്ടായിരുന്നകാര്യമല്ല.
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം ഒരു വ്യക്തിയോ സംഘടനയോ ചെയ്താല്‍ അവരെ നിരീക്ഷണവലയത്തില്‍ താല്‍ക്കാലികമായി വെക്കാവുന്ന ഒരു വകുപ്പെടുത്ത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും നിരീക്ഷണ വലയത്തില്‍ എല്ലാകാലത്തേക്കും നിര്‍ത്തുകയെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും രാജ്യദ്രോഹപരമായി നിരന്തരം പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാറിന് ബോധ്യംവന്നിരിക്കുന്നു. സംശയം പോലുമല്ല. ഗവണ്‍മെന്റിന് തൃപ്തികരമായി ബോധ്യം വന്നിരിക്കുന്നുവെന്നാണ് ആ നിയമത്തില്‍ പറയുന്നത്. എന്നു പറഞ്ഞാല്‍ അതാണ് അടിയന്തരാവസ്ഥ എന്നു പറയുന്നത്. അതിനെ ആ പേരു വിളിച്ചില്ലയെന്നു മാത്രം.
അത്തരത്തില്‍ ഇന്ത്യയില്‍ ഒരുകാലത്തും നിലവില്ലാതിരുന്ന ഒരു നിരീക്ഷണ സമ്പ്രദായം, ഒരു സര്‍വയലന്‍സ് റജീമിലേക്ക് ഇന്ത്യന്‍ വ്യവസ്ഥയെ കൂട്ടിക്കൊണ്ടുപോകുകയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അതും ഇന്ത്യക്കാരന്റെ പൗരാവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യതയെന്ന് സുപ്രീം കോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍.
നമ്മുടെ സ്വകാര്യതയെ മുഴുവന്‍ ഭംഗിച്ചുകൊണ്ട് രാജ്യത്ത് ഇങ്ങനെ ഒരു അടിയന്തര സാഹചര്യം നിലവിലുണ്ട് എന്ന് ഒരു കാരണവും ബോധ്യപ്പെടുത്താതെ, നമ്മള്‍ അധികാരം നല്‍കിപ്പോയി എന്നുള്ള ഒറ്റക്കാരണത്തിന്റെ പേരില്‍ ഒരു നടപടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയിരിക്കുകയാണ്. ഇതിന് ഒരു പ്രതിവിധിയേയുള്ളൂ. ഈ ഭൂതത്തെ നമ്മള്‍ കുപ്പിയില്‍ നിന്നും തുറന്നുവിട്ടതാണ്. നമ്മള്‍ നല്‍കിയ അധികാരം മാത്രമാണ് അവര്‍ അവകാശപ്പെടുന്നത്. ഈ ഭൂതത്തെ തിരിച്ചുകുപ്പിയിലടക്കുകയെന്നുള്ളതു മാത്രമാണ് അതിനുള്ള പ്രതിവിധിയെന്നാണ് ഞാന്‍ കരുതുന്നത്.