|

രണ്ട് വര്‍ഷത്തെ അനിശ്ചിതത്വത്തിന് അന്ത്യം; ജോസഫ് ഔന്‍ ലെബനന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: രണ്ട് വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ലെബനന്‍ പ്രസിഡന്റായി ജോസഫ് ഔനെ തെരഞ്ഞെടുത്തു. 128 അംഗ പാര്‍ലമെന്റില്‍ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ലെബനന്റെ സൈനിക മേധാവിയാണ് ജോസഫ് ഔന്‍. യു.എസ്, ഫ്രാന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ നോമിനിയായ സുലൈമാന്‍ ഫ്രാങ്കി മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് ജോസഫ് ഔന് നറുക്ക് വീഴുന്നത്.

പാര്‍ലമെന്റില്‍വെച്ച് നടന്ന ആദ്യ ഘട്ടവോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീങ്ങുകയായിരുന്നു. ഈ ഘട്ടത്തില്‍ 99 അംഗങ്ങളുടെ പിന്തുണ നേടാന്‍ ജോസഫ് ഔന്‌ സാധിച്ചു.

2017  ഇസ്രഈലുമായുള്ള ഹിസ്ബുല്ലയുടെ വെടിനിര്‍ത്തല്‍ കരാറില്‍ സൈന്യം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലെബനനില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിന്മാറിയാല്‍ പുതിയ സര്‍ക്കാരിന് തെക്കന്‍ ലെബനനില്‍ സൈന്യത്തെ വിന്യസിപ്പിക്കുകയും ജനുവരി 26നകം ഹിസ്ബുല്ലയുടെ അവിടുത്തെ സാന്നിധ്യം അവസാനിപ്പിക്കുകയും വേണം.

തെക്കന്‍ ലെബനന്‍, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങള്‍, കിഴക്കന്‍ ബെക്കാ താഴ്വര എന്നിവിടങ്ങളില്‍ ഇസ്രഈല്‍ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുക എന്നത് തന്റെ പ്രഥമ പരിഗണനയാണെന്ന് പുതിയ പ്രസിഡന്റ് പറഞ്ഞു. ലോകബാങ്കിന്റ കണക്കുകള്‍ പ്രകാരം പുനര്‍ നിര്‍മാണത്തിനായി 8.5 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

2022ല്‍ അന്നത്തെ പ്രസിഡന്റ് മൈക്കല്‍ ഔനിന്റെ കാലാവധി അവസാനിച്ചശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കാവല്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 12 തവണ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹിസ്ബുല്ല പിന്തുണച്ചിരുന്നത് മറാഡ മൂവ്മെന്റ് നേതാവ് സുലൈമാന്‍ ഫ്രാങ്കിനെയായിരുന്നു. എന്നാല്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറി സൈനിക മേധാവിക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യതയുണ്ടെന്ന് പറയുകയായിരുന്നു.

Content Highlight: Joseph Aoun elected as Lebanon president