ആ സക്‌സസിന് ഇടയില്‍ ആരും എന്റെ പേര് പറഞ്ഞില്ല; പക്ഷെ ആസിഫ് ചിരിച്ചു കൊണ്ട് ഒരു കാര്യം പറഞ്ഞു: ജോസഫ് അന്നംകുട്ടി ജോസ്
Entertainment
ആ സക്‌സസിന് ഇടയില്‍ ആരും എന്റെ പേര് പറഞ്ഞില്ല; പക്ഷെ ആസിഫ് ചിരിച്ചു കൊണ്ട് ഒരു കാര്യം പറഞ്ഞു: ജോസഫ് അന്നംകുട്ടി ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th July 2024, 9:01 am

റേഡിയോ ജോക്കി എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് ജോസഫ് അന്നംകുട്ടി ജോസ്. ജിസ് ജോയ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയില്‍ ജോസഫ് അഭിനയിച്ചിട്ടുണ്ട്.

ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ഒന്നിച്ച ചിത്രത്തില്‍ ആസിഫിന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. ഈ സിനിമയുടെ ഭാഗമായി ആസിഫ് അലിയോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ ‘പ്രിയപ്പെട്ട ആസിഫ് അലി’ എന്ന വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമ നൂറ് ദിവസമോടി. അതിന്റെ സക്‌സസ് സെലിബ്രേഷന്‍ ഉണ്ടായിരുന്നു. എനിക്ക് അത് ഒരു പുതിയ കാര്യമായിരുന്നു. വലിയ സെലിബ്രറ്റീസ് ഒക്കെയായിരുന്നു ആ പരിപാടിയില്‍ വന്നത്. സിദ്ദീഖ് ഇക്ക, ആന്റണി പെരുമ്പാവൂര്‍, രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള ഒരുപാട് ആളുകള്‍ അന്ന് അവിടെ വന്നിരുന്നു. അവിടെ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന കണ്‍ഫ്യൂഷന്‍ എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ കുറച്ച് നേരം ഫ്രന്റില്‍ നിന്നു. പിന്നെ കുറച്ച് നേരം പുറകില്‍ പോയി നിന്നു.

അന്ന് വന്നവരൊക്കെ ആ പടത്തെ കുറിച്ചും അതില്‍ അഭിനയിച്ചവരെ കുറിച്ചുമൊക്കെ സംസാരിച്ചു. അവിടെ ഒരാള് പോലും എന്റെ പേര് പറഞ്ഞില്ല. സത്യത്തില്‍ എന്റെ പേര് അവിടെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആ സിനിമയില്‍ എന്റേത് അത്ര പ്രധാനപ്പെട്ട റോള്‍ ആയിരുന്നില്ല. വൈകാതെ ആസിഫ് മൈക്ക് കിട്ടി സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹം ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു. പെട്ടെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ‘ജോസഫ് അന്നംകുട്ടി ജോസ്, വെല്‍ക്കം റ്റു മലയാളം ഇന്‍ഡസ്ട്രി’ എന്നായിരുന്നു. ആ വാചകം അദ്ദേഹം എന്നെ ഓര്‍ത്തു പറഞ്ഞതാണ്. അദ്ദേഹം മാത്രമാണ് അന്ന് എന്നെ കുറിച്ച് അവിടെ പറഞ്ഞത്,’ ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു.


Content Highlight: Joseph Annamkutty Jose Talks About Vijay Superum Pournamiyum Movie Success Celebration And Asif Ali