| Thursday, 18th July 2024, 5:18 pm

മാറ്റിനിര്‍ത്തപ്പെട്ടു എന്ന ഫീല് തരാതെ അന്ന് ആസിഫ് എന്നെ കൂടെനിര്‍ത്തി: ജോസഫ് അന്നംകുട്ടി ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനാണ് ജോസഫ് അന്നംകുട്ടി ജോസ്. റേഡിയോ ജോക്കിയും എഴുത്തുകാരനുമായ അദ്ദേഹം സിനിമകളുടെയും ഭാഗമായിട്ടുണ്ട്. ജിസ് ജോയ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയിലും ജോസഫ് അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ഒന്നിച്ച ചിത്രത്തില്‍ ആസിഫിന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ വിജയ് സൂപ്പറും പൗര്‍ണ്ണമിയും സിനിമയുടെ ഭാഗമായി ആസിഫ് അലിയോടൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ്.

‘ഞാന്‍ ആസിഫ് അലിയുടെ കൂടെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നാണ് ആ പടത്തിന്റെ പേര്. ആ സിനിമ നൂറ് ദിവസം ഓടിയിരുന്നു. നമ്മള്‍ പണ്ട് കാലത്ത് പറയാറുണ്ട് ഒരാളുടെ വാക്കിനെയല്ല പ്രവര്‍ത്തിയെയാണ് വിശ്വസിക്കേണ്ടത് എന്ന്. ഇപ്പോള്‍ അതിന്റെ കുറച്ച് കൂടെ അപ്‌ഡേറ്റഡായ മറ്റൊരു വേര്‍ഷനുണ്ട്. പ്രവര്‍ത്തി പോലും ഒരാള്‍ക്ക് വേണമെങ്കില്‍ ഫേക്ക് ചെയ്യാം. നമ്മള്‍ വിശ്വസിക്കേണ്ടത് ഒരാളോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ നമ്മള്‍ക്ക് കിട്ടുന്ന വൈബിനെയാണ്.

ആസിഫിനോടൊപ്പം ആ സിനിമയില്‍ ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ എനിക്കുണ്ടായ അനുഭവങ്ങളാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. സിനിമയുടെ ലോകത്ത് എത്തിപ്പെട്ടപ്പോള്‍ എനിക്ക് എന്റേതായ കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. ഒരു ഡിസ്‌പ്ലേസ്ഡായ ഫീലും എനിക്ക് ഉണ്ടായി. ക്യാമറയുടെ മുന്നില്‍ അഭിനയിക്കാന്‍ സ്‌കില്‍ഫുള്ളായ ആളായിരുന്നില്ല ഞാന്‍. ആ സിനിമയുടെ സമയത്ത് ബ്രേക്കില്‍ പ്രൊഡക്ഷന്റെ ഫുഡ് ഉണ്ടാകുമായിരുന്നു. ടെക്‌നീഷ്യന്‍സൊക്കെ അവിടെ ക്യൂവില്‍ നിന്നാണ് കഴിക്കുന്നത്.

അന്ന് ആസിഫ് എന്നോട് പറഞ്ഞത് ‘ജോസഫേ, താന്‍ അങ്ങനെ പുറത്ത് നിന്ന് കഴിക്കരുത്. എന്റെ കാരവാനില്‍ നിന്ന് കഴിച്ചോളണം. അകത്ത് കയറി കഴിക്കണം നീ. ചിലപ്പോള്‍ ഞാന്‍ ചില സ്‌പെഷ്യല്‍ ഫുഡൊക്കെ ഓര്‍ഡറ് ചെയ്യും, നമ്മുക്ക് അതൊക്കെ കഴിക്കാം’ എന്നായിരുന്നു. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ മുഴുവന്‍ സമയത്തും ഞാന്‍ ഭക്ഷണം കഴിച്ചത് ആസിഫിന്റെ കൂടെ അയാളുടെ കാരവാനിലായിരുന്നു. ആ സമയത്ത് ആസിഫിന്റെ സുഹൃത്തുക്കളും ഉണ്ടാകുമായിരുന്നു.

ഗണപതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരൊക്കെ ഉള്‍പ്പെടുന്ന ഒരു സുഹൃത്ത് വലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവര്‍ക്ക് ഒപ്പം എന്നെയും ആ ടീമില്‍ ഒരാളായി കരുതി, മാറ്റി നിര്‍ത്തപ്പെട്ടു എന്ന ഫീല്‍ വരാതെയാണ് ആസിഫ് എന്നെ കണ്ടത്. ആ സിനിമയുടെ ഷൂട്ടിങ്ങ് സമയം മൊത്തം ഞാന്‍ അദ്ദേഹത്തിനൊപ്പം ആ കാരവാനിലായിരുന്നു,’ ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു.


Content Highlight: Joseph Annamkutty Jose Talks About Vijay Superum Pournamiyum And Asif Ali

We use cookies to give you the best possible experience. Learn more