| Thursday, 4th July 2024, 8:23 am

സ്പെയ്നിനെതിരെയുള്ള കളിക്ക് ശേഷം അദ്ദേഹത്തെ ഞങ്ങൾ ഫുട്‍ബോളിൽ നിന്നും വിരമിപ്പിക്കും: ജൊസേലു

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലേക്ക് കടന്നിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ജര്‍മനിയും സ്‌പെയ്നും തമ്മിലുള്ള മല്‍സരത്തിനാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നു എന്ന സവിശേഷതയും ഈ മത്സരത്തിലുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാര്‍ ആയി കൊണ്ടാണ് സ്‌പെയ്നും ജര്‍മനിയും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു സ്പാനിഷ് പട കരുത്ത് കാട്ടിയപ്പോള്‍ ജര്‍മനി രണ്ട് ജയവും ഒരു സമനിലയും സ്വന്തമാക്കി.

പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയ ജോര്‍ജിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയ്ന്‍ എത്തുന്നത്. മറുഭാഗത്ത് ഡെന്മാര്‍ക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ആതിഥേയര്‍ ഇറങ്ങുന്നത്.

നാളെ എം.എച്ച്.പി.എ അറീനയിൽ നടക്കുന്ന ആവേശകരമായ ഈ മത്സരത്തിന് മുന്നോടിയായി ഈ മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്‌പെയ്‌നിന്റെ റയല്‍ മാഡ്രിഡ് താരം ജോസേലു.

ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസിന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന മത്സരം ആയിരിക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നാണ് ജോസേലു പറഞ്ഞത്. സ്പോര്‍ട് ബൈബിളിലൂടെ പ്രതികരിക്കുകയായിരുന്നു സ്പാനിഷ് താരം.

‘ടോണി ക്രൂസിന്റെ അവസാന മത്സരം ആണിതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവനിപ്പോള്‍ ജര്‍മനിയില്‍ ഉള്ളതുകൊണ്ട് മാത്രം ഇതൊരു പ്രത്യേക മത്സരം ആയിരിക്കില്ല. പക്ഷെ ഞങ്ങള്‍ യൂറോ കപ്പിലെ കോട്ടര്‍ ഫൈനലില്‍ മികച്ച ടീമിനെതിരെ തന്നെയാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ച ടോണി ക്രൂസിനെ വിരമിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹവുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്. പലപ്പോഴും സംസാരിക്കാറുണ്ട് അവന്‍ എനിക്ക് ഉപദേശങ്ങള്‍ നല്‍കും. തോണിയോടൊപ്പം കളിക്കുന്നത് ശരിക്കും സന്തോഷകരമാണ്,’ ജൊസേലു പറഞ്ഞു.

ടോണി ക്രൂസും ജൊസേലുവും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് പന്ത് തട്ടിയിട്ടുണ്ട്. ഈ സീസണ്‍ അവസാനത്തോടെയാണ് ജര്‍മന്‍ സ്നൈപ്പര്‍ ലോസ് ബ്ലാങ്കോസിനൊപ്പം ഉള്ള തന്റെ അവിസ്മരണീയമായ കരിയര്‍ അവസാനിപ്പിച്ചത്.

ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് തങ്ങളുടെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഈ കിരീടനേട്ടത്തോടെയാണ് ടോണി റയല്‍ മാഡ്രിഡ് വിട്ടത്. ഈ യൂറോ കപ്പോട് കൂടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും താന്‍ വിരമിക്കുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു.

ഈ യൂറോ കപ്പില്‍ ജര്‍മനിക്കൊപ്പം ഗോളുകള്‍ ഒന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് മുന്‍ റയല്‍ താരം നടത്തിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം ക്വാര്‍ട്ടര്‍ ഫൈനലിലും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Joselu Talks about Toni Kroos

We use cookies to give you the best possible experience. Learn more