| Monday, 2nd September 2019, 7:03 pm

ബി.ജെ.പി സ്വതന്ത്രനോട് സ്വന്തം വാര്‍ഡില്‍ തോറ്റു; പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഇങ്ങനെയും ചരിത്രമുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ കേരളാ കോണ്‍ഗ്രസ് എം തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ജോസഫ് പുലിക്കുന്നേലിന്റെ ബന്ധുവായ അഡ്വ. ജോസ് ടോം പുലിക്കുന്നേലാണു സ്ഥാനാര്‍ഥി.

മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം പാലാ മണ്ഡലത്തിലേക്കു വന്ന പഴയ പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ പ്രദേശങ്ങളില്‍ ജോസ് ടോം പുലിക്കുന്നേലിനുള്ള സ്വാധീനമാണ് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവരാന്‍ കാരണമെന്നാണു പറയപ്പെടുന്നത്.

എന്നാല്‍ ഒമ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിരം പഞ്ചായത്തംഗമായിരുന്ന, പഞ്ചായത്തിന്റെ ഭരണം തന്നെ നിയന്ത്രിച്ചിരുന്ന ജോസ് ടോം മത്സരരംഗത്തു നിന്ന് 2010-ഓടെ പിന്മാറിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2010-ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡിലേറ്റ അപ്രതീക്ഷിത പരാജയമാണ് മത്സരരംഗത്തു നിന്നു പിന്മാറാന്‍ ജോസ് ടോമിനെ പ്രേരിപ്പിച്ചത്.

അന്ന് ബി.ജെ.പി സ്വതന്ത്രനായി മത്സരിച്ച ബിജു സി.ബിയോട് 40 വോട്ടുകള്‍ക്കാണ് ജോസ് ടോം പരാജയപ്പെട്ടത്. മീനച്ചില്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലായിരുന്നു ഈ അട്ടിമറി നടന്നത്. സി.പി.ഐ.എമ്മും സി.പി.ഐയും പരോക്ഷമായി ബിജുവിനെയായിരുന്നു പിന്തുണച്ചിരുന്നത്.

അടുത്ത തെരഞ്ഞെടുപ്പിലാകട്ടെ, ഭാര്യയെയാണ് ജോസ് ടോം കളത്തിലിറക്കിയത്. അതാകട്ടെ നാലാം വാര്‍ഡിലും. ജോസ് ടോമിന്റെ പരാജയത്തിനുശേഷം ബിജു മത്സരിച്ചതൊക്കെയും ബി.ജെ.പിയുടെ താമര ചിഹ്നത്തിലാണു താനും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ് മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവിയും ജോസ് ടോം വഹിച്ചിരുന്നു. കെ.എം മാണി ഓരോ തവണ മത്സരിക്കുമ്പോഴും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന്റെ ചരിത്രവും ജോസ് ടോമിനൊപ്പമുണ്ട്.

We use cookies to give you the best possible experience. Learn more