ഖത്തർ ലോകകപ്പ് തോൽവിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകൻ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീൽ ദേശീയ ടീം. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയോടു തോൽവി വഴങ്ങി ബ്രസീൽ ടൂർണമെന്റിൽ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.
നിരവധി പേരുകൾ ബ്രസീൽ മാനേജർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം വന്നിട്ടില്ല. എന്നാലിപ്പോൾ ബ്രസീൽ ടീമിന്റെ പരിശീലകനായി ആര് വരുമെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിട്ടുണ്ടെന്നാണ് മുൻ ബ്രസീൽ താരമായ കാർലോസ് ആൽബർട്ടോ പറയുന്നത്.
യൂറോപ്പിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള, നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയെ പരിശീലിപ്പിക്കുന്ന ഹോസെ മൗറീഞ്ഞോയാണ് ബ്രസീലിന്റെ പരിശീലകനായി എത്തുകയെന്നാണ് മുൻ പോർട്ടോ താരം കൂടിയായ ആൽബർട്ടോ പറഞ്ഞത്. മൗറീഞ്ഞോയുടെ സഹപരിശീലകനാവാൻ അദ്ദേഹം തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും കാർലോസ് ആൽബർട്ടോ കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിൽ കിരീട ഫേവറിറ്റുകളായിരുന്നിട്ടും ക്വാർട്ടർ ഫൈനലിൽ തോറ്റു മടങ്ങുകയാണ് ബ്രസീൽ ചെയ്‌തത്. ക്രൊയേഷ്യക്കെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-2 എന്ന സ്‌കോറിനാണ് ബ്രസീൽ പരാജയപ്പെട്ടത്.
തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു. മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് താൻ കോച്ച് സ്ഥാനത്ത് നിന്നും രാജിവെക്കുന്ന കാര്യം ടിറ്റെ വ്യക്തമാക്കിയത്. ഇത് താൻ നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് തീരുന്നത് വരെയേ താൻ കോച്ചായി തുടരുകയുള്ളുവെന്ന് ടിറ്റെ പറഞ്ഞിരുന്നു. ‘ലോകകപ്പ് തീരുന്നത് വരെ ഞാൻ ഇവിടെ കാണും. നുണയൊന്നും പറയേണ്ട കാര്യമില്ലല്ലോ. എനിക്ക് ഇനിയൊന്നും നേടണമെന്നില്ല. കരിയറിൽ നേടാനുള്ളതെല്ലാം ഞാൻ നേടിക്കഴിഞ്ഞു. വേൾഡ് കപ്പ് മാത്രമാണ് ബാക്കിയുള്ളത്,’ എന്നായിരുന്നു ടിറ്റെ പറഞ്ഞിരുന്നത്.
61കാരനായ ടിറ്റെ 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018ൽ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാൽ 2018, 2022 ലോകകപ്പിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായില്ല.
ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടിൽ കിക്കെടുക്കാൻ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെക്കെതിരെ വിമർശനം ശക്തമായിരുന്നു.