Advertisement
Football
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുകള്‍ തേടിയെത്തി; പക്ഷെ ഞാന്‍ അവര്‍ക്ക് വാക്കുനല്‍കിയിരുന്നു: ജോസെ മൊറീഞ്ഞോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 01, 01:32 pm
Sunday, 1st October 2023, 7:02 pm

ലോകത്ത് ഇന്നേവരെ മറ്റൊരു പരിശീലകനും ലഭിച്ചിട്ടില്ലാത്ത ഓഫറുകള്‍ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാല്‍ എ.സി റോമയില്‍ തുടരാനാണ് താന്‍ തീരുമാനിച്ചതെന്നും പരിശീലകന്‍ ജോസെ മൊറീഞ്ഞോ. മറ്റ് ക്ലബ്ബുകളുടെ ഓഫറുകള്‍ സ്വീകരിക്കില്ലെന്നും റോമയില്‍ മാത്രമാണ് ഇപ്പോള്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് മൊറീഞ്ഞോ പറഞ്ഞത്.

‘ഒരു ഫുട്‌ബോള്‍ പരിശീലകന് ലഭിക്കാവുന്നതില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ഓഫര്‍ എന്നെ തേടിയെത്തിയിരുന്നു. പക്ഷെ റോമയില്‍ തുടരാന്‍ ഞാന്‍ താരുമാനിക്കുകയായിരുന്നു. കാരണം, ഞാന്‍ റോമയോടും ആരാധകരോടും പറഞ്ഞിട്ടുണ്ട് ഞാന്‍ ഇവിടെ തുടരുമെന്ന്. ഞാന്‍ അവര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുകയാണ്,’ മൊറീഞ്ഞോയുടെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

ജോസെ മൊറീഞ്ഞോ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ചെല്‍സിയുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന മൊറീഞ്ഞോ 2005, 2006 വര്‍ഷങ്ങളില്‍ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടവും എഫ്.എ കപ്പും നേടിക്കൊടുത്തിരുന്നു. ഇടക്കാലത്ത് ചെല്‍സിയില്‍ തിരിച്ചെത്തിയ മൊറീഞ്ഞോ 2015ലും ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി.

ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് ഒരൊറ്റ സീസണില്‍ സീരി എ ലീഗ്, ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിക്കൊടുത്ത് മൊറിഞ്ഞോ തിളങ്ങിയിരുന്നു. 2010ല്‍ ഫിഫയുടെ വേള്‍ഡ് കോച്ച് ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹൊസെ മൊറീഞ്ഞോക്കായിരുന്നു.

2000ല്‍ ബെന്‍ഫിക്കയുടെ പരിശീലകനായി അരങ്ങേറിയ മൊറീഞ്ഞോ ചെല്‍സിക്ക് പുറമെ എഫ്.സി പോര്‍ട്ടോ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്സ്പര്‍, റോമ ടീമുകളുടെയും പരിശീലകനായിരുന്നു.

Content Highlights: Jose Mourinho wants to continue with AS Roma