തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബാഷയുടെ പുതിയ പരിശീലകനായി പോര്‍ച്ചുഗീസ് മാനേജര്‍ ജോസേ മൗറീഞ്ഞോയെ നിയമിച്ചു. മൗറീഞ്ഞോയുടെ വരവിനുപിന്നാലെ തുര്‍ക്കി സൂപ്പര്‍ ലീഗില്‍ നീണ്ട പത്ത് വര്‍ഷത്തെ ഫെനര്‍ബാഷെയുടെ കിരീട വരള്‍ച്ച അവസാനിക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
2023-24 തുര്‍ക്കി ലീഗിന്റെ സീസണില്‍ 38 മത്സരങ്ങളില്‍ നിന്ന് 31 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 99 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ഫെനര്‍ബാഷെ ഫിനിഷ് ചെയ്തത്.
102 പോയിന്റോടെ ഗലാട്ടസാരായ് ആയിരുന്നു തുര്‍ക്കി ലീഗ് ചാമ്പ്യന്മാരായത്. വെറും നാല് പോയിന്റിന്റെ വ്യത്യാസത്തിലാണ് ഫെനെര്‍ബാഷക്ക് കിരീടം നഷ്ടമായത്. ജോസേ മൗറീ യുടെ വരവോടെ പുതിയ സീസണില്‍ കിരീടം നേടാന്‍ ഉറച്ചു തന്നെയാണ് തുര്‍ക്കി സൂപ്പര്‍ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.
2000ല്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെനിഫിക്കയിലാണ് മൗറീഞ്ഞോ തന്റെ മാനേജിങ് കരിയര്‍ ആരംഭിക്കുന്നതിന്. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പോർട്ടോ എഫ്.സിയുടെ പരിശീലകനായി മൗറീഞ്ഞോ ചുമതല ഏറ്റെടുക്കുകയും 2002-03 സീസണില്‍ പോർട്ടോയെ യൂറോപ്പ ലീഗിലേക്കും 2004-05 സീസണില്‍ ചാമ്പ്യന്‍സ് ലീഗിലേക്കും നയിച്ചു.
പിന്നീട് ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയുടെ പരിശീലകകുപ്പായവും മൗറീഞ്ഞോ അണിഞ്ഞു. നീണ്ട 50 വര്‍ഷങ്ങള്‍ക്ക് ശേഷം ചെല്‍സിയെ ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ പോര്‍ച്ചുഗീസ് പരിശീലകന് സാധിച്ചിരുന്നു. 2004-05 സീസണില്‍ വെറും 15 ഗോളുകള്‍ മാത്രം വഴങ്ങിക്കൊണ്ടായിരുന്നു ചെല്‍സിയെ മൗറീഞ്ഞോ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്.
ചെല്‍സിക്കൊപ്പം മൂന്ന് സീസണുകളില്‍ പരിശീലകനായ മൗറീഞ്ഞോ രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഒരു എഫ്.എ കപ്പും നേടി. പിന്നീട് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍മിലാനൊപ്പം 2008-09 സിരി എ കിരീടവും 2009-10ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും മൗറീഞ്ഞോ നേടി.
2011ല്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനൊപ്പം ലാ ലിഗ കിരീടവും കോപ്പ ഡെല്‍റേയും മൗറീഞ്ഞോ നേടി. പിന്നീട് 2016 മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും അവിടെനിന്നും ടോട്ടന്‍ ഹാം ഹോട്‌സപറിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
അവസാനമായി ഇറ്റാലിയന്‍ വമ്പന്‍മാരായ എ.എസ് റോമയ്‌ക്കൊപ്പം ആയിരുന്നു മൗറീഞ്ഞോ ഉണ്ടായിരുന്നത്. റോമയെ യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടത്തിലേക്ക് കഴിഞ്ഞ വര്‍ഷത്തെ യുവേഫ യൂറോപ്പ ലീഗിന്റെ ഫൈനലിലേക്കും കൈപിടിച്ചു കൊണ്ടുപോവാന്‍ പോര്‍ച്ചുഗീസ് മാനേജര്‍ക്ക് സാധിച്ചിരുന്നു.
ഫുട്‌ബോള്‍ കരിയറില്‍ അവിസ്മരണീയമായ ഒരു മാനേജിങ് കരിയര്‍ സൃഷ്ടിച്ചെടുത്ത ജോസേ മൗറീഞ്ഞോ തുര്‍ക്കിയിലും മികച്ച പ്രകടനങ്ങള്‍ നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Jose Mourinho the new head coach of Fenerbahce