പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട എക്കാലത്തെയും മികച്ച ഇലവന്‍ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുകയാണ്
എ. എസ് റോമ പരിശീലകന്‍ ജോസെ മൗറീഞ്ഞോ.
ഫുട്‌ബോളിലെ തന്റെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്തുകൊണ്ടുള്ള മൗറീഞ്ഞോയുടെ പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്യൂട്ട് ഓസില്‍, ഹാവിയര്‍ സാനെറ്റി, ഈഡന്‍ ഹസാഡ്, ഹാരി കെയ്ന്‍, കരിം ബെന്‍സിമ എന്നീ പ്രധാന താരങ്ങളാണ് മൗറീഞ്ഞോയുടെ ടീമില്‍ ഇടം നേടിയത്.
എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും കളിക്കാരന്‍ എന്ന നിലയില്‍ തന്നോട് ബഹുമാനം കാണിക്കണമെന്നും താന്‍ ഒരിക്കലും ഫുട്‌ബോളില്‍ ഒരു മികച്ച ഇലവന്‍ പ്രഖ്യാപിക്കില്ലെന്നുമാണ് മൗറീഞ്ഞോ പറഞ്ഞത്.
‘ജെ.എമ്മിന് ഏറ്റവും മികച്ച ഇലവന്‍ തെരഞ്ഞെടുത്തു. ഇതൊരു വ്യാജ വാര്‍ത്തയാണ്. ഇതൊരിക്കലും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. ഞാന്‍ ഒരിക്കലും ഇത് ചെയ്യില്ല കാരണം എനിക്ക് നിരവധി മികച്ച കളിക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ താരങ്ങള്‍ എനിക്ക് നല്‍കിയ നേട്ടങ്ങളാണ്. അതുകൊണ്ട് ഞാന്‍ എന്റെ ഏറ്റവും മികച്ച 11 താരങ്ങളെ തെരഞ്ഞെടുക്കില്ല. ഞാനെന്റെ എല്ലാ താരങ്ങളെയും സ്‌നേഹിക്കുന്നു അതുകൊണ്ട് ദയവുചെയ്ത് വ്യാജ വാര്‍ത്തകള്‍ പറയരുത്,’ മൗറിഞ്ഞോയെ ഉദ്ധരിച്ച് ടോക്ക് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.