മെസിയും റോണോയുമല്ല, റൊണാള്‍ഡോ നസാരിയോ ആണ് ഗോട്ട്; കരിയറിലെ അനുഭവം പങ്കുവെച്ച് സൂപ്പര്‍ കോച്ച്
Football
മെസിയും റോണോയുമല്ല, റൊണാള്‍ഡോ നസാരിയോ ആണ് ഗോട്ട്; കരിയറിലെ അനുഭവം പങ്കുവെച്ച് സൂപ്പര്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th April 2023, 4:15 pm

ആധുനിക ഫുട്‌ബോളിലെ മികച്ച താരങ്ങളെ കുറിച്ച് ചോദിച്ചാല്‍ ആളുകള്‍ രണ്ടാമതൊന്നാലോചിക്കാതെ മെസിയുടെയും റൊണാള്‍ഡോയുടെയും പേരുകള്‍ പറയും. എന്നാല്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇവര്‍ രണ്ടുമല്ലെന്നും കരിയറില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് റൊണാള്‍ഡോ നസാരിയോ ആണെന്നുമാണ് എ.സി. റോമ കോച്ച് ഹോസെ മൊറീഞ്ഞോ പറഞ്ഞത്.

‘മെസിക്കും റൊണാള്‍ഡോക്കും നീണ്ട കരിയര്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും അവര്‍ തന്നെയാണ് ടോപ്പ്. എന്നാല്‍ ടാലന്റിനെയും സ്‌കില്ലുകളെയും കുറിച്ച് പറയുകയാണേല്‍ റൊണാള്‍ഡോ നസാരിയെയോ കടത്തി വെട്ടാന്‍ ആര്‍ക്കുമാവില്ല.

റൊണാള്‍ഡോ ബാഴ്‌സലോണയിലായിരുന്നപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അദ്ദേഹമാണ്. അന്നത്തെ ആ 19കാരന്റെ കഴിവ് പ്രശംസിക്കാതിരിക്കാനാവില്ല,’ മൊറീഞ്ഞോ പറഞ്ഞു.

അതേസമയം, ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

Content Highlights: Jose Mourinho says Ronaldo is great player than Cristiano Ronaldo and Lionel Messi