'ലോകത്ത് മറ്റൊരു പരിശീലകനും ലഭിച്ചിട്ടില്ലാത്ത ഓഫര്‍ തനിക്ക് വേണ്ട'; സൗദി ക്ലബ്ബിനോട് ജോസെ മൊറീഞ്ഞോ
Football
'ലോകത്ത് മറ്റൊരു പരിശീലകനും ലഭിച്ചിട്ടില്ലാത്ത ഓഫര്‍ തനിക്ക് വേണ്ട'; സൗദി ക്ലബ്ബിനോട് ജോസെ മൊറീഞ്ഞോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd July 2023, 9:08 am

സൗദി അറേബ്യന്‍ ക്ലബ്ബായഅല്‍ ഹിലാലിന്റെ ഓഫര്‍ നിരസിച്ച് എ.എസ്. റോമ പരിശീലകന്‍ ജോസെ മൊറീഞ്ഞോ. മോഹവില വാഗ്ദാനം നല്‍കിയെങ്കിലും യൂറോപ്പ് വിടാന്‍ ഒരുക്കമല്ലെന്ന് മൊറീഞ്ഞോ സൗദി ക്ലബ്ബിനെ അറിയിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോസെക്കായി ക്ലബ്ബ് 30 മില്യണ്‍ യൂറോ പ്രതി വര്‍ഷം വേതനം ലഭിക്കുന്ന കരാര്‍ ഓഫര്‍ ചെയ്തിരുന്നതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

ലോകത്ത് ഇന്നേവരെ മറ്റൊരു പരിശീലകനും ലഭിച്ചിട്ടില്ലാത്ത ഓഫറാണിതെന്ന് തനിക്കറിയാമെന്നും റോമയില്‍ മാത്രമാണ് ഇപ്പോള്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് മൊറീഞ്ഞോ വിഷയത്തില്‍ പ്രതികരിച്ചത്.

ജോസെ മൊറീഞ്ഞോ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ചെല്‍സിയുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന മൊറീഞ്ഞോ 2005, 2006 വര്‍ഷങ്ങളില്‍ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടവും എഫ്.എ കപ്പും നേടിക്കൊടുത്തിരുന്നു. ഇടക്കാലത്ത് ചെല്‍സിയില്‍ തിരിച്ചെത്തിയ മൊറീഞ്ഞോ 2015ലും ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി.

ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് ഒരൊറ്റ സീസണില്‍ സീരി എ ലീഗ്, ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിക്കൊടുത്ത് മൊറിഞ്ഞോ തിളങ്ങിയിരുന്നു. 2010ല്‍ ഫിഫയുടെ വേള്‍ഡ് കോച്ച് ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹൊസെ മൊറീഞ്ഞോക്കായിരുന്നു.

2000ല്‍ ബെന്‍ഫിക്കയുടെ പരിശീലകനായി അരങ്ങേറിയ മൊറീഞ്ഞോ ചെല്‍സിക്ക് പുറമെ എഫ്.സി പോര്‍ട്ടോ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, റോമ ടീമുകളുടെയും പരിശീലകനായിരുന്നു.

Content Highlights: Jose Mourinho refused offer from AL Hilal