| Saturday, 28th October 2023, 3:48 pm

'മെസിക്കും ക്രിസ്റ്റ്യാനോക്കും നീണ്ട കരിയര്‍ ഉണ്ടായിട്ടുണ്ട്; അതില്ലാതെ തന്നെ അവന്‍ പേരെടുത്തു'; ഇതിഹാസത്തെക്കുറിച്ച് മൊറീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോളില്‍ ഇപ്പോഴത്തെ മികച്ച താരങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ ആരും രണ്ടാമതൊന്നാലോചിക്കാതെ മെസിയുടെയും റൊണാള്‍ഡോയുടെയും പേരുകള്‍ പറയും.

എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ലെന്നും ഫുട്‌ബോള്‍ കരിയറില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് റൊണാള്‍ഡോ നസാരിയോ ആണെന്നുമാണ് എ.എസ്‌. റോമ കോച്ച് ഹോസെ മൊറീഞ്ഞോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘മെസിക്കും റൊണാള്‍ഡോക്കും നീണ്ട കരിയര്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും അവര്‍ തന്നെയാണ് ടോപ്പ്. എന്നാല്‍ ടാലന്റിനെയും സ്‌കില്ലുകളെയും കുറിച്ച് പറയുകയാണേല്‍ റൊണാള്‍ഡോ നസാരിയെയോ കടത്തി വെട്ടാന്‍ ആര്‍ക്കുമാവില്ല.

റൊണാള്‍ഡോ ബാഴ്‌സലോണയിലായിരുന്നപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അദ്ദേഹമാണ്. അന്നത്തെ ആ 19കാരന്റെ കഴിവ് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്,’ മൊറീഞ്ഞോ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരന്‍ റൊണാള്‍ഡോ നസാരിയോ ആണെന്ന് നേരത്തെ റൊണാള്‍ഡീഞ്ഞോയും പറഞ്ഞിരുന്നു. കാല്‍പന്ത് കളിയില്‍ പുതിയ ശൈലി കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും താന്‍ റൊണാള്‍ഡോയെ മാതൃകയാക്കിയിട്ടുണ്ടെന്നും റൊണാള്‍ഡീഞ്ഞോ പറഞ്ഞു. ആര്‍.എം.സി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഫുട്ബോളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരം റൊണാള്‍ഡോ നസാരിയോ ആണ്. അദ്ദേഹം ഫുട്ബോളിനെ തന്നെ മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ വേഗതയും കരുത്തും ടെക്നിക്കുകളും ശ്രദ്ധേയമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊരുമിച്ച് കളിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

Content Highlights: Jose Mourinho praises Ronaldo Nazario

We use cookies to give you the best possible experience. Learn more