സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും നോര്‍വീജിയന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടും. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാനും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും ഇരുതാരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.
ഭാവിയില്‍ ഗോട്ട് ആരെന്നുള്ള ചോദ്യത്തില്‍ പരസ്പരം മത്സരിക്കുക എംബാപ്പെയും ഹാലണ്ടുമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. വിഷയത്തില്‍ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് എ.എസ്. റോമ കോച്ച് ജോസെ മൊറീഞ്ഞോ. കിലിയന്‍ എംബാപ്പെയാണ് ആധുനിക ഫുട്ബോളിലെ മികച്ച താരമെന്നാണ് അദ്ദേഹം പറഞ്ഞത്.
നിലവില്‍ ക്രിസ്റ്റ്യാനോക്കും മെസിക്കുമൊപ്പം എത്തി നില്‍ക്കുന്ന താരമാണ് എംബാപ്പെയെന്നും അദ്ദേഹത്തെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ മത്സരം എളുപ്പത്തില്‍ ജയിക്കാനാകുമെന്നും മൊറീഞ്ഞോ പറഞ്ഞു.
‘നിങ്ങളുടെ ടീമില്‍ എംബാപ്പെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല. ടീമിന് എളുപ്പത്തില്‍ ജയം നേടാനാകും. മത്സരങ്ങള്‍ എളുപ്പത്തില്‍ ജയിക്കുന്ന എതിരാളികളെ വിറപ്പിക്കാന്‍ കഴിയുന്ന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.
മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പമെത്തി നില്‍ക്കാന്‍ കഴിയുന്ന താരമാണ് എംബാപ്പെ. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി അവന്‍ അറിയപ്പെടും, മൊറീഞ്ഞോ പറഞ്ഞു.
അതേസമയം, ഫ്രഞ്ച് വമ്പന്‍മാര്‍ക്കായി ഈ സീസണില്‍ 15 ഗോളുകളും 15 അസിസ്റ്റുകളുമാണ് എംബാപ്പയുടെ അക്കൗണ്ടിലുള്ളത്. ലീഗ് വണ്ണില്‍ പത്ത് ഗോളുകളും സൂപ്പര്‍ താരം നേടിയിട്ടുണ്ട്.
റേയ്മ്സിനെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 3′, 59′, 82′ എന്നീ മിനിട്ടുകളിലായിരുന്നു എംബാപ്പയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. മറുപടി ഗോളിനായി ആതിഥേയര്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പാരീസ് പ്രതിരോധം മറികടക്കാന്‍ അവര്‍ക്കായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 3-0ത്തിന്റെ മിന്നും വിജയം പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു.
ഫ്രഞ്ച് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. നവംബര്‍ 25ന് മൊണോക്കോക്കെതിരെയാണ് പാരീസിന്റെ അടുത്ത മത്സരം.
Content Highlights: Jose Mourinho praises Kylian Mbappe