എംബാപ്പെയോ ഹാലണ്ടോ? മെസി-റോണോ ഗോട്ട് ഡിബേറ്റിന് ശേഷം ആര്? മറുപടിയുമായി പരിശീലകന്‍
Football
എംബാപ്പെയോ ഹാലണ്ടോ? മെസി-റോണോ ഗോട്ട് ഡിബേറ്റിന് ശേഷം ആര്? മറുപടിയുമായി പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th July 2023, 10:33 pm

സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളാണ് ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും നോര്‍വീജിയന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടും. കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റാനും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും ഇരുതാരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.

ഭാവിയില്‍ ഗോട്ട് ആരെന്നുള്ള ചോദ്യത്തില്‍ പരസ്പരം മത്സരിക്കുക എംബാപ്പെയും ഹാലണ്ടുമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. വിഷയത്തില്‍ തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് എ.എസ്. റോമ കോച്ച് ജോസെ മൊറീഞ്ഞോ. കിലിയന്‍ എംബാപ്പെയാണ് ആധുനിക ഫുട്ബോളിലെ മികച്ച താരമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ ക്രിസ്റ്റ്യാനോക്കും മെസിക്കുമൊപ്പം എത്തി നില്‍ക്കുന്ന താരമാണ് എംബാപ്പെയെന്നും അദ്ദേഹത്തെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ മത്സരം എളുപ്പത്തില്‍ ജയിക്കാനാകുമെന്നും മൊറീഞ്ഞോ പറഞ്ഞു.

‘നിങ്ങളുടെ ടീമില്‍ എംബാപ്പെ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാതിരിക്കാന്‍ കഴിയില്ല. ടീമിന് എളുപ്പത്തില്‍ ജയം നേടാനാകും. മത്സരങ്ങള്‍ എളുപ്പത്തില്‍ ജയിക്കുന്ന എതിരാളികളെ വിറപ്പിക്കാന്‍ കഴിയുന്ന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പമെത്തി നില്‍ക്കാന്‍ കഴിയുന്ന താരമാണ് എംബാപ്പെ. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി അവന്‍ അറിയപ്പെടും, മൊറീഞ്ഞോ പറഞ്ഞു.

അതേസമയം, 2024ഓടെ പി.എസ്.ജിയില്‍ നിന്ന് പടിയിറങ്ങുമെന്ന് എംബാപ്പെ അറിയിച്ചിരുന്നു. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്മെന്റിന് കത്തെഴുതി അറിയിക്കുകയായിരുന്നു. എന്നാല്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.

എംബാപ്പെ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്‌സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് മീഡിയ ഔട്‌ലെറ്റായ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട്. ആഴ്‌സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Jose Mourinho praises Kylian Mbappe