| Sunday, 26th March 2023, 1:59 pm

മെസിയും റോണോയുമല്ല, അവനാണ് ഗോട്ട്; മികച്ച താരത്തെ ചൂണ്ടിക്കാട്ടി കോച്ച് ഹോസെ മൊറീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ ഇപ്പോഴത്തെ മികച്ച താരങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ ആരും രണ്ടാമതൊന്നാലോചിക്കാതെ മെസിയുടെയും റൊണാള്‍ഡോയുടെയും പേരുകള്‍ പറയും.

എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ലെന്നും ഫുട്ബോള്‍ കരിയറില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത് റൊണാള്‍ഡോ നസാരിയോ ആണെന്നുമാണ് എ.സി. റോമ കോച്ച് ഹോസെ മൊറീഞ്ഞോ അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘മെസിക്കും റൊണാള്‍ഡോക്കും നീണ്ട കരിയര്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും അവര്‍ തന്നെയാണ് ടോപ്പ്. എന്നാല്‍ ടാലന്റിനെയും സ്‌കില്ലുകളെയും കുറിച്ച് പറയുകയാണേല്‍ റൊണാള്‍ഡോ നസാരിയെയോ കടത്തി വെട്ടാന്‍ ആര്‍ക്കുമാവില്ല.

റൊണാള്‍ഡോ ബാഴ്സലോണയിലായിരുന്നപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അദ്ദേഹമാണ്. അന്നത്തെ ആ 19കാരന്റെ കഴിവ് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്,’ മൊറീഞ്ഞോ പറഞ്ഞു.

അതേസമയം, ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോയാണോ മികച്ചതെന്ന്. ഖത്തറില്‍ ലയണല്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയെങ്കിലും ആരാധകര്‍ക്കിടയിലെ തര്‍ക്കത്തിന് അറുതി വീഴുമെന്ന് കരുതിയിരുന്നു.

എന്നാല്‍ കണക്കുകള്‍ പ്രകാരം ക്ലബ്ബ് ഫുട്‌ബോളില്‍ 518 മത്സരങ്ങളില്‍ നിന്ന് 352 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 11 ടൈറ്റിലുകളും ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം നേടിക്കൊടുത്തു.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്.

183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Jose Mourinho picks Ronaldo Nazario ahead of Cristiano Ronaldo and Lionel Messi

We use cookies to give you the best possible experience. Learn more