ജോസ് മൊറീഞ്ഞോ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ പരിശീലക സ്ഥാനത്തെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാരീസിയന്‍ ക്ലബ്ബിന്റ കോച്ചാകണമെങ്കില്‍ നിലവില്‍ സീരി എ ക്ലബ്ബായ ഫ്‌ലോറന്റീനയുടെ മൊറോക്കന്‍ താരം സോഫിയാന്‍ അംറബാതും ക്ലബ്ബിലെത്തണമെന്ന് മൊറീഞ്ഞോ ആവശ്യപ്പെട്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഫിച്ചാജെസ് നെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം മൊറീഞ്ഞോ പി.എസ്.ജിയുടെ പരിശീലക സ്ഥാനത്തെത്തുമെന്നതില്‍ വലിയ സാധ്യതകള്‍ ഇല്ല. നിലവില്‍ പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന് 2024 വരെ ക്ലബ്ബുമായി കരാറുണ്ട്. എന്നാല്‍ ലീഗ് വണ്‍ അവസാനിക്കുന്നതോടെ ഗാള്‍ട്ടിയര്‍ പി.എസ്.ജി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ എ.എസ് റോമയുടെ പരിശീലകനാണ് മൊറീഞ്ഞോ. അദ്ദേഹത്തെ നോട്ടമിട്ട് മറ്റ് ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ചെല്‍സിയുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന മൊറീഞ്ഞോ 2005, 2006 വര്‍ഷങ്ങളില്‍ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടവും എഫ്.എ കപ്പും നേടിക്കൊടുത്തിരുന്നു. ഇടക്കാലത്ത് ചെല്‍സിയില്‍ തിരിച്ചെത്തിയ മൊറീഞ്ഞോ 2015ലും ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി.
ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് ഒരൊറ്റ സീസണില്‍ സീരി എ ലീഗ്, ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിക്കൊടുത്ത് മൊറിഞ്ഞോ തിളങ്ങിയിരുന്നു. 2010ല്‍ ഫിഫയുടെ വേള്‍ഡ് കോച്ച് ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹൊസെ മൊറീഞ്ഞോക്കായിരുന്നു.