ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ പ്രധാന്യത്തോടെ റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ ഇന്റര്‍നാഷണല്‍ ലൂക്ക മോഡ്രിച്ചിന്റെ പേരും ഉണ്ടാകും. റയലിനൊപ്പം ആറ് ചാമ്പ്യന്‍സ് ട്രോഫി കിരീടമണിഞ്ഞ മോഡ്രിച്ച് റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.
2012ലാണ് മോഡ്രിച്ച് റയലിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നാണ് മോഡ്രിച്ച് സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിയത്.
എന്നാല്‍ ആ സീസണിലെ ഏറ്റവും മോശം സൈനിങ്ങായാണ് സ്പാനിഷ് മാധ്യമങ്ങള്‍ മോഡ്രിച്ചിന്റെ റയലിലേക്കുള്ള വരവിനെ വിശേഷിപ്പിച്ചത്. ആരാധകരും ടീമിന്റെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. റയല്‍ മാഡ്രിഡ് പോലുള്ള ഒരു ടീമിന് പറ്റിയവനല്ല എന്നടക്കം മാധ്യമങ്ങള്‍ എഴുതി.
ആരാധകരും മോഡ്രിച്ചിന്റെ വരവില്‍ അതൃപ്തരായിരുന്നു. എന്നാല്‍ മോഡ്രിച്ചിന്റെ പൊട്ടെന്‍ഷ്യല്‍ എന്താണെന്ന് മനസിലാക്കിയ ഇതിഹാസ പരിശീലകന്‍ ഹോസെ മൗറീന്യോ താരത്തെ പിന്തുണച്ചു.
മോഡ്രിച്ചിന് അല്‍പം സമയം നല്‍കൂ എന്നാണ് ഒരു ഇന്റര്‍വ്യൂവില്‍ മൗറീന്യോ ആരാധകരോട് ആവശ്യപ്പെട്ടത്. ‘ക്ഷമയോടെ കാത്തിരിക്കൂ, അവനില്‍ വളരെയധികം പൊട്ടെന്‍ഷ്യലുണ്ട്. സാന്‍ഡിയാഗോ ബെര്‍ണാബ്യൂ അവനെ ഇഷ്ടപ്പെടാന്‍ അധികകാലം വേണ്ടി വരില്ല,’ അദ്ദേഹം പറഞ്ഞു.
മൗറീന്യോയുടെ വാക്കുകള്‍ അക്ഷരം പ്രതി ശരിവെക്കുന്ന കാഴ്ചകളായിരുന്നു ശേഷം റയല്‍ ആരാധകര്‍ കണ്ടത്. മധ്യനിരയില്‍ കളി മെനഞ്ഞും മുന്നേറ്റ താരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരം നല്‍കിയും മോഡ്രിച്ച് കളം നിറഞ്ഞു കളിച്ചു.
മാഡ്രിഡിനൊപ്പം ആറ് തവണയാണ് മോഡ്രിച്ച് യൂറോപ്പിന്റെ ചാമ്പ്യനായത്. ഏറ്റവുമധികം ചാമ്പ്യന്‍സ് ട്രോഫി നേടുന്ന താരമെന്ന നേട്ടവും മോഡ്രിച്ച് സ്വന്തമാക്കി. മോഡ്രിച്ചിന്റെ സഹതാരമായ ഡാനി കാര്‍വഹാല്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം.
റയലിനൊപ്പം 25 കിരീടമണിഞ്ഞ മോഡ്രിച്ച് ഫിഫയുടെയും യുവേഫയുടെയും മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി. മെസിയും റൊണാള്‍ഡോയും കുത്തകയാക്കി കയ്യടക്കി വെച്ച ബാലണ്‍ ഡി ഓറില്‍ 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ മുത്തമിട്ട ഏക താരമായും മോഡ്രിച്ച് മാറി.
ഇപ്പോള്‍ 2024ല്‍, മോഡ്രിച്ചിനെ ടീമിലെത്തിച്ച് 12 വര്‍ഷങ്ങള്‍ക്കിപ്പുറം മൗറീന്യോ ഒരിക്കല്‍ക്കൂടി ലോസ് ബ്ലാങ്കോസ് മിഡ്ഫീല്‍ഡറെ കുറിച്ച് സംസാരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ മൗറീന്യോയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
‘ലൂക്ക ഫുട്‌ബോളിന്റെ സൗന്ദര്യമാണ്. അവന്‍ എന്റെ അഭിമാനമാണ്, കാരണം അവന്‍ റയല്‍ മാഡ്രിഡിന് പറ്റിയവനല്ല എന്ന് എല്ലാവരും ഉറച്ചുവിശ്വസിച്ചപ്പോള്‍ ഞാനാണ് അവനെ റയലിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി അവനെ നോക്കൂ, 12 വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ ഇപ്പോഴും മാഡ്രിഡില്‍ തന്നെ കളിക്കുന്നു,’ മൗറീന്യോ പറഞ്ഞു.
Content highlight: Jose Mourinho about Luka Modric