സൂപ്പര്‍ കോച്ച് ഹോസെ മൊറീഞ്ഞോ ചെല്‍സിയുടെ പരിശീലക സ്ഥാനത്തേക്ക് സൈന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ചെല്‍സിയുമായി സൈനിങ് നടത്തണമെങ്കില്‍ രണ്ട് താരങ്ങളെ ക്ലബ്ബിലെത്തിക്കണമെന്ന് മൊറീഞ്ഞോ ആവശ്യപ്പെട്ടതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. റയല്‍ മാഡ്രിഡ് താരം ഡാനി സെബല്ലോസിനെയും ഉസ്മാന്‍ ഡെംബലയെയുമാണ് ചെല്‍സിയിലെത്തിക്കാന്‍ മൊറീഞ്ഞോ ആവശ്യപ്പെട്ടത്.
നിലവില്‍ ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ എ.എസ് റോമയുടെ പരിശീലകനാണ് മൊറീഞ്ഞോ. അദ്ദേഹത്തെ നോട്ടമിട്ട് മറ്റ് ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം കോച്ച് ഗ്രഹാം പോട്ടറിന് കീഴില്‍ ഈ സീസണിലെ ചെല്‍സിയുടെ പ്രകടനം മോശമായതിനാലാണ് മൊറീഞ്ഞോയെ എത്രയും പെട്ടെന്ന് തട്ടകത്തിലെത്തിക്കാന്‍ ക്ലബ്ബ് തയാറെടുക്കുന്നത്.
നേരത്തെ ചെല്‍സിയുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന മൊറീഞ്ഞോ 2005, 2006 വര്‍ഷങ്ങളില്‍ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടവും എഫ്.എ കപ്പും നേടിക്കൊടുത്തിരുന്നു. ഇടക്കാലത്ത് ചെല്‍സിയില്‍ തിരിച്ചെത്തിയ മൊറീഞ്ഞോ 2015ലും ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി.
ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് ഒരൊറ്റ സീസണില്‍ സീരി എ ലീഗ്, ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിക്കൊടുത്ത് മൊറിഞ്ഞോ തിളങ്ങിയിരുന്നു. 2010ല്‍ ഫിഫയുടെ വേള്‍ഡ് കോച്ച് ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹൊസെ മൊറീഞ്ഞോക്കായിരുന്നു.
2000ല്‍ ബെന്‍ഫിക്കയുടെ പരിശീലകനായി അരങ്ങേറിയ മൊറീഞ്ഞോ ചെല്‍സിക്ക് പുറമെ എഫ്.സി പോര്‍ട്ടോ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, റോമ ടീമുകളുടെയും പരിശീലകനായിരുന്നു.
Content Highlights: Jose Morinho demands to sign with two players before he reaches Chelsea