കടുവയുടെ ഒ.ടി.ടി റിലീസ് തടയണം; വീണ്ടും പരാതിയുമായി കുറുവച്ചന്‍
Film News
കടുവയുടെ ഒ.ടി.ടി റിലീസ് തടയണം; വീണ്ടും പരാതിയുമായി കുറുവച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th July 2022, 11:20 am

പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് വീണ്ടും ഹരജിയുമായി പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തടയണമെന്ന ആവശ്യവുമായാണ് കുറുവച്ചന്‍ എന്ന വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ജൂലൈ ഏഴിന് കടുവ റിലീസ് ചെയ്തത്. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്നതില്‍ നിന്നും കുര്യച്ചന്‍ എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്. എന്നാല്‍ കുര്യച്ചന്‍ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന്‍ എന്നുതന്നെയാണ് പേര് എന്നുമാണ് ജോസ് കുരുവിനാക്കുന്നിലിന്റെ പുതിയ പരാതി.

ജോസ് കുരുവിനാക്കുന്നേലിന്റെ പരാതിയില്‍ കടുവയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിറക്കി. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാല്‍ അത് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുമെന്നും ആരോപിച്ചാണ് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ പരാതി നല്‍കിയത്.

ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ വിവരങ്ങള്‍ തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് കുറുവച്ചന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കുറുവച്ചന്‍ തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകള്‍ ശേഖരിക്കാനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. എന്നാല്‍ ഈ ചിത്രത്തിന് കുറുവച്ചന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും തിരക്കഥാകൃത്ത് ജിനു എബ്രഹാം എഴുതിയ വെറുമൊരു സങ്കല്‍പ കഥയാണ് കടുവയെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മറുപടി.

Content Highlight: Jose Kuruvinakunnel has once again filed a petition to stop the ott release of Prithviraj’s film kaduva