പാല ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്; പിന്തുണയുമായി ജോസ് കെ. മാണി
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. ബിഷപ് മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് ചെയ്തതെന്നും സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.
വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ദീപിക ലേഖനത്തില്‍ ജോസ് കെ. മാണി നിലപാട് വ്യക്തമാക്കണമെന്ന് പത്രം ആവശ്യപ്പെട്ടിരുന്നു.
പാല ബിഷപ്പിനെ പിന്തുണച്ചുള്ള ദീപിക ദിനപത്രത്തിലെ ലേഖനത്തില്‍ മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൂടി അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ. മാണി തുറന്നുപറയേണ്ടതുണ്ടെന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നും ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എമ്മും രംഗത്ത് എത്തിയിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുമെന്നും, വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാടുകളോ പരാമര്‍ശങ്ങളോ ആരില്‍ നിന്നും ഉണ്ടാവരുതെന്നുമാണ് സി.പി.ഐ.എമ്മിന്റ നിലപാട് എന്ന് എ. വിജയരാഘവന്‍ പറഞ്ഞു.
കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.