കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ജോസ് കെ. മാണി ചെയര്‍മാനാകണമെന്ന് ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍; സി.എഫ് തോമസ് ചെയര്‍മാനായാല്‍ അംഗീകരിക്കാമെന്ന് പി.ജെ ജോസഫ്
കോട്ടയം: കെ.എം മാണിയുടെ മരണത്തെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുവിഭാഗം രംഗത്തുവന്നതാണു കാരണം. ജോസ് കെ. മാണിയെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെയും കണ്ട് മാണിവിഭാഗത്തെ ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഇതിനെതിരേ പി.ജെ ജോസഫ് രംഗത്തെത്തി.
ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണിവിഭാഗത്തിനു വേണമെന്നും ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 14 ജില്ലകളില്‍ പത്തിലും മാണിവിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റ് പദവിയിലുള്ളത്. ഇതില്‍ ഒമ്പതുപേരാണ് ആവശ്യമുന്നയിച്ചത്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും അവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. ചെയര്‍മാനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി അറിയിക്കുകയും ചെയ്തു.
എന്നാല്‍ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ഉന്നയിക്കുമെന്നു കരുതുന്നില്ലെന്നും അവര്‍ക്കു മാത്രം ഇക്കാര്യം തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സി.എഫ് തോമസ് ചെയര്‍മാനാകുന്നത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ ജോസഫ് ചെയര്‍മാനാകണമെന്ന നിലപാട് ഒരുവിഭാഗത്തിനുണ്ട്. എന്നാല്‍ മാണിവിഭാഗത്തിനും ജോസ് കെ. മാണിക്കും ഇതിനോടു ശക്തമായ വിയോജിപ്പുണ്ട്. പാര്‍ട്ടിനേതൃത്വത്തില്‍ നിന്നും ജോസഫിനെ പൂര്‍ണമായും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണു മാണിവിഭാഗം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ അധികാരതര്‍ക്കം വഷളാക്കരുതെന്ന് പ്രസിഡന്റുമാരോട് സി.എഫ് തോമസ് അഭ്യര്‍ഥിച്ചെന്നാണു സൂചന.