കോട്ടയം: വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. സംവരണ വിഷയത്തില്‍ മലക്കം മറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സമെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്.
ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വിവിധ അക്കൗണ്ടുകളില്‍ നിന്ന് നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണം വന്നെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പറഞ്ഞു.
ബിനീഷിനെ എന്‍ഫോഴ്സ്മെന്റിന്റെ ബെംഗളൂരുവിലെ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ ഉണ്ടായ വിഷയങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും നടത്തിയത്. ഇതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Jose K Mani says opposition is trying to defame the government