| Monday, 19th October 2020, 2:36 pm

'മാണിയെ വേട്ടയാടിയവര്‍ ഇപ്പോള്‍ എന്നെയും വേട്ടയാടുന്നു'; ബിജു രമേശ് നടത്തുന്നത് നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമെന്ന് ജോസ് കെ. മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാര്‍ക്കോഴ കേസ് ഒതുക്കിതീര്‍ക്കുന്നതിന് പത്ത് കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരിച്ച് ജോസ് കെ. മാണി. കെ. എം മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ബിജു രമേശ് നടത്തുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു.

അന്ന് പിതാവിനെ വേട്ടയാടിയവര്‍ ഇപ്പോള്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. ഇതുവരെ ഉന്നയിക്കാത്ത ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയതിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ബാര്‍ കോഴകേസില്‍ കെ. എം മാണിക്കെതിരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ ബിജു രമേശുമുണ്ടെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണം. പണം ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും ബിജു പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചും ഗൂഢാലോചന നടത്തട്ടെ. റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ. മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

പഴയ സര്‍ക്കാര്‍ ഒരു കറവ പശുവിനെപോലെയായിരുന്നു ബിസിനസുകാരെ കണ്ടിരുന്നതെന്നും കിട്ടുന്നതെല്ലാം അവര്‍ പിടിച്ച് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ജോസ് മുന്നണിയിലേക്ക് വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അത് പോലെയാകാന്‍ സാധ്യതയുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം പലര്‍ക്കും പണം വീതം വെച്ച് നല്‍കിയെന്നും 50 ലക്ഷം രൂപ കെ. ബാബുവിന്റെ ഓഫീസില്‍ കൊണ്ടു നല്‍കിയെന്നും ബിജു പറഞ്ഞു. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസില്‍ നല്‍കിയെന്നും 25 ലക്ഷം രൂപ വി. എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jose K. Mani says controversy against him is part of ongoing continuous allegations

We use cookies to give you the best possible experience. Learn more