പാല: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷം പ്രതികരണവുമായി ജോസ് കെ. മാണി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിന് പിന്നില്‍ യു.ഡി.എഫ് – ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
‘ കേരള ചരിത്രം തിരുത്തിയെഴുതുവാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടതു സര്‍ക്കാരിന്റെ തുടര്‍ഭരണം ലഭിക്കുന്നതില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും പങ്കുചേരാന്‍ കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്.
പാലയില്‍ പരാജയപ്പെട്ടു, അംഗീകരിക്കുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അംഗീകരിയ്ക്കുന്നു. പക്ഷെ ഈ വിജയത്തിന് പിന്നില്‍ ബി.ജെ.പിയുമായി വ്യക്തമായ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. കാരണം കണക്കുകള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും.
കഴിഞ്ഞ ലോക്‌സഭയില്‍ 26,800 വോട്ടോളം ബി.ജെ.പിയ്ക്ക് ലഭിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെ 24,800 വോട്ടോളം ലഭിച്ചു. ഇപ്പോള്‍ വരുന്ന അവസാന കണക്കുകള്‍ പ്രകാരം 10466 വോട്ടാണ് ബി.ജെ.പിയ്ക്ക് ലഭിച്ചത്. അപ്പോള്‍ വോട്ട് കച്ചവടം നടന്നുവെന്ന് വ്യക്തമാണ്.
പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പാലയില്‍ മാത്രമല്ല, മറ്റു പലയിടങ്ങളിലും വോട്ട് കച്ചവടം നടന്നിട്ടുണ്ട്, പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് മത്സരിച്ച സ്ഥലങ്ങളില്‍.
എന്നാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത രാഷ്ട്രീയ തീരുമാനം ശരിവെയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. തുടര്‍ഭരണം വരാനും അതില്‍ കേരള കോണ്‍ഗ്രസിന് പങ്കുവഹിയ്ക്കാനും സാധിച്ചു,’ ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
13000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ ജയിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാണി സി. കാപ്പനായിരുന്നു ഇവിടെ മുന്‍തൂക്കം.
ജോസ് കെ. മാണി എല്‍.ഡി.എഫിലെത്തിയതിന് പിന്നാലെ പാല സീറ്റിനുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സിറ്റിംഗ് എം.എല്‍.എയായ മാണി സി കാപ്പന്‍ യു.ഡി.എഫില്‍ ചേരുകയായിരുന്നു.
ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും അഭിമാനപോരാട്ടമായിരുന്ന പാല മണ്ഡലത്തില്‍ ഒടുവില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ജോസ്. കെ.മാണി.
നിലവില്‍ എല്‍.ഡി.എഫ് 95 സീറ്റുകളിലും യു.ഡി.എഫ് 45 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിലും നിലവില്‍ ലീഡില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക