കോട്ടയം: സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി. ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് നല്‍കിയതില്‍ പ്രതികരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ തീരുമാനം. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെയും മാണി സാര്‍ പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസ് എം എന്ന പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച എല്ലാ ശക്തികള്‍ക്കുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി,’ ജോസ് കെ. മാണി പറഞ്ഞു.
എല്ലാവരും തങ്ങളെ ജോസ് പക്ഷമെന്ന് വിളിച്ചു. ഈ സമയം തൊട്ട് ജോസ് പക്ഷമവസാനിച്ചുവെന്നും ഇനി കേരള കോണ്‍ഗ്രസ് എം ആണെന്നും ജോസ് കെ. മാണി പറഞ്ഞു.
‘യഥാര്‍ത്ഥത്തില്‍ കേരള കോണ്‍ഗ്രസ് എം ഏതാണെന്ന് തെളിയിക്കുന്ന വിധിയാണിത്. കേരള കോണ്‍ഗ്രസ് എം എന്ന പേര് ഞങ്ങള്‍ ഉപയോഗിക്കുമ്പോഴും ഞങ്ങളെ വിശേഷിപ്പിച്ചിരുന്നത് ജോസ് പക്ഷമെന്നാണ്. ഈ നിമിഷം തൊട്ട് ജോസ് പക്ഷം അവസാനിച്ചിരിക്കുകയാണ്. ഇനി ഒന്ന് മാത്രമേയുള്ളു. അത് കേരള കോണ്‍ഗ്രസ് എം ആണ്. അത് ഞങ്ങളോടൊപ്പമാണ്,’ ജോസ് കെ മാണി പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി എല്ലാവരും അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിനെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി നടന്നിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
കെ. എം മാണിയുടെ വേര്‍പാടിന് ശേഷം ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ രാഷ്ട്രീയ ഗുഢാലോചനയാണ് കേരളം കണ്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തിന് ശേഷം തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും അത് മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍ ഇതിനിടെ നിലപാടില്‍ അയവ് വരുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അച്ചടക്ക നടപടിയെടുക്കാന്‍ ചേരാനിരുന്ന യോഗം യു.ഡി.എഫ് മാറ്റിയെന്നും ചെന്നിത്തല അറിയിച്ചു.
നേരത്തെ എം.പി വിരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായിരുന്നു. അതേസമയം കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഒപ്പം കൂട്ടാന്‍ തയ്യാറാണെന്ന് സൂചന നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു.
യു.ഡി.എഫ് വിട്ട് പുറത്ത് വരുന്ന കക്ഷിയുടെ സമീപനവും രാഷ്ട്രീയ നിലപാടും നോക്കി നിലപാട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
മുമ്പ് കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പുറത്താക്കിയെങ്കിലും ജോസ് പക്ഷം സാങ്കേതികമായി കേരള കോണ്‍ഗ്രസ്സില്‍ തന്നെ തുടരുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Jose K Mani responds over the judgement of central election commission