| Sunday, 31st May 2020, 11:55 am

'ധാരണയൊക്കെ കെ.എം മാണിയുടെ കാലത്തുള്ളതാണ്, ജോസഫ് വിഭാഗത്തിന്റേത് അന്യായമായ ആവശ്യം'; കടുപ്പിച്ച് ജോസ് കെ മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ പോര് രൂക്ഷമാവുന്നു. മുന്‍ ധാരണകള്‍ പരിഗണിച്ച് ജോസഫ് വിഭാഗത്തിന് ഭരണം കൈമാറണമെന്ന നിലപാട് ജോസ് കെ മാണി തള്ളി. കെ.എം മാണിയുടെ കാലത്തെ കരാറനുസരിച്ച് മുന്നോട്ടുപോകും. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കളത്തിങ്കല്‍ രാജിവെക്കേണ്ടതില്ലെന്നുമാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്.

ധാരണ തെറ്റിച്ചാല്‍ യു.ഡി.എഫ് മുന്നണി വിടുമെന്ന ഭീഷണി ജോസഫ് വിഭാഗം ഉയര്‍ത്തുന്നതിനിടെയാണ് വിട്ടുവീഴ്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരിക്കുന്നത്. 2015ല്‍ കെ.എം മാണിയുമായി ഉണ്ടാക്കിയ ധാരണ മാത്രമാണ് നിലവിലുള്ളതെന്നാണ് ജോസ് കെ മാണിയുടെ വാദം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും തുല്യമായി വീതിക്കുകയായിരുന്നെന്നും ജോസഫ് വിഭാഗത്തിന്റെ വാദം അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന ആവശ്യവും ജോസ് കെ മാണി തള്ളി.

ജോസഫ് വിഭാഗവുമായി മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ കരാര്‍ പാലിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പി.ജെ ജോസഫിന് ഉറപ്പുനല്‍കിയിരുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇത് പ്രകാരം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടത്. എന്നാല്‍ ഈ ധാരണ പാലിക്കാന്‍ യു.ഡി.എഫ് തയ്യാറാകാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിക്കുന്നത്.

യു.ഡി.എഫുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോസഫ് വിഭാഗം മുന്നണി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്നണി വിട്ട് ജോസഫ് വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, സ്വതന്ത്രമായിത്തന്നെ തുടര്‍ന്നേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more