| Sunday, 23rd August 2020, 2:28 pm

പി.ജെ. ജോസഫ് അടക്കമുള്ള എം.എല്‍.എമാരുടെ മുറികള്‍ക്ക് മുന്നില്‍ വിപ്പ് പതിപ്പിച്ച് ജോസ് പക്ഷം; കേരള കോണ്‍ഗ്രസ് പോര് പുതിയതലത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ജോസഫ്-ജോസ് തര്‍ക്കം പുതിയ തലത്തിലേക്ക്. നാളെ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ പി.ജെ. ജോസഫ് അടക്കമുള്ള എം.എല്‍.എമാരുടെ ഹോസ്റ്റല്‍ മുറിയ്ക്ക് മുന്നില്‍ ജോസ് പക്ഷം വിപ്പ് പതിപ്പിച്ചു.

നേരത്തെ ഇടത് സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ആവശ്യപ്പെട്ടിരുന്നു. വിപ്പ് ജോസ് വിഭാഗം ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ജോസ് പക്ഷത്തിന്റെ നടപടി. നാളെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. എന്നാല്‍, ജോസഫ് വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്.

രാജ്യസഭ തെരഞ്ഞെടുപ്പിലും ഇടത് സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി വ്യക്തമാക്കിയത്. യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ല.

പി.ജെ. ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനാല്‍ മുന്നണിക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ പ്രമേയത്തില്‍ ജോസ് വിഭാഗം പങ്കെടുക്കാന്‍ ബാധ്യസ്ഥരാണെന്നാണ് ജോസഫ് പറയുന്നത്. ചീഫ് വിപ്പ് ആയി മോന്‍സ് ജോസഫ് എം.എല്‍.എയെ തെരഞ്ഞെടുത്തത് സ്പീക്കറെ അറിയിച്ചതാണ്. വിപ്പ് ലംഘനം ഉണ്ടായാല്‍ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PJ Joseph Jose K Mani Kerala Congress

We use cookies to give you the best possible experience. Learn more