കോട്ടയം: മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണി അഴിമതിക്കാരനായിരുന്നുവെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തില്‍ പ്രതികരണവുമായി ജോസ് കെ. മാണി എം.പി. സര്‍ക്കാര്‍ മാണിക്കെതിരെ നിലപാടെടുത്തിട്ടില്ലെന്നും വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ജോസ് കെ. മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണി കുറ്റക്കാരനെന്ന പരാമര്‍ശം സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞിട്ടില്ലെന്നും മാണിയുടെ പേരേ ഉദ്ധരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും വിവാദമാക്കാന്‍ ശ്രമിച്ചതാണ്.
രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വില പോകില്ലെന്നും കെ.എം. മാണി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞതാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പിലേക്ക് പോകുമെന്നും ജോസ് കെ. മാണി പറഞ്ഞു. വാര്‍ഡ് മുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വലിയ വിജയം സമ്മാനിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന്റെ പങ്ക് വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.