| Saturday, 9th January 2021, 11:19 am

ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മത്സരിക്കാനാണ് ജോസ് കെ. മാണി എം.പി സ്ഥാനം രാജിവച്ചിരിക്കുന്നത്. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.

യു.ഡി.എഫ് വിട്ടപ്പോള്‍ തന്നെ രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

പി.ജെ കുര്യന്റെ ഒഴിവിലായിരുന്നു ജോസ് കെ. മാണി എം.പിയാകുന്നത്. ലോക്സഭ തെരഞ്ഞടുപ്പിന് മുമ്പായി കെ.എം മാണി യു.ഡി.എഫില്‍ തിരിച്ചെത്തിയപ്പോഴാണ് ജോസ് കെ. മാണിയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയത്.

കേരളാ കോണ്‍ഗ്രസ് എം പിളര്‍ത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ നിലവില്‍ പാലാ എംഎല്‍എയായ മാണി സി. കാപ്പനും പാര്‍ട്ടിയായ എന്‍.സി.പിയും എല്‍.ഡി.എഫ് വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ എന്‍.സി.പിയുടെ തീരുമാനം അതാണെങ്കില്‍ നടക്കട്ടെയെന്ന് സി.പി.ഐ.എം നിലപാട് എടുത്തതോടെയാണ് ജോസ് കെ. മാണി എം.പി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങാനൊരുങ്ങുന്നത്.

ഇതിനിടെ ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എമ്മിലെ ചില നേതാക്കളും അണികളും രംഗത്തെത്തിയിരുന്നു. പാലായേക്കാള്‍ പ്രധാനം കടുത്തുരുത്തിയാണെന്നാണ് പ്രധാന നേതാക്കളുടെ അഭിപ്രായം.

കടുത്തുരുത്തിയില്‍ ജോസ് കെ. മാണി എത്തിയാല്‍ വന്‍ ഭൂരിപക്ഷം നേടാനാകുമെന്ന് മുന്‍ എം.എല്‍.എ പി.എം. മാത്യു പറഞ്ഞു. കെ.എം. മാണിയുടെ ഔദാര്യം കൊണ്ടുമാത്രമാണ് മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ ജയിച്ചതെന്നും ക്രൈസ്തവ സഭകളുടെ പിന്തുണ ജോസിനാണെന്നും പി.എം. മാത്യു പറഞ്ഞിരുന്നു.

അതേസമയം, പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കാമെന്ന നിലപാടിലാണ് സി.പി.ഐ.എം. എന്‍.സി.പിയിലെ തര്‍ക്കങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.എം. സീറ്റ് ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കുമെന്നും സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more