| Monday, 17th June 2019, 11:33 am

'ഞാനാണ് ചെയര്‍മാന്‍'; ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ജോസ് കെ മാണിക്ക് സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്തയച്ചത്.

അതേസമയം, നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന ധാരണയിലാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി ലീഡറുടെ കസേരയില്‍ നിന്ന് പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത സാഹചര്യം ചര്‍ച്ച ചെയ്യാനായി ജോസഫ് വിഭാഗം ഇന്ന് യോഗം ചേരുന്നുണ്ട്. പാര്‍ട്ടി പിടിക്കാന്‍ നിയമനടപടികളിലേക്ക് നീങ്ങണോയെന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്.

കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്ത് ആരുവരണമെന്ന് സി.എഫ് തോമസ് തീരുമാനിക്കും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ സ്പീക്കറോട് സാവകാശം തേടിയിരുന്നു.

എന്നാല്‍ പി.ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞിരുന്നു. മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ യോഗം വിളിക്കും. പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്‍മാന്‍ ജോസ്.കെ മാണിയും എന്നതാണ് നിലപാടെന്നും റോഷി വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more