| Friday, 16th October 2020, 11:46 am

ജോസ് കെ. മാണിക്ക് എല്‍.ഡി.എഫില്‍ ഭാവിയില്ല, കോണ്‍ഗ്രസ് ടിക്കറ്റില്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണ്: മാണിയുടെ മരുമകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി ജോസഫ്.

സി.പി.ഐ.എം സഹകരണം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.

ജോസ് കെ. മാണിക്ക് എല്‍.ഡി.എഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ജോസഫ്.

കോണ്‍ഗ്രസ് മനോഭാവമുള്ള ഒരു വ്യക്തിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും ഇടത് പ്രവര്‍ത്തകന് വോട്ട് ചെയ്യാന്‍. മാണി സാറിന് പോലും അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. ആ ഭീഷ്മാചാര്യന് പോലും അവിടെ മൂന്ന് വര്‍ഷത്തില്‍ താഴെയെ നില്‍ക്കാന്‍ പറ്റിയുള്ളൂ. അദ്ദേഹം തിരിച്ചുവന്നു. കഴിഞ്ഞ തവണ പോലും കുറച്ചുനാള്‍ യു.ഡി.എഫില്‍ നിന്നും മാറി നിന്നെങ്കിലും അദ്ദേഹം തിരിച്ചുവരികയായിരുന്നെന്നും ജോസഫ് പറഞ്ഞു.

അതേസമയം ഇടതുമുന്നണി വിപുലീകരണവും ജോസ് കെ. മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും.

പാലാ സീറ്റില്‍ എന്‍.സി.പിയും ജോസ് വിഭാഗവും ഉറച്ച് നില്‍ക്കുകയാണ്. പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എന്‍.സി.പി സംസ്ഥാന നേതൃത്വം. മാണി സി. കാപ്പന്‍ വിജയിച്ച സീറ്റായതിനാല്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.

ജോസിന്റെ മുന്നണി പ്രവേശനത്തില്‍ സി.പി.ഐ നിലപാടറിയാന്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചര്‍ച്ച നടത്തും.

ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍.സി.പി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി. കാപ്പന്റെ നീക്കം.

മാണി സി. കാപ്പന്‍ വിജയിച്ച സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചിട്ടുണ്ട്. പാലാ, കുട്ടനാട്, ഏലത്തൂര്‍ മണ്ഡലങ്ങളില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലാ വിട്ടുകൊടുക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല. മാണി സി. കാപ്പന്‍ എന്‍.സി.പി വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jose K. Mani has no future in LDF, ready to contest in Pala on Congress ticket: Mani’s son-in-law

We use cookies to give you the best possible experience. Learn more