കൊച്ചി: രണ്ടില ചിഹ്നത്തില്‍ പി. ജെ ജോസഫിന് വീണ്ടും തിരിച്ചടി. ചിഹ്നം കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തന്നെയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത്‌കൊണ്ടാണ് ജോസഫ് ഡിവിഷന്‍ ബെഞ്ചിന് ഹരജി നല്‍കിയത്. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എല്‍.ഡി.എഫിലേക്ക് വന്ന ജോസ് കെ. മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ജോസഫ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
എന്നാല്‍ ചിഹ്നം ഉപയോഗിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന പി. ജെ ജോസഫിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് നേരത്തെ തന്നെ അംഗീകരിച്ചിരുന്നില്ല.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി രംഗത്തെത്തി. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നുണ പ്രചാരണത്തിന്റെ ഭാഗമായാണ് ചിഹ്നത്തില്‍ ജോസഫ് കോടതിയില്‍ പോയതെന്നാണ് ജോസ് പറഞ്ഞത്.
കേരള കോണ്‍ഗ്രസ് എടുത്ത രാഷ്ട്രീയ നിലപാട് ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ഹൈക്കോടതി വിധി കേരള കോണ്‍ഗ്രസിന് കരുത്താകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
നേരത്തെ പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത തീരുമാനത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. ചെയര്‍മാനായി ജോസ് കെ മാണിയെയും മറ്റു ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Jose K Mani got Kerala congress official party symbol