തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിക്ക് എ.കെ.ജി സെന്ററില്‍ സ്വീകരണം. എ.കെ.ജി സെന്ററില്‍ എത്തിയ ജോസ് കെ. മാണി ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തുടങ്ങിയ നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച.
രാവിലെ എം.എന്‍ സ്മാരകത്തില്‍ ജോസ് എത്തിയിരുന്നു. എ.കെ.ജി സെന്ററിന്റെ വാഹനത്തിലായിരുന്നു അദ്ദേഹം എം.എന്‍ സ്മാരകത്തിലെത്തിയത്. അതിന് ശേഷം വാഹനം നേരെ എ.കെ.ജി സെന്ററിലേക്ക് പോകുകയായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം എ.കെ.ജി സെന്ററിന് പുറത്തുവരെ വന്നാണ് കോടിയേരിയും വിജയരാഘവനും ജോസ് കെ. മാണിയെ യാത്രയാക്കിയത്.
കോടിയേരി ബാലകൃഷ്ണനേയും കണ്‍വീനറേയും മറ്റ് നേതാക്കളേയും കണ്ടെന്നും പഞ്ചായത്തു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഭാവി പ്രവര്‍ത്തനങ്ങളുമെല്ലാം ചര്‍ച്ച ചെയ്‌തെന്നും ജോസ് കെ. മാണി പറഞ്ഞു.
‘വേറെ വലിയ കാര്യങ്ങള്‍ ഒന്നും ഇല്ല. വന്നു, കണ്ടു. നിലപാട് അറിയിച്ചു. ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തു. പ്രധാനപ്പെട്ട എല്ലാ നേതാക്കന്‍മാരും ഞങ്ങളെ സ്വാഗതം ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുണ്ടാകുമെന്നാണ് പ്രതീക്ഷ,’ ജോസ് കെ. മാണി പറഞ്ഞു.
അതേസമയം ഇടതുമുന്നണി വിപുലീകരണവും ജോസ് കെ. മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും.
പാലാ സീറ്റില്‍ എന്‍.സി.പിയും ജോസ് വിഭാഗവും ഉറച്ച് നില്‍ക്കുകയാണ്. പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എന്‍.സി.പി സംസ്ഥാന നേതൃത്വം. മാണി സി. കാപ്പന്‍ വിജയിച്ച സീറ്റായതിനാല്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.
ജോസിന്റെ മുന്നണി പ്രവേശനത്തില്‍ സി.പി.ഐ നിലപാടറിയാന്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചര്‍ച്ച നടത്തും.
ഇന്ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍.സി.പി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി. കാപ്പന്റെ നീക്കം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Higjlight: Jose K Mani at AKG Center; Kodiyeri and Vijayaraghavan Invited