| Friday, 12th March 2021, 11:07 am

കുറ്റ്യാടി കേരള കോണ്‍ഗ്രസിന് കിട്ടുമെന്നാണ് പ്രതീക്ഷ; പ്രശ്‌നം പരിഹരിക്കുമെന്നും ജോസ് കെ. മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ. മാണി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘നേതൃത്വം തന്നെയാണല്ലോ കുറ്റ്യാടി നിര്‍ദേശിച്ചത്. അവര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തരില്ലല്ലോ. അവര്‍ തന്ന 13 സീറ്റിലുള്ളതാണ് കുറ്റ്യാടിയും. അവിടെയുള്ള പ്രദേശിക നേതൃത്വവുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. പരിഹാരമായാല്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും,’ ജോസ് കെ മാണി പറഞ്ഞു.

കുറ്റ്യാടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിച്ച ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും ജോസ് കെ. മാണി പറഞ്ഞു.

അതേസമയം കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. രണ്ടില ചിഹ്നവും മുഹമ്മദ് ഇക്ബാലിന്റെ ചിത്രവുമാണ് പോസ്റ്ററിലുള്ളത്.

കുറ്റ്യാടി ഒഴിച്ചു നിര്‍ത്തിയുള്ള സ്ഥാനാര്‍ത്ഥികളെയായിരുന്നു നേരത്തെ കേരള കോണ്‍ഗ്രസ് എം പുറത്തുവിട്ടത്. പാലായില്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥി.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജ് , കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണ്‍, ചങ്ങനാശ്ശേരിയില്‍ അഡ്വ. ജോബ് മൈക്കിള്‍, തൊടുപുഴയില്‍ കെ.ഐ ആന്റണി, പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,
പെരുമ്പാവൂരില്‍ ബാബു ജോസഫ്, ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം, ചാലക്കുടിയില്‍ ഡെന്നിസ് കെ ആന്റണി,
പിറവത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് എന്നിങ്ങനെയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jose K Mani about Kuttyadi candidateship

We use cookies to give you the best possible experience. Learn more