കോട്ടയം: പാലായിലെ തോല്‍വിക്കു കാരണം യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം പുലിക്കുന്നേലിന്റെ നാക്കാണെന്ന ആരോപണവുമായി ജോസഫ് പക്ഷം. ജോസ് കെ. മാണിയുടെ ധിക്കാരവും കാരണമായെന്ന് ജോസഫ് പക്ഷ നേതാവ് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.
ജോസഫിനെ അധിക്ഷേപിച്ചവരാണു തോല്‍വിക്കു കാരണക്കാരെന്നും സജി ആരോപിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റതിനു കാരണം പി.ജെ ജോസഫാണെന്ന ആരോപണവുമായി ജോസ് ടോം രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയുമായാണ് ജോസഫ് പക്ഷം എത്തിയത്.
‘പി.ജെ ജോസഫിന്റെ മുന്‍പില്‍പ്പോയി ചിഹ്നം വാങ്ങിക്കേണ്ട, അയാളുടെ വോട്ട് വേണ്ട എന്നുപറഞ്ഞുകൊണ്ട് പി.ജെ ജോസഫിനെ അപമാനിക്കുകയും ജോസ് ടോമിനെ വിലക്കുകയും ചെയ്തവരാണ് ഇവിടെ പരാജയത്തിന്റെ ഉത്തരവാദികള്‍.’- കോട്ടയം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സജി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജോസഫ് വില്ലനാണെന്ന പരാമര്‍ശമാണ് ജോസ് ടോം നേരത്തേ നടത്തിയത്. എന്നാല്‍ വോട്ട് മറിച്ചത് ജോസഫ് ആണെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും ജോസ് ടോം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
മാണി സാറിനെതിരെ പരസ്യമായി രംഗത്ത് വന്നയാളെ തന്നെ ജോസ് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ജോസഫ് ഇതിനുമുന്‍പ് പറഞ്ഞിരുന്നു. പാലായിലേത് ജോസ് കെ.മാണി ചോദിച്ചു വാങ്ങിയ തോല്‍വിയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വിക്ക് കാരണമെന്നത് തെറ്റായ വാദമാണ്. ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്നെന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇത് ചോദിച്ചു വാങ്ങിയ പരാജയമാണ്. ചിഹ്നം കിട്ടിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നു എന്ന് പറയുമ്പോള്‍ ചിഹ്നം ചോദിക്കാതെ വിളിച്ചു വരുത്തിയ പരാജയമാണെന്ന് ഞാന്‍ പറയും. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ ചിഹ്നം കിട്ടുമായിരുന്നു. അതിനാല്‍ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജോസ് കെ.മാണിക്കാണ്.’ എന്നും പി.ജെ ജോസഫ് പറഞ്ഞിരുന്നു.