റൊണാൾഡോ അൽ നസറിന്റെ ബദ്ധശത്രുക്കളായ അൽ ഹിലാലിന് വേണ്ടി കളിച്ചേക്കും; റിപ്പോർട്ട്
football news
റൊണാൾഡോ അൽ നസറിന്റെ ബദ്ധശത്രുക്കളായ അൽ ഹിലാലിന് വേണ്ടി കളിച്ചേക്കും; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th February 2023, 3:51 pm

സൗദി പ്രോ ലീഗ് ക്ലബ്ബ്‌ അൽ നസറിൽ നിന്നും ഭാവിയിൽ റൊണാൾഡോ അൽ ഹിലാലിൽ ചേരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

സ്പാനിഷ് ക്ലബ്ബായ മാർക്കയുടെ എഡിറ്റർ ഇൻ ചീഫ് ജോസ് ഫെലിക്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏകദേശം 225 മില്യൺ യൂറോക്കാണ് അൽ നസർ റൊണാൾഡോയെ സൈൻ ചെയ്തത്.
2025 വരെ ക്ലബ്ബുമായി കരാറുള്ള താരത്തിന് പ്ലെയർ എന്ന നിലയിൽ വിരമിച്ചാൽ പരിശീലകനായി ക്ലബ്ബിൽ തുടരാം എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

അൽ നസറിനായി നാല് മത്സരങ്ങളിൽ നിന്നും ഇതുവരെ അഞ്ച് ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയത്.
ആദ്യ മൂന്ന് മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതിരുന്ന റൊണാൾഡോ അൽ വെഹ്ദക്കെതിരായ മത്സരത്തിൽ നാല് ഗോളുകൾ അടിച്ചുകൂട്ടുകയായിരുന്നു.

2022-23 ക്ലബ്ബ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ അൽ ഹിലാലിന് റൊണാൾഡോയെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെന്നും, ചിലപ്പോൾ റൊണാൾഡോ അൽ ഹിലാലിൽ കളിച്ചേക്കുമെന്നാണ് ജോസ് ഫെലിക്സ് പ്രസ്താവിച്ചത്. എസ്.ബി. സി മലേബിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫെലിക്സിന്റെ പ്രസ്താവന.

“റൊണാൾഡോ ഭാവിയിൽ അൽ-ഹിലാലിന്റെ ജേഴ്സിയണിയാനുള്ള സാധ്യതയെ ഞാൻ തള്ളിക്കളയുന്നില്ല. കാരണം അത്രയേറെ പാരമ്പര്യമുള്ള ക്ലബ്ബാണ് അൽ ഹിലാൽ,’ ജോസ് ഫെലിക്സ് പറഞ്ഞു.

അതേസമയം ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ ഹിലാലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ അഞ്ചാം ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കാൻ റയലിനായി.

സൗദി പ്രോ ലീഗിൽ നിലവിൽ 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അൽ നസർ. 15 കളികളിൽ നിന്നും 32 പോയിന്റ് നേടിയ അൽ ഹിലാൽ നാലാം സ്ഥാനത്താണ്.

 

Content Highlights:Jose Felix claims Cristiano Ronaldo might join Al-Nassr’s fierce rivals Al-Hilal in the future