മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ലിവര്‍പൂള്‍ ഇതിഹാസം ജോസ് എന്റിക്.
ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ജേഡന്‍ സാഞ്ചോയെയും കൊലപ്പെടുത്തിയെന്നാണ് ജോസ് എന്റിക് പറഞ്ഞത്. ഡെയ്ലി സ്റ്റാര്‍ സ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ലിവര്‍പൂള്‍ ഇതിഹാസം.
‘റൊണാള്‍ഡോയെ കുറിച്ചുള്ള ടെന്‍ ഹാഗിന്റെ പെരുമാറ്റങ്ങൾ അവനെ കൊല്ലുന്നതിന് സമമായിരിക്കും എന്ന് ഞാന്‍ കരുതുന്നു. റൊണാള്‍ഡോയെ ടീമില്‍ എങ്ങനെ നേരിടണമെന്ന് ടെന്‍ ഹാഗിന്റെ മുന്നിലുള്ള വലിയ പ്രശ്‌നമായിരുന്നു,’ ജോസ് എന്റിക് പറഞ്ഞു.
2021ലാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. എന്നാല്‍ 2022ല്‍ ടെന്‍ ഹാഗ് റെഡ് ഡെവിള്‍സിന്റെ പരിശീലകനായി എത്തിയതിന് പിന്നാലെ റോണോയും കോച്ചും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം സൗദിയിലേക്ക് ചേക്കേറിയത്.
ഇംഗ്ലണ്ട് താരം സാഞ്ചോക്കെതിരെ പരസ്യമായി ആക്ഷേപിച്ചത് തെറ്റാണെന്നും ജോസ് പറഞ്ഞു.
‘ടെന്‍ ഹാഗ് പത്രസമ്മേളനത്തില്‍ പറഞ്ഞത് തെറ്റായ കാര്യമാണ്. ടെന്‍ ഹാഗ് സാഞ്ചോയെ കുറിച്ച് പറഞ്ഞത് നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല ഇത്തരം കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുകയും ഇരുവരും പരസ്പരം സംസാരിക്കുകയും ചെയ്യണമായിരുന്നു,’ ജോസ് എന്റിക് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലീഷ് സൂപ്പര്‍ താരം സാഞ്ചോയുമായും ടെന്‍ ഹാഗ് ഏറ്റുമുട്ടിയിരുന്നു. ഇംഗ്ലണ്ട് യുവതാരത്തിന്റെ പരിശീലനത്തിലെ പ്രകടനങ്ങളെ പരസ്യമായി ടെന്‍ ഹാഗ് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ ആദ്യ ഇലവനില്‍ നിന്നും കോച്ച് പുറത്താക്കുകയും ചെയ്തു. സാഞ്ചോ ഈ വരുന്ന ജനുവരി ട്രാന്‍സ്ഫറില്‍ ഓള്‍ഡ് ട്രഫോഡ് വിടുമോ എന്ന് കണ്ടുതന്നെ അറിയണം.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും 9 വിജയവും ഒരു സമനിലയും എട്ട് തോല്‍വിയും അടക്കം 28 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ടെന്‍ ഹാഗും കൂട്ടരും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 27ന് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡിലാണ് മത്സരം നടക്കുക.
Content Highlight: Jose Enrique Criticize erik ten hag.